Sunday, 29 Sep 2024
AstroG.in

സകല ദോഷ പരിഹാരത്തിനും വ്യക്തിയുടെ അഭിവൃദ്ധിക്കും ഉത്തമം ഭഗവതി സേവ

മംഗള ഗൗരി

വിഘ്നനിവാരണത്തിന് രാവിലെ ഗണപതി ഹോമം; ഐശ്വര്യ ലബ്ധിക്കായി വൈകിട്ട് ഭഗവതിസേവ. ഗൃഹപ്രവേശം പോലുള്ള വിശേഷാവസരങ്ങളിൽ മിക്ക വീടുകളിലും ദേവീ ക്ഷേത്രങ്ങളിൽ പതിവായും സന്ധ്യയ്ക്ക് ശേഷം നടത്തുന്ന ദേവീ പ്രീതികരമായ ഒരു സ്വാത്വിക പൂജയാണ് ഭഗവതിസേവ. വൈകിട്ട് നടത്തുന്ന ഈ പൂജയിൽ ദുർഗ്ഗാദേവിയെയാണ് ആരാധിക്കുന്നത്.

പത്മം ഇട്ട് വിളക്ക് വച്ച് ദേവിയെ വിളക്കിൽ ആവാഹിച്ച് നടത്തുന്ന ഈ പൂജ ഗണപതി ഹോമം പോലെ വളരെ ചെറിയ രീതിയിലും അതിവിപുലമായി ത്രികാല പൂജയായും നടത്താറുണ്ട്. കുടുംബൈശ്വര്യം വ്യക്തിയുടെ അഭിവൃദ്ധി, ആയുരാരോഗ്യ സൗഖ്യം എന്നിവയ്ക്കായി ഇത് നടത്താറുണ്ട്. ചിലർ മാസന്തോറും പിറന്നാളിന് ഗണപതി ഹോമം പോലെ ക്ഷേത്രങ്ങളിലും മറ്റും ഭഗവതി സേവ നടത്താറുണ്ട്. സകല ദോഷ പരിഹാരത്തിന് ഏറെ ഉത്തമമായ കർമ്മമാണിത്.

അരിപ്പൊടി, മഞ്ഞൾപ്പൊടി, തുടങ്ങിയ നിറമുള്ള പൊടികൾ കൊണ്ട് കളം വരയ്ക്കുകയും, അതിലേക്ക് ഏറ്റവും വൃത്തിയാക്കിയ നിലവിളക്ക് വയ്ക്കുകയും ചെയ്യും. തുടർന്ന് ഈ നിലവിളക്കിലേക്ക് സങ്കൽപ്പശക്തി കൊണ്ട് ദേവിയെ ആവാഹിച്ചാണ് പൂജ ആരംഭിക്കുന്നത്. ഇങ്ങനെ വരയ്ക്കുന്ന കളത്തെയാണ് പത്മം എന്ന് പറയുന്നത്. ദുർഗ്ഗാമന്ത്രം, ത്രിപുരസുന്ദരീമന്ത്രം, വേദാന്തർഗതമായ ദേവീസൂക്തം, ദേവീമാഹാത്മ്യത്തിലെ അദ്ധ്യായം 11 എന്നിങ്ങനെയുള്ള മന്ത്രങ്ങൾ ഉപയോഗിച്ച് ദേവിയെ പൂജിച്ച ശേഷം, ലളിതാ സഹസ്രനാമം ജപിച്ച് അർച്ചന ചെയ്താണ് പൂജ അവസാനിപ്പിക്കുന്നത്. ഒപ്പം പഞ്ചോപചാരപൂജ ചെയ്ത് നിവേദ്യവും വയ്ക്കണം. ചന്ദനം, തീർത്ഥം, പുഷ്പം, ചന്ദനത്തിരി ദീപം ഇവയുടെ കൃത്യമായ സമർപ്പണമാണ് പഞ്ചോപചാരപൂജ.

രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും ത്രികാലപൂജയായി നടത്തുമ്പോൾ നിവേദ്യം മൂന്ന് നേരവും വ്യത്യസ്തമാണ്. രാവിലെ മഞ്ഞപൊങ്കലും, ഉച്ചയ്ക്ക് പാൽപ്പായസവും, വൈകിട്ട് കടുംപായസവും നേദിക്കും. കടുത്ത ജീവിത ദുരിതങ്ങൾ നേരിടുന്ന ഘട്ടങ്ങളിൽ അതിൽ നിന്നുള്ള മോചനത്തിനായാണ് ത്രികാല പൂജയായി ഭഗവതിസേവ നടത്താറുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ ശാന്തിദുർഗ്ഗാ മന്ത്രം പ്രത്യേകം ഉപയോഗിക്കുന്നു.

താമരപ്പൂവ് ഭഗവതി സേവയ്ക്ക് അനിവാര്യമാണ്. തെറ്റി പോലുള്ള ചുവന്ന പുഷ്പ്പങ്ങളാണ് മറ്റു പൂക്കളായി സാധാരണ ഉപയോഗിക്കുന്നത്. എത്രയും കൂടുതൽ പൂക്കൾ ഉണ്ടോ അത്രയും നല്ലത് എന്ന് വിശ്വസിക്കുന്നു. ശാന്തിദുർഗ്ഗാ മന്ത്രത്തോടൊപ്പം ഓരോ കാര്യസിദ്ധിക്കും ഓരോ മന്ത്രങ്ങൾ ഉപയോഗിച്ച് ദേവിയെ പൂജിക്കുന്ന പതിവും ഉണ്ട്. മംഗല്യസിദ്ധിക്കായി സ്വയംവരമന്ത്രവും, സർവ്വകാര്യ വിജയത്തിനായി ജയദുർഗ്ഗാമന്ത്രവും, ഭയം അകറ്റുന്നതിന് വനദുർഗ്ഗാമന്ത്രവും, വശീകരണത്തിനായി ആശ്വാരൂഡ മന്ത്രവും, വിവിധ ബാധകൾ ശമിപ്പിക്കാനായി ആഗ്നേയതൃഷ്ട്ടുപ്പും തുടങ്ങിയവ ഇങ്ങനെ പ്രത്യേകമായി ഉപയോഗിക്കുന്ന മന്ത്രങ്ങളാണ്. സാധാരണ സന്ധ്യ കഴിഞ്ഞ് ഒരു നേരം കടുംപായസം നേദിച്ച് ലളിതമായ ഭഗവതി സേവയാണ് നടത്താറുള്ളത്. ദോഷങ്ങളുടെ കാഠിന്യം അനുസരിച്ച് 3, 7, 12 തുടങ്ങിയ ദിവസങ്ങളിൽ അടുപ്പിച്ചു നടത്തുന്നതും പതിവാണ്. പൗർണമി ദിവസം ഭഗവതിസേവ വീട്ടിൽ നടത്തുന്നത് ദേവീ പ്രീതിക്ക് ഏറ്റവും ശ്രേഷ്ഠമാണ്.

Story Summary: Bhagavati Seva: Vedic pooja ritual for pleasing Goddess parvathi to bring peace and prosperity to individuals and family

error: Content is protected !!