സന്താന ലാഭവും ആഗ്രഹ സാഫല്യവും നൽകും കർക്കടകത്തിലെ ഷഷ്ഠി വ്രതം
ഡോ.രാജേഷ് പുല്ലാട്ടിൽ
കർക്കടക മാസത്തിലെ ഷഷ്ഠിവ്രതം ആചരണത്തിന് അതിവിശേഷമാണ്. സുബ്രഹ്മണ്യസ്വാമിയുടെയും ശിവപാർവതിമാരുടെയും അനുഗ്രഹം ലഭിക്കുന്ന ഈ വ്രതം നോറ്റാൽ ആഗ്രഹസാഫല്യം ഉണ്ടാകും. സന്താന ലാഭം സന്താന ക്ഷേമം എന്നിവയ്ക്കും ഉത്തമമാണ് ഈ ദിവസത്തെ വ്രതാചരണം. കുമാരഷഷ്ഠി എന്നും ചിലർ വിളിക്കുന്ന കർക്കടകത്തിലെ ഷഷ്ഠി ഇത്തവണ 2021 ആഗസ്റ്റ് 14 ശനിയാഴ്ച ആണ്. കര്‍ക്കടക ഷഷ്ഠി ദിവസം തികഞ്ഞ ശുദ്ധിയോടെ വ്രതം അനുഷ്ഠിച്ച് യഥാവിധി സ്‌കന്ദനെ പൂജിച്ചാല്‍ സന്തതികള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ഈ ദിവസം ദാനം ചെയ്യുന്നത് ആഗ്രഹങ്ങൾ അതിവേഗം സഫലമാക്കുവാൻ നല്ലതാണ്.
സുബ്രഹ്മണ്യപ്രീതിക്ക് അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമ വ്രതമാണ് ഷഷ്ഠി. തലേന്ന്, പഞ്ചമിനാളില്‍ വ്രതം തുടങ്ങണം. അന്ന് ഉപവസിക്കണം. അതിന് കഴിയാത്തവര്‍ ഒരുനേരം മാത്രം അരി ആഹാരവും മറ്റ് സമയത്ത് ഫലങ്ങളും കഴിക്കണം. ഷഷ്ഠിനാളില്‍ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി അവിടുത്തെ നിവേദ്യം കഴിച്ച് വ്രത്രം തീർക്കാം. സുബ്രഹ്മണ്യ പ്രീതിക്ക് കീർത്തനങ്ങളും മന്ത്രങ്ങളും സ്കന്ദഷഷ്ഠി കവചവും സമർപ്പണ മനോഭാവത്തോടെ ജപിക്കുകയും ബാഹ്യ ആഭ്യന്തര ശുദ്ധി പാലിക്കുകയും വേണം.
സന്താനലാഭം, സന്തതികളുടെ നന്മ, അവരുടെ വിജയം, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതം നോൽക്കുന്നതിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസിനു വേണ്ടി മാതാപിതാക്കളാണ് ഷഷ്ഠിവ്രതം ഏറ്റവും കൂടുതൽ അനുഷ്ഠിക്കുന്നത്. ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവര്‍ സുബ്രഹ്മണ്യന്റെ മൂല മന്ത്രമായ ഓം വചത്ഭുവേ നമഃ കുറഞ്ഞത് 108 തവണ ജപിക്കണം. ഓം ശരവണ ഭവഃ എന്ന മന്ത്രം 21 തവണ ജപിക്കുന്നതും നല്ലതാണ്.
സുബ്രഹ്മണ്യന്റെ ധ്യാനം
സിന്ദൂരാരുണ കാന്തിമിന്ദുവദനം
കേയൂരഹാരാദിഭിർ
ദിവ്യയ്രാഭരണർവ്വിഭൂഷിതതനും
ദേവാരി ദുഃഖപ്രദം
അംഭോജാഭയ ശക്തികുക്കടധരം
രക്താംഗരാഗാംശുകം
സുബ്രഹ്മണ്യമുപാസ്മഹേ പ്രണമതാം
ഭീതി പ്രണാശോദ്യതം
(സിന്ദൂര വർണ്ണകാന്തിയുളള , ചന്ദ്രന്റെ മുഖമുള്ളവനും കേയൂരം, ഹാരം തുടങ്ങിയ ദിവ്യാഭരണങ്ങളാൽ അലങ്കരിക്കപ്പെട്ട ദേഹത്തോട് കൂടിയവനും അസുരന്മാർക്ക് ദുഃഖം നൽകുന്നവനും താമരപ്പൂവ്, അഭയ മുദ്ര, വേൽ, കോഴി, എന്നിവ കൈകളിൽ ഉള്ളവനും ചുവന്ന പട്ടും കുറിക്കൂട്ടുകളും അണിഞ്ഞവനും ഭക്തരുടെ ഭയം നശിപ്പിക്കുന്നവനും ആയ സുബ്രഹ്മണ്യനെ പ്രണമിക്കുന്നു.)
പ്രാർത്ഥനാ മന്ത്രം
ശക്തി ഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘ്നം ഭാവയേ കുക്കുട ധ്വജം
സുബ്രഹ്മണ്യ ഗായത്രി
ഓം തത്പുരുഷായ വിദ്മഹേ
മഹാസേനായ ധീമഹി
തന്നോ ഷൺമുഖ പ്രചോദ യാത്
ഡോ.രാജേഷ് പുല്ലാട്ടിൽ,
+91 9895502025
Story Summary: Significance of Karkkadaka Shashi Vritham