സന്താന ക്ലേശം, ദാരിദ്ര്യം, വിവാഹതടസ്സം എന്നിവ പെട്ടെന്ന് മാറ്റാൻ ഇതാണ് വഴി
മംഗള ഗൗരി
സന്താനഭാഗ്യം ആഗ്രഹിക്കുന്നവരും സന്താനങ്ങൾ കാരണം ക്ലേശിക്കുന്നവരും ചൊവ്വാ ദോഷങ്ങൾ കാരണം വിവാഹം വൈകുന്നവരും മാർഗ്ഗശീർഷം മാസത്തിൽ ( വൃശ്ചികം – ധനു ) തുടങ്ങി കാർത്തിക മാസത്തിൽ (തുലാം – വൃശ്ചികം ) അവസാനിക്കും വിധം 12 ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. ഷഷ്ഠി വ്രതം നോറ്റ് സുബ്രഹ്മണ്യ ഭഗവാനെ ഭജിച്ചാൽ പെട്ടെന്ന് ദോഷദുരിത നിവൃത്തി വരുമെന്നാണ് വിശ്വാസം. 2023 ഡിസംബർ 18 തിങ്കളാഴ്ചയാണ് മാർഗ്ഗശീർഷ ഷഷ്ഠി. സുബ്രഹ്മണ്യ ഷഷ്ഠി, ചമ്പാഷഷ്ഠി എന്നെല്ലാം ഇത് അറിയപ്പെടുന്നു. തിഥി സമയം: ഡിസംബർ 17 വൈകിട്ട് 5:33 മുതൽ 18 പകൽ 3:14 വരെ.
പ്രണവത്തിന്റെ അര്‍ത്ഥമറിയാത്ത ബ്രഹ്മാവിനെ
കാരാഗ്രഹത്തിലടച്ച പാപത്തിന് പ്രായശ്ചിത്തമായി
സുബ്രഹ്മണ്യന്‍ സര്‍പ്പരൂപിയായി മാറി. അമ്മ പാര്‍വതി
ഒൻപത് വർഷം 108 ഷഷ്ഠിവ്രതം നോറ്റ് മകനെ ഈ പാപത്തിൽ നിന്നും വിഷ്ണു സ്പര്‍ശത്താൽ മോചിപ്പിച്ചു. മാർഗ്ഗശീർഷത്തിലെ ഷഷ്ഠിനാളില്‍ കര്‍ണാടകയിലെ സുബ്രഹ്മണ്യത്ത് വച്ചാണ് ഇപ്രകാരം സംഭവിച്ചതെന്നാണ് ഐതിഹ്യം. അതിനാൽ ഇത് സുബ്രഹ്മണ്യ ഷഷ്ഠിയായി. ഈ വ്രതമെടുത്താൽ സര്‍പ്പശാപം, മഹാരോഗങ്ങള്‍, സന്തതിദുഃഖം, പാപദോഷം മുതലായവയില്‍ നിന്ന് മോചനം കിട്ടും.
ഷഷ്ഠി വ്രതമെടുക്കുന്നവർ തലേന്ന് പഞ്ചമിയിൽ ഒരിക്കലെടുത്ത് ഷഷ്ഠി ദിവസം രാവിലെ കുളിച്ച് മുരുക ക്ഷേത്രത്തിൽ തൊഴുത് പൂജകളിൽ പങ്കെടുത്ത് ഉച്ചയ്ക്ക് അവിടുത്തെ നിവേദ്യച്ചോറുണ്ട് പാരണ വിടാം. ഒരു നേരം അരിയാഹാരവും മറ്റ് സമയത്ത് ഫലങ്ങളും കഴിക്കാം.
അശ്വതി, കാർത്തിക, മകം, ഉത്രം, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രജാതർ എല്ലാ മാസവും ഷഷ്ഠി വ്രതംം നോറ്റാൽ അവർക്ക് ജീവിതത്തിൽ മേൽക്കുമേൽ അഭിവൃദ്ധിയും മഹാഭാഗ്യവുമുണ്ടാകും. ഉത്രാടം, മൂലം, ഉത്തൃട്ടാതി, അനിഴം നക്ഷത്രക്കാർ ഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ ജീവിത ദുരിതങ്ങൾക്ക് ശമനമുണ്ടാകും. മാത്രമല്ല ഇവർക്ക് ധാരാളം ശുഭാനുഭവങ്ങളും ലഭിക്കും.
ചൊവ്വാദോഷ മുക്തി, കാര്യവിജയം, കുടുംബസൗഖ്യം, സന്താനഭാഗ്യം, സർപ്പദോഷ ശാന്തി, ജീവിതസൗഭാഗ്യം എന്നിവയ്ക്ക് ഉത്തമമാണ് ഷഷ്ഠി വ്രതാനുഷ്ഠാനം. ഇത് ഭക്തിയോടെ അനുഷ്ഠിച്ചാല്‍ ഭര്‍ത്തൃ, സന്താന ദുഖവും തീരാവ്യാധികളും ഉണ്ടാവുകയില്ലെന്നും വിശ്വസിക്കപ്പെടുന്നു. കുടുംബ ഐക്യത്തിനും ഐശ്വര്യം
നേടുന്നതിനും ഒരു സുബ്രഹ്മണ്യ സ്തുതിയും മന്ത്രവും
ഇവിടെ ചേർക്കുന്നു. സുബ്രഹ്മണ്യ ഗായത്രി ദിവസവും 21 തവണ ജപിക്കുന്നത് ചൊവ്വാ ദോഷം പരിഹരിക്കുന്നതിന്
ഉത്തമമാണ്.
വ്രതം അനുഷ്ഠിക്കുന്നവർ പഞ്ചമി, ഷഷ്ഠി ദിനങ്ങളില്‍ ഭഗവാന്റെ മൂലമന്ത്രമായ ഓം വചത്ഭുവേ നമഃ കുറഞ്ഞത് 108 തവണ ജപിക്കണം. മുരുകനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഓം ശരവണ ഭവഃ എന്ന മന്ത്രം 21 തവണ ജപിക്കുന്നതും അരിഷ്ടതകൾ മാറി മന:സുഖം നേടാൻ നല്ലതാണ്.
സുബ്രഹ്മണ്യ സ്തുതി
കനകകുണ്ഡലമണ്ഡിതഷണ്‍മുഖം
വനജരാജിത ലോചനം
നിശിത ശസ്ത്രശരാസനധാരിണം ശരവണോദ്ഭവമീശസുതം ഭജേ
സുബ്രഹ്മണ്യ മന്ത്രം
ഓം വല്ലീദേവയാനീ സമേത
ദേവസേനാപതീം
കുമാര ഗുരുവരായ സ്വാഹാ
സുബ്രഹ്മണ്യ ഗായത്രി
സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്
Story Summary: Significance and Benefits Of Subramaniaya Shashi Vritham ( Marga Shersha Shashi )