Saturday, 23 Nov 2024
AstroG.in

സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം നേടാൻ എട്ടാം രാത്രി മഹാഗൗരി ഉപാസന

വി സജീവ് ശാസ്‌താരം
നവരാത്രിയിലെ എട്ടാം രാത്രി അതായത് അഷ്ടമി തിഥിയിൽ ദേവിയെ മഹാഗൗരിയായി ആരാധിക്കുന്നു. ഈ ദിവസം ഒൻപതു വയസുള്ള പെൺകുട്ടിയെ ദുർഗ്ഗയായി പൂജിക്കുന്നു. കുടുംബഭദ്രത നേടുന്നതിനും സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം കൂടാനും മഹാഗൗരിയെ ഭജിക്കുക. കാലത്തെ നിലയ്ക്ക് നിര്‍ത്താൻ കെല്‍പ്പുള്ള കാലകേയനെ വധിക്കാൻ നിയോഗിക്കപ്പെട്ട മഹാഗൗരി ദേവി തന്റെ ആയുധങ്ങളും ഗ്രന്ഥങ്ങളും വിനായകസമക്ഷം സമർപ്പിച്ച് യുദ്ധത്തിന് തിരിച്ചു. തുടർന്ന് ശ്രീ ഗണേശനും തന്റെ ആയുധങ്ങൾ ദേവീകടാക്ഷത്തിനായി അതിനൊപ്പം വച്ചു പൂജിച്ചു. ആ സങ്കല്‍പ്പമാണ് പിന്നീട് ആയുധ, പുസ്തക പൂജയായി മാറുന്നത്. ദേവിയുടെ ഏറ്റവും ഉത്തമമായ ഭാവമാണ് മഹാഗൗരി. സത്ത്വഗുണ മൂര്‍ത്തിയായ മഹാഗൗരിയാണ് ജ്ഞാനവും ശാന്തിയും പ്രദാനം ചെയ്യുന്നത്. രാഹുവിനെ നിയന്ത്രിക്കുന്നത് മഹാഗൗരിയാണ്.

പ്രാർത്ഥന
ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ സുചി-
മഹാഗൌരി ശുഭം ദദ്യാൻ മഹാദേവ പ്രമോദദാ

( വെളുത്ത കാളപ്പുറത്തേറിയവളും വെളുത്ത
പട്ട് വസ്ത്രം ധരിച്ചവളും, ശുചിത്വമുള്ള വെളുത്ത ശരീരത്തോട് കൂടിയവളും, മഹാദേവന് ആമോദത്തെ കൊടുക്കുന്നവളുമായ മഹാഗൗരി ശുഭത്തെ തരുമാറാകട്ടെ എന്നു പ്രാർത്ഥനാശ്ലോകം.)

വെളുത്ത നിറം എന്നാണു മഹാഗൗരി എന്ന നാമം അര്‍ത്ഥമാക്കുന്നത്. ദേവിയുടെ ആടയാഭരണങ്ങളും വെൺമയാർന്നവയാണ്. വെള്ളി ആഭരണങ്ങൾ ധരിച്ചിരിക്കുന്നവളും വെളുത്ത പൂമാലകൾ അണിഞ്ഞവളും, തന്റെ കൈകളിൽ അഭയമുദ്ര, ത്രിശൂലം, വരമുദ്ര, ഡമരു എന്നിവയെ ധരിച്ചിരിക്കുന്നവളും അത്യന്തം ശാന്തയുമാണ്.

മഹാഗൗരിയുടെ ധ്യാനം
വന്ദേവഞ്ചിതാ കാമാര്‍ത്ഥം ചന്ദ്രാർദ്ധാകൃതശേഖരാം
സിംഹാരൂഢാം ചതുര്‍ഭുജാം മഹാഗൌരീം യശസ്വീനീം

പുര്‍ണേന്ദുനിഭാം ഗൌരീം സോമവക്രസ്ഥിആതാം അഷ്ടമദുര്‍ഗാം ത്രിനേത്രാം വരാഭീതികരാം ത്രിശൂലഡമരൂധരാം മഹാഗൌരീം ഭജേഽഹം

സ്തുതിയും മന്ത്രവും
ഓം നമോ ഭഗവതി മഹാഗൗരി വൃഷാരൂഢേ
ശ്രീം ഹ്രീം ക്ലീം ഹും ഫട് സ്വാഹാ

ജപമന്ത്രം
ഓം ദേവി മഹാ ഗൗരിയൈ നമഃ

വി സജീവ് ശാസ്‌താരം, +91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Navaratri Seventh Day Worshipp: Goddess Maha Gowri the Seventh form of Goddess Parvati (Durga) Dhayanam and Stotram

1 thought on “സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം നേടാൻ എട്ടാം രാത്രി മഹാഗൗരി ഉപാസന

Comments are closed.

error: Content is protected !!