ഷിർദ്ദി ബാബയ്ക്ക് വ്യാഴാഴ്ച മധുരം നേദിച്ചാൽ അഭിവൃദ്ധി, ജീവിത വിജയം
മംഗള ഗൗരി
എന്റെ ഭക്തർ എവിടെയായിരുന്നാലും അവരെ ഞാൻ എന്നിലേക്ക് വലിച്ചടുപ്പിക്കും; കാലിൽ ചരടുകെട്ടിവിട്ട പക്ഷിയെപ്പോലെ ഞാൻ എന്റെ അടുക്കലേക്ക് വലിച്ചു കൊണ്ടുവരും.
- ഷിർദ്ദി സായിബാബ
ആശ്രയിക്കുന്ന ഭക്തരെ ഒരിക്കലും കൈവിടാത്ത ഗുരുവായത് കൊണ്ടാണ് ഓരോ ദിവസവും ഷിർദ്ദി സായി ബാബ ഭക്തരുടെ എണ്ണം വർദ്ധിക്കുന്നത്. രാജ്യത്തും വിദേശത്തും ഉയരുന്ന ഷിർദ്ദിബാബ മന്ദിറുകൾക്ക് കണക്കില്ല. പൂർണ്ണമായ സമർപ്പണ മനോഭാവവും വിശ്വാസവും ഉള്ളവരെ മാത്രമല്ല, തനിക്ക് പ്രിയം തോന്നുന്നവരെയും ഷിർദ്ദി സായിനാഥൻ ഒരോരോ നല്ല അനുഭവങ്ങൾ സമ്മാനിച്ച് തന്നിലേക്ക് വലിച്ചടുപ്പിക്കും. ബാബയെ വണങ്ങുന്നവർക്ക് ഉടൻ അനുഗ്രഹം ലഭിച്ചത് ലക്ഷക്കണക്കിനാളുകളുടെ പ്രത്യക്ഷ അനുഭവമാണ്.
വ്യാഴാഴ്ചയാണ് ഷിർദ്ദി സായിബാബ ആരാധനയ്ക്ക് ശ്രേഷ്ഠമായ ദിവസം. അന്ന് അടുത്തുള്ള ഷിർദ്ദിബാബ ക്ഷേത്രത്തിൽ ചെന്ന് ഭഗവാന് മുന്നിൽ മധുരം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ നമ്മൾ അനുഭവിക്കുന്ന ഏത് തരത്തിലുള്ള വിഷമവും പരിഹരിക്കപ്പെടും. ലഡു, ജിലേബി ഇവയെല്ലാം ഭക്തർ സ്വന്തം കഴിവിനനുസരിച്ച് ബാബയ്ക്ക് സമർപ്പിക്കാറുണ്ട്. അഭിവൃദ്ധിയുണ്ടാകാനും ജീവിത പരീക്ഷണങ്ങൾ തരണം ചെയ്യാനും ബാബയ്ക്ക് മധുര സമർപ്പണം ഉത്തമമാണ്. ഭക്തർ പൂർണ്ണമനസോടെ സ്‌നേഹത്തോടെ എന്ത് നേദിച്ചാലും ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്ന ഗുരുവാണ് ഷിർദ്ദിസായിബാബ. കൃത്യമായി പൂജ ചെയ്യാനും പ്രാർത്ഥിക്കാനും മധുരപലഹാരങ്ങൾ നേദിക്കാനും കഴിയാത്ത ജീവിതസാഹചര്യങ്ങളുള്ള ധാരാളം ഭക്തർ നമുക്ക് ചുറ്റുമുണ്ട്. അവർ മനം നിറഞ്ഞ് ഒന്ന് വിളിച്ചാൽ മതി ബാബ ആ വിളി കേൾക്കും. പണച്ചെലവുള്ള ഒന്നും നേദിക്കാൻ കഴിവില്ലാത്തവരാണെങ്കിൽ ഒരു ഗ്‌ളാസ് പച്ചവെള്ളം ചിത്രത്തിന് മുന്നിൽ വച്ചാൽ മതി, ബാബ അത് സ്വീകരിക്കും.
1918 ഒക്ടോബർ 15 ന് ബാബ സമാധിയാകുന്നതിന് രണ്ടു വർഷം മുൻപൊരു സംഭവമുണ്ടായി. വൃദ്ധയായ ഒരു അമ്മ ഏറെ ദൂരം നടന്ന് നടന്ന് ബാബയുടെ അനുഗ്രഹം തേടി ഒരു പ്രഭാതത്തിൽ ഷിർദ്ദിയിലെത്തി. ബാബയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങാൻ തിരക്കുകൂട്ടുന്ന ഭക്തരുടെയിടയിൽ ആ അമ്മയും വരി നിന്നു. ക്ഷീണിച്ച് അവശയായ അവർക്ക് വരിയിൽ നിൽക്കുവാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. പെട്ടെന്ന് കുഴഞ്ഞുവീണ അവരെ ഒരു ആശ്രമവാസി താങ്ങിയെടുത്ത് ബാബയുടെ അരികിലെത്തിച്ചു. ആ അമ്മയെ തഴുകിക്കൊണ്ട് ബാബ ചോദിച്ചു: ” എനിക്ക്എന്ത് കൊണ്ടു വന്നിട്ടുണ്ട് ? “
റൊട്ടിയും ഉള്ളിക്കറിയും കൊണ്ടുവന്നതാണ്. വിശപ്പ് സഹിക്കാതെ വന്നപ്പോൾ വഴിയിൽ വച്ച് പകുതി കഴിച്ചു ആ അമ്മ പറഞ്ഞു.
ബാക്കി പകുതി ഇങ്ങു തരൂ എന്ന് പറഞ്ഞ് അത് വാങ്ങി കഴിച്ചിട്ട് ബാബ പറഞ്ഞു: നല്ല രുചിയുണ്ട്. മനസ് നിറഞ്ഞ് നമ്മൾ എന്ത് സമർപ്പിച്ചാലും അതിന് രുചി കൂടുമെന്നാണ് ഈ ലീലയിലൂടെ ബാബ പറഞ്ഞത്. മനസ് നിറഞ്ഞ് പ്രാർത്ഥിക്കുന്നവരെ, എല്ലാ സങ്കടങ്ങളും തന്റെ മുന്നിൽ ഇറക്കി വയ്ക്കുന്നവരെ, ഷിർദ്ദിസായി ബാബ ഒരിക്കലും കൈ വിടില്ല. അഹന്ത, കോപം തുടങ്ങി ഭക്തരിലുള്ള ദുശീലങ്ങൾ ബാബ കാലക്രമേണ നശിപ്പിക്കും; അവരെ എപ്പോഴും ജാഗ്രതയോടെയിരിക്കാൻ പ്രാപ്തരാക്കും.
മംഗള ഗൗരി
Story Summary: Importance of offerings sweets on Thursday to Sri Shirdi Saibaba
Copyright 2021 Neramonline.com. All rights reserved