Friday, 20 Sep 2024
AstroG.in

സന്തതികളെ സർപ്പദോഷങ്ങളിൽ നിന്ന് രക്ഷിക്കാൻ മണ്ണാറശാലയിൽ നൂറുംപാലും

ജ്യോതിഷരത്‌നം വേണു മഹാദേവ്
തുലാമാസത്തിലെ ആയില്യം മണ്ണാറശാലയിൽ മഹോത്സവമായതിന് ഒരു പ്രത്യേക കാരണമുണ്ട്. പണ്ട് കന്നി മാസത്തിലെ ആയില്യത്തിന് തിരുവതാംകൂര്‍ മഹാരാജാക്കന്മാര്‍ മണ്ണാറാശാല ദര്‍ശനം നടത്തുക പതിവായിരുന്നു. ഒരു പ്രാവശ്യം പതിവ് തെറ്റി. തുടർന്ന് മഹാരാജാവ് തുലാമാസത്തില്‍ ദര്‍ശനം നടത്താന്‍ നിശ്ചയിച്ചു. ഉത്സവം ഭംഗിയാക്കാൻ വേണ്ടതെല്ലാം കൊട്ടാരത്തിൽ നിന്ന് ഏർപ്പാടുകൾ ചെയ്തു. ആദ്യ ദര്‍ശനം മുടങ്ങിയതിന് പ്രായച്ഛിത്തമായി ധാരാളം ഭൂമി ക്ഷേത്രത്തിന് കരമൊഴിവായും നല്‍കി.
ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ വടക്ക് പടിഞ്ഞാറുള്ള ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വാസുകിയും സര്‍പ്പയക്ഷിയുമാണ്. കിഴക്ക് ദർശനം. തപസില്‍ പ്രസാദിച്ച് പ്രത്യക്ഷപ്പെട്ട നാഗരാജാവിനെ പരശുരാമന്‍ ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. കാവും, കുളങ്ങളും, ചിത്രകൂടങ്ങളും നിറഞ്ഞ മണ്ണാറാശാല ക്ഷേത്രത്തിന് തെക്ക് ഭാഗത്ത്‌ കരിങ്കല്ലിൽ തീര്‍ത്ത രണ്ടു ഉപദേവതാ ക്ഷേതങ്ങളുണ്ട് ഒന്ന് നാഗരാജവിന്റേത്. മറ്റൊന്നിൽ നാഗരാജ്ഞിയായ നാഗയക്ഷിയമ്മയും സഹോദരി നാഗചാമുണ്ഡിയും കുടികൊള്ളുന്നു. നാഗചാമുണ്ഡി ചിത്രകൂടത്തിലാണ് വസിക്കുന്നത്. ഇവിടെ പൂജയൊന്നുമില്ല. ക്ഷേത്രത്തിലെ ഇല്ലത്ത് നിലവറയിലാണ് നാഗരാജനായ അനന്തന്‍. മണ്ണാറാശാല ഇല്ലത്തെ വല്യമ്മയാണ് പൂജ നടത്തുന്നത്. അതും വര്‍ഷത്തില്‍ ഒരിക്കൽ മാത്രം. അനന്തനെ ആദരവോടെ അപ്പൂപ്പനെന്നും പറയും. നിലവറയോട് അടുത്തുള്ള കാടിന് അപ്പൂപ്പന്‍ കാവെന്നും പറയുന്നു. ഇതിനോട് ചേര്‍ന്ന് തന്നെ ശാസ്താവിനും ഭദ്രകാളിക്കും ക്ഷേത്രങ്ങള്‍ ഉണ്ട്. ധാരാളം നാഗരൂപങ്ങൾ ഇവിടെ നിറയെ കാണാം.

പ്രതിഷ്ഠ നടത്തിയ ഭാര്‍ഗ്ഗവരാമന്റെ നിര്‍ദേശത്താല്‍ മുടങ്ങാതെ പൂജകള്‍ നടത്തി പൂജാധികാരം ലഭിച്ച ഭൂസുര പ്രവരനായിരുന്നു ശ്രീ വാസുദേവന്‍. അദ്ദേഹത്തിന്റെ പ്രിയപത്നി ശ്രീദേവി. ഇവരെ മക്കളില്ലാത്ത ദുഃഖം അലട്ടി. അക്കാലത്ത് ഒരിക്കൽ ക്ഷേത്രത്തിന് ചുറ്റുമുള്ള ഉപവനങ്ങളില്‍ അഗ്നിബാധയുണ്ടായി. ആളിപ്പടര്‍ന്ന തീയില്‍ നിന്നും രക്ഷ തേടി സര്‍പ്പങ്ങള്‍ നാഗ നായകന്‍റെ സന്നിധിലേക്ക് പാഞ്ഞു. വ്രണപ്പെട്ട നാഗങ്ങളെ അവര്‍ പരിചരിച്ചു വേണ്ടതെല്ലാം നല്‍കി. ഇഷ്ട നാഗങ്ങളെ അനുകമ്പയോടെ പരിചരിക്കുന്നത് കണ്ട ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് വാസുദേവനെയും ശ്രീദേവിയെയും അനുഗ്രഹിച്ചു. ആശ്രയിക്കുന്ന ഭക്തര്‍ക്ക് വംശഭാഗ്യം ചൊരിഞ്ഞ് എക്കാലവും ഇവിടെ അധിവസിക്കാൻ അനുഗ്രഹിച്ചു. അന്ന് ഭഗവാന്റെ ശീതകിരണങ്ങലേറ്റ് അഗ്നിയണഞ്ഞു മണ്ണ് ആറിയ ശാല അങ്ങനെ മണ്ണാറ ശാലയായി. ഭഗവാന്റെ അനുഗ്രഹത്താല്‍ ശ്രീദേവി അന്തര്‍ജനത്തിന് രണ്ടു ശിശുക്കളുണ്ടായി. ജ്യേഷ്ഠനായി സര്‍പ്പശിശുവും, അനുജനായി മനുഷ്യ ശിശുവും പിറന്നു.

കാലമായപ്പോള്‍ ജ്യേഷ്ഠന്റെ നിർദ്ദേശ പ്രകാരം അനുജന്‍ ഗൃഹസ്ഥാശ്രമം സ്വീകരിച്ചു സൽസന്താനങ്ങളോടെ സുഖമായി കഴിഞ്ഞു. തന്റെ അവതാര ധര്‍മ്മം കഴിഞ്ഞ ജ്യേഷ്ഠനായ സര്‍പ്പരാജാവ് സമാധിയില്‍ മുഴുകനായി നിലവറ പൂകിയ ശേഷം ദുഖിതയായ മാതാവിനോട് അമ്മയ്ക്ക് ദർശനം നല്‍കി ആണ്ടില്‍ ഒരിക്കല്‍ അമ്മ നടത്തുന്ന പൂജയില്‍ തൃപ്നായി കൊള്ളാമെന്ന് പറഞ്ഞ് മറഞ്ഞു. ആ പുത്രന്‍ നല്‍കിയ പൂജാധികാരമാണ് ഇന്നും മണ്ണാറശാലയുടെ പ്രത്യേകത. കുടുംബത്തിലെ മൂപ്പേറിയ അന്തര്‍ജ്ജനത്തിന് അമ്മയുടെ പദവി ലഭിച്ചതിനെപ്പറ്റി വേറെയും കഥ പ്രചാരത്തിലുണ്ട്. സ്ഥാനമേല്‍ക്കുന്ന അന്നുമുതല്‍ അമ്മ നിത്യ ബ്രഹ്മചാരിണിയായി മാറും. വിശാലമായ കാവുകളാൽ ചുറ്റപ്പെട്ട ഈ ക്ഷേത്രത്തെ മറ്റ് നാഗരാജക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന കാര്യം സ്ത്രീ മുഖ്യ പൂജാരിണിയാകുന്നതാണ്.

ഭഗവാന്റെ അമ്മ എന്ന നിലയിൽ ദൈവീകമായ പാരമ്പര്യത്തിന്റെ കണ്ണികളായ മണ്ണാറശാല അമ്മയെ ദർശിച്ച് അനുഗ്രഹം വാങ്ങിയാൽ സർപ്പദോഷങ്ങൾ അകലും. സാധാരണ തുലാമാസ ആയില്യം നാളിൽ ക്ഷേത്രത്തിൽ നിന്ന് നാഗരാജാവ് വാസുകിയെ ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഭക്തിനിർഭരമായ ഈ എഴുന്നള്ളത്ത് ദർശിച്ചാൽ നാഗദേവതാ പ്രീതിയിലൂടെ സന്താനഭാഗ്യം, രോഗശമനം, സമ്പത് സമൃദ്ധി, ദാമ്പത്യസുഖം, ആരോഗ്യവർദ്ധനവ്, വിദ്യാ വിജയം, മന:സുഖം, ആയുരാരോഗ്യം തുടങ്ങി എല്ലാ ഗുണങ്ങളും കൈവരുമെന്നാണ് വിശ്വാസം. 2022 നവംബർ 16 , 1198 തുലാം 30 നാണ് ഇത്തവണ മണ്ണാറശാല ആയില്യം.

മണ്ണാറശാലയിലെ പ്രധാനപ്പെട്ട വഴിപാട് നൂറുംപാലും ആണ്. ജന്മ ജന്മാന്തരങ്ങളിലെ സർപ്പദോഷങ്ങൾ അകറ്റാനും, സന്തതി പരമ്പരകളെ സർപ്പശാപ ദോഷങ്ങളിൽ നിന്ന് രക്ഷിക്കാനും, കുടുംബത്തിലെ ഐശ്വര്യാഭിവൃദ്ധിക്കും, ഉദ്ദിഷ്ടകാര്യ സിദ്ധിക്കുമായി ചെയ്യാവുന്ന ഉത്തമ വഴിപാടാണിത്. സർപ്പബലി, മുഴുക്കാപ്പ്, അരക്കാപ്പ്, മുഖക്കാപ്പ്, എണ്ണ അഭിഷേകം, നെയ് അഭിഷേകം, കരിക്ക് അഭിഷേകം, പാൽ അഭിഷേകം, സർപ്പസൂക്ത അർച്ചന, അഷ്ടോത്തര ശതഅർച്ചന, പുഷ്പാഞ്ജലി, മലർ നിവേദ്യം, ത്രിമധുരം, കദളിപ്പഴം, നിലവറ പായസം, എണ്ണ വിളക്ക്, നെയ് വിളക്ക് ഉരുളി കമഴ്ത്ത്, ഉരുളി നിവർത്ത്, തുലാഭാരം, സർപ്പ പ്രതിമ നടയ്ക്ക് വയ്പ്, മഞ്ഞൾ പറ, അഷ്ടനാഗപൂജ, ചതുശതം എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ. പൂജകൾ ഓൺലൈനായി നടത്താൻ സൗകര്യമുണ്ട്. സർപ്പദൈവങ്ങൾ സംതൃപ്തരായാൽ സന്താനഭാഗ്യം, ദാമ്പത്യസൗഖ്യം, ധനസമ്പത്ത് എന്നിവ ഉണ്ടാകും. കോപിച്ചാൽ സന്താനനാശം, ധനനഷ്ടം, കുലക്ഷയം, മാറാരോഗങ്ങൾ എന്നിവ സംഭവിക്കും. അതിവേഗം ഫലം ലഭിക്കുന്ന ആരാധനയാണ് സർപ്പപൂജ.

ജ്യോതിഷരത്‌നം വേണു മഹാദേവ്

  • 91 9847475559

Story Summary: Significance of Mannarasala Aayilyam

error: Content is protected !!