Sunday, 6 Oct 2024
AstroG.in

സകല ദുഃഖങ്ങളും രോഗ ദുരിതങ്ങളും
നീക്കാൻ ഈ ദിവ്യ ശ്ലോകങ്ങൾ ജപിക്കാം

അശോകൻ ഇറവങ്കര

വിശ്വോത്തരമായ നാരായണീയം ഭക്തിപൂർവ്വം പാരായണം ചെയ്താൽ ഭക്തവത്സലനായ ഗുരുവായൂരപ്പന്റെ ഉള്ളുലയുമെന്നതാണ് സത്യം. ആ കൃപാകടാക്ഷം ഭക്തരുടെ മേൽ ചൊരിയും. എല്ലാ ആപത്തുകളിൽ നിന്നും ഭയങ്ങളിൽ നിന്നും രക്ഷിച്ച് സർവ്വ ജീവിതവിജയവും സത്ഗതിയും നൽകി അനുഗ്രഹിക്കും. ഗുരുവായൂരപ്പനിൽ നാരായണീയവും നാരായണീയത്തിൽ ഗുരുവായൂരപ്പനും അത്ര ലയിച്ചു ചേർന്നിരിക്കുന്നു. അതിന് കാലംതന്നെയാണ് സാക്ഷി. അനന്തതയുമായുള്ള സ്വരലയം നാരായണീയത്തിന് ഉണ്ട്. ആനന്ദത്തിലും ലാവണ്യത്തിലും കാവ്യഗുണത്തിലും എന്തെല്ലാം വേണോ, അതെല്ലാം വേണ്ടതിൽ കൂടുതൽ ഈ കൃതിയിൽ നിറഞ്ഞു നിൽക്കുന്നു. ഭക്തിയും പാണ്ഡിത്യവും ഒത്തിണങ്ങിയ മറ്റൊരു കൃതി ഇതുപോലെ കേരളക്കരയിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമുണ്ട്.

വാതരോഗ വിപത്തിനാൽ ക്ലേശിച്ച മേല്പത്തൂർ നാരായണീയം എഴുതി നടയിൽ വച്ചതോടെ രോഗമുക്തി നേടിയ സംഭവം വിശ്വപ്രസിദ്ധമാണ്. കൊല്ലവർഷം762 വൃശ്ചികമാസം 28 ഞായറാഴ്ചയായിരുന്നു അത്. ഈ ദിവസമാണ് ശ്രീ നാരായണീയദിനമായി ആചരിക്കുന്നത്. നൂറു ദശകങ്ങളിലായി 1034 ശ്ലോക സൗഗന്ധിക പുഷ്പങ്ങൾ കോർത്ത നാരായണീയം ഗുരുവായൂരപ്പന്റെ നടയിൽ വയ്ക്കുമ്പോൾ മേല്പത്തൂരിനു പ്രായം 27 വയസ്‌ മാത്രം. ആനന്ദമുള്ളിടത്ത് വേണം രോഗശാന്തിക്ക് പ്രാർത്ഥിക്കാൻ എന്ന തത്വം ഉൾക്കൊണ്ട് ‘സാന്ദ്രാനന്ദാവ ബോധാത്മകം’ എന്ന തുടങ്ങി ആയുരാരോഗ്യസൗഖ്യം കുറിച്ച് അവസാനിപ്പിക്കുമ്പോൾ ഫലം സമ്പൂർണ്ണ രോഗമുക്തി. സർവ്വവേദേദിഹാസങ്ങളുടെയും സാരസംഗ്രഹമായ ശ്രീമദ് ഭാഗവതത്തെ ആറ്റിക്കുറുക്കി സ്വന്തം ആത്മാവിന്റെ സൗരഭ്യവും ചേർത്തു തയ്യാറാക്കിയ കുറിക്കൂട്ടായാണ് മേല്പത്തൂർ ശ്രീമദ് നാരായണന്റെ മുന്നിൽ നാരായണീയത്തെ വച്ചത്. ആ കുറിക്കൂട്ടിനെ തൊട്ട് ഗോപിക്കുറി വരയ്ക്കുക മാത്രമല്ല സർവ്വാംഗം പൂതുകയാണ് ആദ്യം ഗുരുവായൂരപ്പനും പിന്നീട് ഭഗവാന്റെ പ്രസാദമായി അതേറ്റു വാങ്ങിയ ഭക്തരും ചെയ്തത്.

നിത്യപാരായണത്തിന് ഉതകുന്ന ഗ്രന്ഥവുമാണ് നാരായണീയം. ശ്രീമദ് ഭാഗവതം ഒരു ദിവസം കൊണ്ട് വായിച്ചു തീർക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ നാരായണീയം ഒരു ദിവസം കൊണ്ട് വായിക്കാവുന്നതേയുള്ളൂ. നാരായണീയം പതിവായി ജപിക്കുന്നതിന് മറ്റെന്തു ശുദ്ധിയേക്കാളും മന:ശുദ്ധിയാണ് വേണ്ടത്. ഗ്രന്ഥങ്ങൾ ഈശ്വരനെ ഭജിക്കാനുള്ള ഉപാധികൾ മാത്രമാണ്. ശാരീരികമായും മാനസികമായും ഉന്മേഷവും ആരോഗ്യവും നിലനിർത്താൻ വ്രതങ്ങൾ നമ്മെ സഹായിക്കും എന്നതിൽ സംശയവുമില്ല. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ. ഈശ്വരനെ ഏകാഗ്രമായി ഉപാസിക്കാൻ ആരോഗ്യമുള്ള മനസുണ്ടെങ്കിലേ സാധിക്കൂ. ഏതൊക്കെ ഗ്രന്ഥങ്ങൾ വായിച്ചാലും എത്ര നാമം ജപിച്ചാലും മനസ് കൊണ്ട് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും നല്ലതല്ലെങ്കിൽ ഇതൊന്നും നമുക്ക് ഗുണം ചെയ്യില്ല.

തന്റെ വാതരോഗശമനത്തിനായി ഗുരുവായൂരപ്പന്റെ മുന്നിലിരുന്ന് നാരായണീയം എഴുതി സമർപ്പിച്ച മേല്പത്തൂരിന് രോഗശാന്തി ഉണ്ടായി എന്നു മാത്രമല്ല ഈശ്വരദർശനവും സാധ്യമായി. അതിനാൽ ഈ ഗ്രന്ഥം ഉപാസിക്കുന്നത് രോഗശാന്തിക്ക് ഉത്തമമാണ്. എങ്കിലും രോഗശാന്തിക്കായി ഇതിൽ പ്രത്യേകം എടുത്തു പറയുന്ന ചില ശ്ലോകങ്ങളുണ്ട്. ഇവിടെ പറയുന്നവയാണ് ആ ശ്ലോകങ്ങൾ :

7-ാം ദശകത്തിലെ 8-ാമത്തെ ശ്ലോകം (കാളാംഭോദകളായ…..)

കാളാംഭോദകളായ കോമളരൂപീ –
ചക്രേണ ചക്രം ദിശാ –
മാവൃണ്വാനമുദാര മന്ദഹസിത-
സ്യന്ദ പ്രസന്നാനനം,
രാജത് കംബുഗദാരി പങ്കജധര –
ശ്രീമത്ഭുജാ മണ്ഡലം
സ്രഷ്ടു സ്തുഷ്ടികരം വപുസ്തവ വിഭോ
മദ്രോഗമുദ്വാസയേത്

( സർവ്വശക്തനായ ഭഗവാനേ, കാർമേഘം പോലെയും കായാമ്പു പോലെയും ഭംഗിയുള്ള കാന്തീപുരത്താൽ ദിക്കുകളെല്ലാം മറയ്ക്കുന്നതും ഉത്കൃഷ്ട മന്ദഹാസ പ്രവാഹത്താൽ തെളിഞ്ഞ മുഖത്തോടു കൂടിയതും ശോഭയേറിയ ശംഖ്, ചക്രം, ഗദ, പദ്മം, ഇവ ധരിച്ച നാലു തൃക്കൈകളുള്ളതും ബ്രഹ്മാവിന് സന്തുഷ്ടിപ്രദവുമായ അങ്ങയുടെ ദിവ്യ രൂപം എന്റെ രോഗത്തെ ഇല്ലാതാക്കണമേ !)

8-ാം ദശകത്തിലെ 13-ാം ശ്ലോകം
(അസ്മിൻപരാത്മൻ……)

അസ്മിൻ പരാത്മൻ നനു പാദ്മകല് പേ
ത്വമിത്ഥമുത്ഥാപിത പദ്മയോനി:
അനന്തഭൂമാ മമ രോഗരാശം
നിരുന്ധി വാതാലയ വാസ വിഷ്ണോ

( പരമാത്മ സ്വരൂപനായ ഗുരുവായൂരപ്പാ, വിഷ്ണു ഭഗവാനേ , ഈ പാദ കല്പത്തിൽ ഇങ്ങനെ ബ്രഹ്മാവിനെ ആവിർഭവിപ്പിച്ചവനും ഇത്രയെന്ന് തിട്ടപ്പെടുത്താനാവാത്ത വിധമുള്ള മാഹാത്മ്യത്തോട് കൂടിയവനുമായ അവിടുന്ന് എന്റെ എല്ലാ രോഗങ്ങളെയും ദൂരീകരിച്ചാലും )

28-ാംദശകത്തിലെ ധന്വന്തരീമൂർത്തിയുടെ അവതാരം

തരുണാംബുദസുന്ദരസ്തദാ ത്വം
നനു ധന്വന്തരിരുത്ഥിതോ അംബുരാശോ:
അമൃതം കലശേ വഹൻ കരാഭ്യാ –
മഖിലാർത്തിം ഹര മാരുതാലയേശ

( അല്ലയോ ഗുരുവായൂരപ്പാ, പുതിയ കാർമേഘം പോലെ സുന്ദരനും തൃക്കൈകളിലെ വിശിഷ്ട കലശത്തിൽ അമൃതു വഹിച്ചുകൊണ്ട് അപ്പോൾ സമുദ്രത്തിൽ നിന്നും ഉയർന്നുവന്നവനും ധന്വന്തരമൂർത്തിയുമായ നിന്തിരുവടി എന്റെ സകല ദുഃഖങ്ങളും നീക്കിത്തരേണമേ.)

അശോകൻ ഇറവങ്കര

error: Content is protected !!