Saturday, 23 Nov 2024
AstroG.in

സന്താനഭാഗ്യം, ദാമ്പത്യ സൗഖ്യം, രോഗശാന്തി,
തൊഴില്‍ ലബ്ധി ഇവയ്ക്ക് ഇതെല്ലാം ജപിക്കൂ ….

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
സന്താനഭാഗ്യം, സന്താനങ്ങളുടെ ശ്രേയസ്, ദാമ്പത്യ സൗഖ്യം, കാര്യസിദ്ധി, കര്‍മ്മലാഭം, ആയൂര്‍ബലം, രോഗശാന്തി, വിദ്യഗുണം,ഭാഗ്യലബ്ധി, തൊഴില്‍ ലബ്ധി, തൊഴില്‍ ഉള്ളവര്‍ക്ക് ജോലിയിൽ കൂടുതല്‍ നേട്ടങ്ങള്‍, ചൊവ്വാ ഗ്രഹദോഷമുക്തി തുടങ്ങിയവയ്ക്ക് സുബ്രഹ്മണ്യ പ്രീതി നേടുന്നത് ഉത്തമമാണ്. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാർ എല്ലാ ദിവസവും സുബ്രഹ്മണ്യ ഉപാസന നടത്തണം. ഒരോ അഭീഷ്ടസിദ്ധിക്കും പതിവായി ജപിക്കുന്നതിന് ഉത്തമമായ ചില സുബ്രഹ്മണ്യമന്ത്രങ്ങൾ പറഞ്ഞു തരാം. എല്ലാ മന്ത്രങ്ങളും മുരുകഭഗവാനെ ഭക്തിപൂർവം സ്മരിച്ച് നെയ്‌വിളക്ക് കൊളുത്തി അതിനു മുമ്പില്‍ വൃത്തിയുള്ള വസ്ത്രം ധരിച്ചിരുന്ന് ജപിക്കുക. തികഞ്ഞ വിശ്വാസത്തോടും ശ്രദ്ധയോടും ചെയ്യുന്ന പ്രാര്‍ത്ഥന പൂര്‍ണ്ണഫലം നല്‍കും. വെറും നിലത്തിരുന്ന് ജപിക്കരുത്. ഒരു പലകയിലോ, പായിലോ തുണി വിരിച്ചോ ഇരിക്കണം. അശുദ്ധിയുള്ളപ്പോള്‍ ജപം പാടില്ല. ഇത് ജപിക്കുന്നതിന് മന്ത്രോപദേശം നിര്‍ബന്ധമില്ല. എങ്കിലും ഗുരുപദേശം നേടി ജപിച്ചാൽ അതിവേഗം ഫലസിദ്ധി ലഭിക്കും. എന്ത് കാര്യമാണോ ആഗ്രഹിക്കുന്നത് അതിന് പറഞ്ഞിട്ടുള്ള മന്ത്രം ജപിക്കുക. ദുരിതങ്ങള്‍ മറികടക്കാനും, ഇഷ്ടകാര്യങ്ങള്‍ സാധിക്കുന്നതിനും ഉതകുന്ന ശക്തമായ മന്ത്രങ്ങളാണ് ഇവയെല്ലാം :

ഓം വചത്ഭുവേ നമ: എന്ന മൂലമന്ത്രം പതിവായി ജപിക്കുന്നത് ഭാഗ്യം തെളിയുന്നതിന് നല്ലതാണ്. ഇത് രാവിലെയും വൈകിട്ടും 36 പ്രാവശ്യം വീതം മുരുകന്റെ രൂപം ധ്യാനിച്ച് ജപിക്കുക.
ഓം സ്‌കന്ദായ നമ: എന്ന സുബ്രഹ്മണ്യമന്ത്രം. 144 വീതം രാവിലെയും വൈകിട്ടും ജപിക്കുന്നത് കര്‍മ്മലാഭത്തിനും തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലബ്ധിക്കും തൊഴില്‍ ഉള്ളവര്‍ക്ക് കർമ്മ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ക്കും ഗുണകരമാണ്.

ആയൂര്‍ബലത്തിന് ഓം സനല്ക്കുമാരായനമ: എന്ന സുബ്രഹ്മണ്യ മന്ത്രമാണ് 108 വീതം 2 നേരം ചൊല്ലേണ്ടത്. ഭാഗ്യം തെളിയാന്‍ ഓം നീലകണ്ഠാത്മജായ നമ: , വിദ്യയിൽ അഭിവൃദ്ധി നേടാൻ ഓം വിശാഖായ നമ: , ഏതൊരു കര്‍മ്മത്തിലെയും വിജയത്തിന് ഓം കുമാരായ നമ: , രോഗശാന്തിക്കായി ഓം മയൂരവാഹായ നമ: എന്നീ മന്ത്രങ്ങളാണ് ജപിക്കേണ്ടത്.

സനല്ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹേ
തന്നോ സ്‌കന്ദ പ്രചോദയാല്‍

എന്ന സുബ്രഹ്മണ്യ ഗായത്രി രാവിലെയും വൈകിട്ടും 36 തവണ വീതം 2 നേരം ചൊല്ലുക. കര്‍മ്മസിദ്ധിക്കും കര്‍മ്മസംബന്ധമായ തടസങ്ങള്‍ മാറുന്നതിനും ഭാഗ്യലബ്ധിക്കും ഗുണകരമാണ് സുബ്രഹ്മണ്യ ഗായത്രി ജപം. ഈ മന്ത്രം തൊഴില്‍ രഹിതര്‍ക്ക് നല്ല തൊഴില്‍ ലഭിക്കുന്നതിന് ഗുണകരമാണ്.

സുബ്രഹ്മണ്യ സ്തുതി
ഓം ഷഡാനനം കുങ്കുമ രക്തവർണ്ണം
മഹാമതിം ദിവ്യ മയൂര വാഹനം
രുദ്രസ്സ്യ സൂനും സുര സൈന്യ നാഥം
ഗുഹം സദാ ശരണമഹം പ്രപദ്യേ

(ആറ് മുഖങ്ങളോട് കൂടിയവനും കുങ്കുമ വർണ്ണം ഉള്ളവനും മഹാ ബുദ്ധിശാലിയും ദിവ്യമായ മയിൽ വാഹനത്തിൽ സഞ്ചരിക്കുന്നവനും രുദ്രനായ മഹാദേവന്റെ മകനും ദേവസൈന്യത്തിന്റെ നാഥനുമായ ഗുഹനെ ഞാൻ സദാ ശരണം പ്രാപിക്കുന്നു.)

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)

Story Summary: Powerful Subramanya Mantras for Solving Different Problems

error: Content is protected !!