Friday, 20 Sep 2024
AstroG.in

സന്താനഭാഗ്യത്തിന് ഉത്തമം, ദുരിതങ്ങൾക്ക് പരിഹാരം; ഞായറാഴ്ച പവിത്ര ഏകാദശി

മംഗള ഗൗരി
ചിങ്ങമാസത്തിലെ ശുക്ലപക്ഷ ഏകാദശി വ്രതാനുഷ്ഠാനം
സന്താനഭാഗ്യദായകമാണ്. പുണ്യദാഏകാദശി, പുത്രദ ഏകാദശി, പുത്രജാത ഏകാദശി, പവിത്ര ഏകാദശി എന്നിങ്ങനെ ഇത് വിവിധ പേരുകളിൽ അറിയപ്പെടുന്നു. ഈ വ്രതം അനുഷ്ഠിക്കുന്ന സന്താനരഹിതര്‍ക്ക് സന്താന ഭാഗ്യമുണ്ടാകും. പ്രത്യേകിച്ച് ആൺമക്കൾ ജനിക്കാൻ വളരെ നല്ലതാണ്. 2023 ആഗസ്റ്റ് 27 ഞായറാഴ്ചയാണ് പവിത്ര ഏകാദശി. സാധാരണ ഏകാദശി വ്രതഫലങ്ങൾ എല്ലാം തന്നെ പുത്രപദ ഏകാദശിക്കും പറയപ്പെടുന്നു.
വിഷ്ണുപ്രീതിയിലൂടെ എല്ലാ ദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. ഭൗതികജീവിതത്തില്‍ അളവറ്റ ഐശ്വര്യവും, അന്ത്യത്തില്‍ മോക്ഷവുമാണ് ഏകാദശി വ്രതത്തിന്റെ പൊതു ഫലം.

വിധിപ്രകാരം ശ്രാവണ മാസം വെളുത്ത പക്ഷത്തിലെ
ഈ ഏകാദശി നോൽക്കുന്നവർ തലേന്ന് ദശമി നാളിൽ ഒരിക്കൽ എടുത്ത് വ്രതം തുടങ്ങണം. ഏകാദശി ദിവസം
പൂർണ്ണോപവാസമാണ് വിധിച്ചിട്ടുള്ളത്. എന്നാൽ
ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ലഘു ഭക്ഷണമാകാം.
ആഗസ്റ്റ് 27 തുടങ്ങുന്ന രാത്രി 12:08 മുതൽ രാത്രി 9:32 വരെയാണ് ഏകാദശി തിഥി. അന്ന് പകൽ 4:07 മണി മുതൽ രാത്രി 2:41 വരെയാണ് ഹരിവാസര വേള. ഈ സമയത്ത് വിഷ്ണു പൂജ, മന്ത്ര ജപം എന്നിവ നടത്തണം. അടുത്ത രാവിലെ 6:11 മണിക്ക് ശേഷം പാരണ വിടാം .

എല്ലാ വ്രതങ്ങളിലും ശ്രേ‌ഷ്ഠം ഏകാദശിവ്രതം എന്നാണ് വിഷ്ണുഭക്തരുടെ പ്രമാണം. ഇഹലോക സുഖവും പരലോക സുഖവും തരുന്ന വ്രതമാണിത്. മുരൻ എന്ന അസുരനെ നിഗ്രഹിക്കാൻ വിഷ്ണു ഭഗവാനിൽ നിന്നും അവതരിച്ച ദേവിയാണ് ഏകാദശിയായത്. ദേവി ആവിർഭവിച്ച ദിവസം ഏകാദശിയായതിനാൽ ആ പേരു സ്വീകരിച്ചു. മുരനെ നിഗ്രഹിച്ചതിന് വരദാനം ചോദിച്ച
ദേവിക്ക് ഭഗവാനാണ് ആ തിഥി വരുന്ന ദിവസങ്ങളിൽ സ്വന്തം പേരിൽ ഏകാദശിവ്രതം അനുവദിച്ചത്. മുരനെ വധിച്ചതിനാലാണ് മഹാവിഷ്ണു മുരാരിയായത്.

ചാന്ദ്രമാസത്തിലെ ഇരുപക്ഷങ്ങളിലെയും പതിനൊന്നാം തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം ഇത് വരും. വെളുപക്ഷത്തിലേത് ശുക്ലപക്ഷ ഏകാദശി; ഗൃഹസ്ഥർ വെളുപക്ഷത്തിലെ ഏകാദശി നോൽക്കുന്നത് ശ്രേഷ്ഠമാണ്. കറുത്ത പക്ഷത്തിലുള്ളത് കൃഷ്ണപക്ഷ ഏകാദശി. ഒരു വർഷത്തിൽ 24 ഏകാദശികളുണ്ട്. ചിലപ്പോൾ ഇത് 25 എണ്ണവും ആകാം. ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് ഒരു ഏകാദശിയിലാണെന്ന് വിശ്വസിക്കുന്നു. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയാണ് ഭൂരിപക്ഷ ഏകാദശി, ദ്വാദശി ബന്ധമുള്ളത് ആനന്ദപക്ഷ ഏകാദശി. ധനു, മകരം, മീനം, മേടം മാസങ്ങളിൽ ഒരു മാസം വേണം തുടർച്ചയായി ഏകാദശിവ്രതം തുടങ്ങാൻ.

ഏകാദശിയുടെ അവസാന 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ ഹരിവാസര വേള ഒന്നും ഭക്ഷിക്കാതെ വിഷ്ണു ചിന്തയും ജപവുമായി കഴിയുന്നത് അത്യുത്തമമാണ്. ഈ സമയത്ത് മഹാവിഷ്ണുവിന്റെ സാമീപ്യം വളരെ കൂടുതൽ ഭൂമിയില്‍ അനുഭവപ്പെടും എന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണ ഫലസിദ്ധിയേകും.

ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്ന് ദിവസങ്ങളും ഏകാദശിവ്രതത്തിന് പ്രാധാനമാണ്. ഈ ദിവസങ്ങളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിക്കാം. മറ്റ് സമയത്ത് ഗോതമ്പിലുണ്ടാക്കിയ ലളിത വിഭവങ്ങളും പയര്‍, പുഴുക്ക്, പഴങ്ങള്‍, ഫലം എന്നിവ കഴിക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ഈ ദിവസം തുളസീതീര്‍ത്ഥം മാത്രം കുടിച്ച് വ്രതമെടുക്കുന്നവരുണ്ട്. അതിന് കഴിയാത്തവർ ഒരു നേരം അരിയാഹാരം കഴിച്ച് വ്രതം നോൽക്കുന്നു. അടുത്ത ദിവസം തുളസീതീര്‍ത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കും. ഈ മൂന്ന് ദിവസവും പ്രത്യേകിച്ച് ഏകാദശി ദിവസം വിഷ്ണു പ്രീതികരമായ മന്ത്രജപങ്ങൾ പ്രധാനമാണ്. കഴിയുന്നത്ര തവണ ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നിവയും വിഷ്ണുഗായത്രി, വിഷ്ണു അഷ്ടോത്തരം തുടങ്ങിയവയും ജപിക്കണം. വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തണം. ക്ഷേത്ര ദര്‍ശനത്തിന് കഴിയാത്തവർ വീട്ടിൽ പൂജാമുറിയിൽ മഹാവിഷ്ണുവിന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. ശ്രീരാമ, ശ്രീകൃഷ്ണ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതിനും ഏകാദശി ദിനം ഉത്തമമാണ്. മൗനം ഭജിക്കുന്നതും നല്ലതാണ്. മത്സ്യ മാംസ ഭക്ഷണം, മദ്യസേവ, ശാരീരിക ബന്ധം, പകലുറക്കം ഇതൊന്നും പാടില്ല. രണ്ടു നേരം കുളിക്കണം.

മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ട തുളസിയിലയും പഴങ്ങളും ഏകാദശിക്ക് ക്ഷേത്രത്തിൽ സമര്‍പ്പിക്കുന്നത് സുകൃതകരമാണ്. വിഷ്ണുസൂക്ത പുഷ്പാഞ്ജലി, മുഴുക്കാപ്പ് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. മേടം, കർക്കടകം രാശിയിൽ പിറന്ന അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, പുണർതം അവസാന കാൽ, പൂയം, ആയില്യം നക്ഷത്രക്കാർ ഏകാദശി വ്രതം
നോൽക്കുന്നത് വളരെ നല്ലതാണ്.

Story Summary: Significance of Pavitra / Puthrapada Ekadashi

error: Content is protected !!