Thursday, 21 Nov 2024
AstroG.in

സന്താന ദു:ഖവും ശാപദുരിതവും തീരാൻ ആയില്യത്തിന് നാഗാരാധന

നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാനാകുന്ന അത്ഭുതശക്തിയുള്ള ദൈവങ്ങളാണ്‌ നാഗങ്ങൾ. രക്ഷിക്കാനും ശിക്ഷിക്കാനും കഴിയുന്ന നാഗങ്ങളെ പണ്ടുമുതലേ ആരാധിച്ചുവരുന്നു. മാറാരോഗങ്ങൾക്കും സന്താനദുഃഖത്തിനും ശാപദുരിതങ്ങൾക്കും നാഗാരാധനയിലൂടെ ശാന്തി ലഭിക്കും. ശരീരശുദ്ധിയും മന:ശുദ്ധിയും ഒത്തുചേരുമ്പോൾ നാഗാരാധന പൂർണ്ണ ഫലപ്രാപ്തിയേകും. തലമുറകളായി പിൻതുടരുന്ന ശാപദുരിതങ്ങൾ പോലും മാറുന്നതിന് നാഗാരാധന ഗുണകരമാണ്. എല്ലാ മാസത്തെ ആയില്യവും നാഗാരാധനയ്ക്ക് പ്രധാനമാണ്; കന്നി, തുലാം മാസങ്ങളിലെ ആയില്യമാണ് ഏറ്റവും പ്രധാനം. ആയില്യം ദിവസം ക്ഷേത്രങ്ങളിൽ നൂറും പാലും നാഗരാജപൂജ എന്നീ വഴിപാടുകൾ നടത്തണം. അന്ന് ക്ഷേത്രദർശനം നടത്തി നാഗാരാജാവിനെ തൊഴുണം, മഞ്ഞൾപ്പൊടി അഭിഷേകം ചെയ്യുന്നതും തിരിതെളിക്കുന്നതും നല്ലതാണ്.

എല്ലാവിധ ഐശ്വര്യവും സമൃദ്ധിയും അനുഭവിച്ചു വരുന്ന ഒരു വ്യക്തിയെപ്പോലും ഉന്മൂലനാശം ചെയ്യുന്നതിന് നാഗശാപത്തിന് കഴിയും. നാഗശാപത്തിന്റെ സൂചനകയോ സംശയമോ തോന്നിയാലുടൻ നാലുപേരോട് ചോദിച്ചാൽ നല്ലതു പറയുന്ന ഒരു ജ്യോത്സ്യനെയോ പൂജാരിയെയോ താന്ത്രികനെയോ സമീപിച്ച് ആവശ്യമായ പരിഹാരം ചെയ്യണം. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തണം. മഞ്ഞൾ അഭിഷേകം നടത്തുക, പാലും പഴവും നിവേദിക്കുക എന്നിവ നല്ലതാണ്. ദോഷാധിക്യത്തിൽ നാഗർക്ക് പത്മമിട്ട് പ്രത്യേകമായി പൂജിക്കുക. സർപ്പബലി നടത്തുക. എല്ലാവിധ കർമ്മങ്ങളും ഉത്തമനായ കർമ്മിയെക്കൊണ്ട് ചെയ്യിക്കുക.

വെട്ടിക്കോട്, മണ്ണാറശ്ശാല, പാമ്പുംമേക്കാട്, അത്തിപ്പറ്റ മന, നാഗംപൂഴിമന, ആമേടം ഇല്ലം, കോളപ്പുറം ഇല്ലം, പറമ്പൂർ മന, പെരളശേരി, മദനന്തേശ്വരം, പൂജപ്പുര നാഗർക്കാവ്, കളർകോട്, തിരുവനന്തപുരം അനന്തൻകാട് നാഗരാജക്ഷേത്രം, പൂജപ്പുര നാഗരുകാവ് തുടങ്ങിയവ കേരളത്തിലെ ചില പ്രധാന നാഗാരാധന സന്നിധികളാണ്. വേറെയും നൂറുകണക്കിന് നാഗാരാധനാ കേന്ദ്രങ്ങളുണ്ട്. കേരളത്തിനു വെളിയിൽ കർണ്ണാടകത്തിലെ കുക്കി, (ധർമ്മസ്ഥലയ്ക്കടുത്ത്)നാഗർകോവിൽ (കന്യാകുമാരിജില്ല) തിരുനാഗേശ്വരം (കുംഭകോണത്തിനടുത്ത്) എന്നിവപ്രസിദ്ധങ്ങളാണ്.

ആയില്യം, പഞ്ചമി, കറുത്തവാവ്, പൗർണ്ണമി, ബുധൻ, വ്യാഴം, ഞായർ,തിങ്കൾ എന്നിവയാണ് നാഗമന്ത്ര ജപാരംഭത്തിന് ഉത്തമദിവസങ്ങൾ. ഒരു ഗുരുവിൽ നിന്നും മന്ത്രോപദേശം വാങ്ങി മാത്രം നാഗമന്ത്രങ്ങൾ ജപിക്കണം. നാഗമന്ത്രങ്ങൾക്ക് അത്ഭുതശക്തിയുണ്ട്. ക്ഷിപ്ര അനുഗ്രഹത്തിനും ക്ഷിപ്രകോപത്തിനും നാഗങ്ങൾക്ക് ശക്തിയുണ്ട്. അതുകൊണ്ടുതന്നെ നാഗമന്ത്രങ്ങൾ ശ്രദ്ധിച്ച് ഉപാസിക്കണം. വ്രതനിഷ്ഠയോടെ ജപിച്ചാൽ അത്ഭുതഫലം ഉണ്ടാകും.

നാഗരാജമന്ത്രം
ഓം നമ: കാമരൂപീണേ
നാഗാരാജായ മഹാബലായ സ്വാഹ

എന്ന നാഗരാജമന്ത്രം നാഗരാജപ്രീതിക്ക് അത്യുത്തമമാണ്. 108 പ്രാവശ്യം ആയില്യം ദിവസം രാവിലെ ജപിക്കുക. അത്ഭുതശക്തിയുള്ള ഈ മന്ത്രം ആയില്യം ദിവസംതുടങ്ങി 21 ദിവസം ജപിച്ചാൽ നാഗശാപം മാറി ഐശ്വര്യം ഉണ്ടാകും.

നാഗമോഹനമന്ത്രം
ഓം നമ:ശിവായ
നാഗായ നാഗമോഹനായ
നാഗാധിപതയേ
വിശ്വായ വിശ്വംഭരായ
വിശ്വപ്രാണായ
നാഗരാജായ ഹ്രീം നമ:

എന്ന അത്ഭുതശക്തിയുള്ള നാഗമോഹനമന്ത്രം മന്ത്രം ദിവസവും 12 പ്രാവശ്യം വീതം രണ്ടുനേരം ജപിക്കുക. 18 ദിവസംമുടങ്ങാതെ ജപിച്ചാൽ ആഗ്രഹ സാഫല്യം, മന:ശാന്തി, പാപശാന്തി എന്നിവയുണ്ടാകും.

ആയില്യ വ്രതമെടുക്കുന്നവർ തലേന്ന് മുതൽ മത്സ്യമാംസാദികളും മദ്യവും മറ്റു ലഹരി വസ്തുക്കളും ത്യജിക്കണം. ആയില്യം ദിവസം കഴിയുമെങ്കിൽ ഉപവസിക്കുക. ആയില്യത്തിന്റെ പിറ്റേദിവസം രാവിലെ ശിവക്ഷേത്രത്തിൽനിന്നും തീർത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കണം.

ഓം നമ:ശിവായ മന്ത്രം വ്രതദിവസങ്ങളിൽ 336 പ്രാവശ്യം വീതം ജപിക്കുക. സർപ്പക്ഷേത്രത്തിലും നാഗപ്രതിഷ്ഠയ്ക്ക് 5 പ്രാവശ്യം പ്രദക്ഷിണം വയ്ക്കുക. ഉദയം കഴിഞ്ഞും അസ്തമയത്തിനു മുമ്പും ഉള്ള സമയമാണ് നാഗപ്രദക്ഷിണത്തിന് ഉത്തമം.

പുതുമന മഹേശ്വരൻ നമ്പൂതിര, +91 944-702-0655 ( ഈശ്വര ചിന്ത പോലെ പുണ്യകരമാണ് ഈശ്വര കഥകളും ആരാധനാ രീതികളും ദുരിതമോചനത്തിനുള്ള മാർഗ്ഗങ്ങളും കഴിയുന്നത്ര ആളുകൾക്ക് പകർന്നു നൽകുന്നത്. വിഷമിക്കുന്നവരുടെ കണ്ണീരൊപ്പുന്നത് പോലെ സൽക്കർമ്മം വേറെയില്ല. അതിന് ഉപകരിക്കുന്ന ഈ ലേഖനം നിങ്ങൾ പ്രിയപ്പെട്ടവർക്കെല്ലാം പങ്കിട്ട് ഈശ്വരാനുഗ്രഹം നേടുക )

error: Content is protected !!