Friday, 22 Nov 2024
AstroG.in

സകല സങ്കടങ്ങളും തീർക്കും ആയില്യ പൂജ

എല്ലാ സങ്കടങ്ങൾക്കും പരിഹാരമാണ്  നാഗാരാധന.  ആയുരാരോഗ്യസൗഖ്യത്തിനും സമ്പത് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താന സൗഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും  നാഗാരാധന പോലെ ഫലപ്രദമായ മറ്റൊരു ആരാധനാ സമ്പ്രദായമില്ല.

രോഗ ശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗങ്ങള്‍ മാറുന്നതിനും മാനസിക പ്രയാസങ്ങൾ തീരുന്നതിനും  വിദ്യ, വിവാഹ തടസം നിവാരണത്തിനും സന്താന  ലബ്ധിക്കും കുടുംബ കലഹം ഒഴിയുന്നതിനും ഉദ്യോഗ സംബന്ധമായ തടസങ്ങൾ അകറ്റുന്നതിനും സാമ്പത്തിക ക്ലേശം പരിഹരിക്കുന്നതിനും ശത്രു ദോഷ ശാന്തിക്കും ക്ഷേത്രങ്ങളിൽ നടത്താവുന്ന ഉത്തമ  കർമ്മമാണ്  ആയില്യപൂജ. അതുപോലെ ജാതകത്തിലെ  രാഹു ദോഷശാന്തിക്ക്  അത്യുത്തമമാണിത്. 

എല്ലാ മാസവും ആയില്യപൂജ നടത്തുന്നത് ദോഷപരിഹാരത്തിന് നല്ലതാണ്. കന്നി, തുലാം മാസങ്ങളിൽ ആയില്യ നാളിൽ നടത്തുന്ന പൂജ ബഹുവിശേഷമാണ്. ഈ ദിവസം പൂജയും വഴിപാടും നടത്തി സർപ്പദേവതകളെ പ്രസാദിപ്പിച്ചാൽ അതിവേഗം സങ്കടമോചനമുണ്ടാകും.

നൂറുംപാലുമാണ് സർപ്പ ദേവതകൾക്കുള്ള ഒരു പ്രധാന വഴിപാട്. സർപ്പങ്ങൾക്ക് സമർപ്പിക്കുന്ന വിശിഷ്ട ഭോജ്യമാണിത്. ആയില്യദിവസം സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സർപ്പ ഊട്ട് എന്നും ആയില്യമൂട്ട് എന്നും ഇതിന് പറയും.

കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവയാൽ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ചിട്ടാണ്  നൂറുംപാലും തർപ്പിക്കുന്നത്. അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്, കദളിപ്പഴം ഇവ ചേർത്താണ് നൂറുംപാലും ഉണ്ടാക്കുന്നത്. എല്ലാ മാസവും ആയില്യം നാളിൽ സർപ്പ പ്രതിഷ്ഠയുള്ള എല്ലാ ക്ഷേത്രങ്ങളിലും  നൂറുംപാലും നേദിക്കാറുണ്ട്.

സർപ്പബലിയാണ് നാഗപ്രീതിക്കുള്ള മറ്റൊരു സുപ്രധാന ചടങ്ങ്. ഇതാണ് സാധാരണ നടക്കുന്ന ഏറ്റവും ചെലവേറിയ നാഗാരാധന. വലിയ ചെലവായതിനാൽ അപൂർവ്വമായേ ഈ ദോഷപരിഹാരകർമ്മം നടത്താറുള്ളൂ. സർപ്പപ്രതിഷ്ഠ കഴിഞ്ഞാൽ അന്നുതന്നെ സർപ്പബലി നടത്തുകയാണ് പതിവ്.  നാഗാരാധനാകേന്ദ്രങ്ങളിലും മറ്റും സർപ്പബലി നടത്തുന്നത് പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരിക്കും. സർപ്പബലിപ്പുര എന്നാണ്  ഇതിന് പറയുന്നത്. സർപ്പബലി കഴിഞ്ഞാൽ ഉടൻ തന്നെ സർപ്പബലിപ്പുര അടയ്ക്കും. പിറ്റേദിവസം രാവിലെ മാത്രമേ തുറക്കൂ. ഈ സമയത്താണ് സർപ്പങ്ങൾ വന്ന് ബലി  സ്വീകരിക്കുന്നത്. ഭക്തർ അത് കാണാൻ പാടില്ലത്രെ. സര്‍പ്പഹിംസ നടത്തുക, സര്‍പ്പ സ്ഥാനം നശിപ്പിക്കുക, സര്‍പ്പ സ്ഥാനങ്ങള്‍ അശുദ്ധമാക്കുക തുടങ്ങിയ ചെയ്തികള്‍ മൂലം ഉണ്ടായ സര്‍പ്പശാപം പരിഹരിക്കാനും സർപ്പബലി നടത്തും.

error: Content is protected !!