Sunday, 6 Oct 2024
AstroG.in

സങ്കടങ്ങളിൽ നിന്നും അതിവേഗംമുക്തി നൽകും താരകമന്ത്രം

അശോകൻ ഇറവങ്കര

ഓം രാം രാമായ നമഃ എന്നതാണ് രാമതാരകമന്ത്രം. ഈ മന്ത്രം പതിവായി ചൊല്ലുന്നവർക്ക് ജീവിതദു:ഖങ്ങളിൽ നിന്നും മോചനം ലഭിക്കുന്നു. ശരീരത്തിനും മനസിനും ഏൽക്കുന്ന എല്ലാ മുറിവുകളിൽ നിന്നും അതിവേഗം മോചനം നൽകുന്നു. അപാര ഈശ്വരാനുഗ്രഹത്തിന്റെ അനുഭൂതി പകരുന്ന ദിവ്യമന്ത്രമാണ് താരകമന്ത്രം എന്ന രാമമന്ത്രം. താരകമെന്നാൽ തരണം ചെയ്യിക്കുന്നത് അല്ലെങ്കിൽ കടത്തിവിടുന്നത് എന്നാണ് അർത്ഥം. സ്വയം പ്രകാശിക്കുന്നത് അതായത് നക്ഷത്രം എന്നും ഈ പദത്തിന് അർത്ഥമുണ്ട്.

കാശിയിൽ വച്ച് മരിക്കാൻ തുടങ്ങിയ ഒരു ഭക്തന് ഭഗവാൻ ശ്രീപരമേശ്വരൻ ഈ താരകമന്ത്രം ഉപദേശിച്ച് മോക്ഷം നൽകി എന്ന് സ്‌കന്ദപുരാണത്തിൽ പറയുന്നു. ഓം നമോ നാരായണായ എന്ന അഷ്ടാക്ഷരി മന്ത്രത്തിൽ നിന്ന് രാ എന്ന ശബ്ദവും നമഃ ശിവായ എന്ന പഞ്ചാക്ഷരി മന്ത്രത്തിൽ നിന്ന് മ എന്ന ശബ്ദവും ചേർത്താണ് രാമ എന്ന മന്ത്രം ഉണ്ടായത്. ഇത് ബീജാക്ഷരമായും ഗണിക്കുന്നു. ഒരു ദേവതാമന്ത്രത്തിന്റെ ശക്തികേന്ദ്രമാണ് ബീജാക്ഷരം ര + അ + മ എന്ന രീതിയിലാണ് രാമമന്ത്രം വിഭജിക്കുന്നത്. ര പരമാത്മാവിനെയും അ പ്രകൃതിയെയും മ ജീവാത്മാവിനെയും സൂചിപ്പിക്കുന്നു. പ്രണവമന്ത്രമായ ഓംകാരത്തിന് തുല്യമാണ് രാമമന്ത്രവും പ്രണവം എന്നാൽ സ്തുതിക്കപ്പെടുന്നത് എന്നർത്ഥം.

ഉദ്പാദിനി, പാലിനി, സംഹാരിണീ എന്നീ സൃഷ്ടിസ്ഥിതി സംഹാര ത്രിവിധ ശക്തികൾ രാമനാമത്തിൽ ഉണ്ട്. ധർമ്മത്തിന്റെ മൂർത്തമായ ഭാവമാണ് രാമൻ. ധർമ്മ രക്ഷാർത്ഥമാണ് വൈകുണ്ഡനാഥൻ ശ്രീരാമചന്ദ്രനായി ത്രേതായുഗത്തിൽ അവതരിച്ചത്. ചൈത്രമാസത്തിലെ ശുക്ല നവമി ദിനത്തിൽ പുണർതം നക്ഷത്രത്തിലാണ് രാമാവതാരം സംഭവിച്ചത്. രാമനാമത്തിന്റെ മാഹാത്മ്യം ഇത്ര വിശിഷ്ടമെങ്കിൽ രാമന്റെ ശക്തി എന്തായിരിക്കും എന്ന് പറയേണ്ടതുണ്ടോ ? രാമമന്ത്രം നിറഞ്ഞു നിൽക്കുന്ന രാമായണ പാരായണത്തിന്റെ ശക്തിയെപ്പറ്റി പറയാനുണ്ടോ. അതിനാൽ നിത്യവും താരക മന്ത്രം ജപിക്കുന്നതിനൊപ്പം കർക്കടകം മുഴുവൻ രാമായണം വായിച്ചാൽ എല്ലാ ദുഃഖങ്ങളും അകറ്റി നമുക്ക് മനസ് ശാന്തമാക്കാം. ഓം രാം രാമായ നമഃ

അശോകൻ ഇറവങ്കര

Story Summary: Significance of Powerful Tharaka Mantra, Om Ram Ramaya Namaha

error: Content is protected !!