സന്താനലാഭം, ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം ;മേയ് 25 ന് ഇടവത്തിലെ ഷഷ്ഠി
മംഗള ഗൗരി
സുബ്രഹ്മണ്യ സ്വാമിയെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ ദിവസങ്ങളിൽ ഒന്നാണ് ഇടവ മാസത്തിലെ ഷഷ്ഠി വ്രതം. ഇടവത്തിലെ (വൈശാഖം – ജ്യേഷ്ഠം) വെളുത്തപക്ഷ ഷഷ്ഠിയില്‍ വ്രതമെടുത്ത് സ്‌കന്ദനെ പൂജിച്ചാല്‍ മാതൃസൗഖ്യമാണ് മുഖ്യ ഫലം. ഈ ഷഷ്ഠി തിഥി സമയം മേയ് 25 വെളുപ്പിന് 3:01 മുതൽ 26 ന് പുലർച്ചെ 5:20 വരെയാണ്.
ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ പഞ്ചമിനാളില്‍ ഉപവസിക്കുകയും, ഷഷ്ഠിനാളില്‍ പ്രഭാതസ്‌നാനം, ക്ഷേത്രദര്‍ശനം മുതലായവ ചെയ്യുകയും വേണം. ഷഷ്ഠിനാളില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍നിന്നും ലഭിക്കുന്ന നിവേദ്യച്ചോറ് കഴിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്. എല്ലാ വ്രതങ്ങള്‍ക്കും വ്രതം അനുഷ്ഠിക്കുന്ന ദിവസത്തിനാണ് കൂടുതൽ പ്രാധാന്യം. എന്നാല്‍ ഷഷ്ഠിവ്രതത്തിനു മാത്രം അതിന്റെ തലേദിവസമായ പഞ്ചമിക്കും അതേ പ്രാധാന്യമുണ്ട്. പഞ്ചമിനാളില്‍ ഉപവാസമോ ഒരിക്കലോ നിർബ്ബന്ധമാണ്.
അന്ന് ഉപവസിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരുനേരം മാത്രം അരിയാഹാരം കഴിച്ചു കൊണ്ടും വ്രതം അനുഷ്ഠിക്കാവുന്നതാണ്. വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ ഷഷ്ഠി വരെയുള്ള ആറ് ദിവസവും മല്‍സ്യമാംസാദികള്‍ വെടിഞ്ഞ് ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നത് കൂടുതല്‍ ഉത്തമം. സക്ന്ദ ഷഷ്ഠിക്ക് ഇത്തരത്തിലാണ് കൂടുതൽ പേരും വ്രതം അനുഷ്ഠിക്കുന്നത്. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഷഷ്ഠി അനുഷ്ഠിച്ചാല്‍ സുബ്രഹ്മണ്യന്റേത് പോലെതന്നെ ശിവപാര്‍വ്വതിമാരുടെയും അനുഗ്രഹം സിദ്ധിക്കും. സുബ്രഹ്മണ്യ മൂലമന്ത്രം, ഗായത്രി, അഷ്ടോത്തരം, സ്‌കന്ദപുരാണം എന്നിവ ഷഷ്ഠി വ്രതം നോൽക്കുന്നവർ പാരായണം ചെയ്യണം.
അഭിഷേകപ്രിയനാണ് സുബ്രഹ്മണ്യ സ്വാമി. അതിനാൽ
പാല്‍, പനിനീര്‍, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്‍, ഭസ്മം എന്നിവകൊണ്ട് നടത്തുന്ന അഭിഷേകമാണ് ഏറ്റവും ഉത്തമമായ വഴിപാടുകൾ. പഴം, കല്‍ക്കണ്ടം, നെയ്യ്, ശര്‍ക്കര, മുന്തിരി എന്നിവചേര്‍ത്തുണ്ടാക്കുന്ന വിശിഷ്ട നിവേദ്യമാണ് പഞ്ചാമൃതം. ഈ 5 വസ്തുക്കള്‍ പഞ്ചഭൂതതത്ത്വങ്ങളെ പ്രതിനിധീകരിക്കുന്നു. ആഗ്രഹസാഫല്യമാണ് പഞ്ചാമൃതാഭിഷേകത്തിന്റെ ഫലം. പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖം, പാല്‍, നെയ്യ്, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകം നടത്തിയാല്‍ ശരീരസുഖം, എണ്ണ കൊണ്ട് അഭിഷേകം നടത്തിയാല്‍ രോഗനാശം, ഭസ്മം കൊണ്ട് അഭിഷേകം നടത്തിയാല്‍ പാപനാശം, തൈര് കൊണ്ട് അഭിഷേകം നടത്തിയാല്‍ സന്താനലാഭം എന്നിവയാണ് ഫലം.
അഗ്‌നിസ്വരൂപനാണ് കുജന്‍. അതുകൊണ്ടു സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപം തെളിക്കുക, എണ്ണസമര്‍പ്പിക്കുക, നെയ്‌വിളക്ക് നടത്തുക മുതലായവ കുജദോഷ പരിഹാരത്തിനുള്ള ഉത്തമ മാര്‍ഗ്ഗമാണ്.
സുബ്രഹ്മണ്യ ഭഗവാന്റെ വാർഷിക പ്രധാനമായ വിശേഷ ദിനങ്ങൾ തൈപ്പൂയം, സ്‌കന്ദഷഷ്ഠി, വൈകാശി വിശാഖം എന്നിവയാണ്. ഇതിന് പുറമെ ഷഷ്ഠി തിഥി, കാർത്തിക, പൂയം, വിശാഖം നക്ഷത്രം, ചൊവ്വ, ഞായർ ദിവസങ്ങൾ എന്നിവയും ഷൺമുഖ പ്രീതി നേടാൻ ഉത്തമമാണ്. ഭഗവാന്റെ അവതാര ദിവസമാണ് വൈകാശി വിശാഖം.
Story Summary: Significance and Benefits of Shashti Vritham ( Edavam )