സന്ധ്യക്ക് ശ്രീരാമ ഹനുമദ് മന്ത്രങ്ങള്‍ ജപിച്ചാൽ എന്ത് പറ്റും?
ഹനുമാന്‍ സ്വാമി സന്ധ്യാസമയത്ത് ശ്രീരാമനാമം ചൊല്ലുന്നു. അതുകൊണ്ട് ആ സമയത്ത് ആരും ഹനുമാനെയോ ശ്രീരാമനെയോ സീതാദേവിയെയോ പ്രാര്‍ത്ഥിക്കരുത് എന്ന് പറയുന്നത് തെറ്റാണ്. യുക്തിക്ക് നിരക്കാത്ത അബദ്ധ ധാരണയാണിത്. സന്ധ്യാ സമയത്ത് മാത്രമല്ല ചിരഞ്ജീവിയായ ഹനുമാന്‍ സ്വാമി എപ്പോഴും ശ്രീരാമനാമം ഉരുവിടുകയാണ്. അതിനാൽ ശ്രീരാമ, ഹനുമദ്, സീതാമന്ത്രങ്ങള്‍ സന്ധ്യയ്ക്കും ചൊല്ലാം; രാവിലെയും വൈകിട്ടും ചൊല്ലാം. പകലും രാത്രിയും ഇല്ലാതെ രാമമന്ത്രം ജപിക്കുന്ന തനിക്കൊപ്പം ഭക്തരും പ്രാര്‍ത്ഥിച്ചാൽ അത് കണ്ട് ഹനുമാൻ സ്വാമി സന്തോഷിപ്പിക്കുകയേയുള്ളൂ. ജപിക്കുന്നവരെ തീർച്ചയായും ആഞ്ജനേയൻ അനുഗ്രഹിക്കും. മന്ത്രജപം പോലെ തന്നെ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്തിന് രാമായണത്തിലെ ലങ്കാമര്‍ദ്ദന ഭാഗം പാരായണം ചെയ്യുന്നതും നല്ലതാണ്.
അത്ഭുതശക്തിയുള്ള ഹനുമദ് മന്ത്രം ജപിച്ചാൽ ഭയവും ആശങ്കയും അകലും. ഓം ഹം ഹനുമതേ നമ: എന്നതാണ് ഹനുമദ് മന്ത്രം, അത്ഭുതശക്തിയുള്ള ഈ മന്ത്രം 84 തവണ വീതം ശുദ്ധിയോടെ രാവിലെയും വൈകുന്നേരവും ജപിക്കണം. എല്ലക്കാര്യങ്ങളിലുമുള്ള ഭയവും ആശങ്കകളും അകലും. ധൈര്യവും ശക്തിയും വിജയവും ലഭിക്കും. മന്ത്രോപദേശം സ്വീകരിച്ച് വ്രതനിഷ്ഠയോടെ ജപിച്ചാല്‍ പെട്ടെന്ന് ക്ഷിപ്രഫല സിദ്ധിയുണ്ടാകും. 21,41,54 ദിവസം കഴിവിനും സാഹചര്യത്തിനും പറ്റുന്ന രീതിയിൽ ജപിക്കുകയാണ് വേണ്ടത്.
അദ്ധ്യാത്മ രാമായണത്തിലെ ലങ്കാമര്‍ദ്ദനം ഭാഗം തുടർച്ചയായി 7 ദിവസം രാവിലെആഞ്ജനേയ സ്വാമിയെ സങ്കല്പിച്ചാണ് പാരായണം ചെയ്യേണ്ടത്. അങ്ങനെ ചെയ്താൽ ഏതൊരു മേഖലയിലും വിജയമുണ്ടാകും. കര്‍മ്മമേഖലയിലെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും ഇത് ഗുണകരമാണ്. തൊഴില്‍ ഇല്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കും. തൊഴില്‍ മേഖലയില്‍ പല തരം പ്രതിസന്ധികള്‍ അനുഭവിച്ച് വരുന്നവര്‍ക്ക് അത് മാറുന്നതിനും ലങ്കാമര്‍ദ്ദന പാരായണംനല്ലതാണ്. സീതാദേവിയെ അന്വേഷിച്ച് ലങ്കയിലെത്തുന്ന ഹനുമാന്‍ സ്വാമിയുടെ കഥയാണ് ലങ്കാമര്‍ദ്ദനം, സീതാദേവിയെ ശ്രീരാമന് കൊടുത്ത് മാപ്പപേക്ഷിക്കാന്‍ ഹനുമാന്‍ രാവണനെ ഉപദേശിക്കുന്നു. രോഷാകുലനായ രാവണന്‍ ഹനുമാന്റെ വാലില്‍ തീ കൊളുത്തുന്നു. ഹനുമാനാകട്ടെ ലങ്കാനഗരിയെ മുഴുവനും അഗ്നിക്കിരയാക്കുന്നു. ആജ്ഞനേയ സ്വാമിയുടെ അത്ഭുതശക്തിയാര്‍ന്ന ലീലകളുള്ള രാമായണത്തിലെ ഈ ഭാഗം ഭക്തിയോടും ശ്രദ്ധയോടും പാരായണം ചെയ്താല്‍ അത്ഭുതകരമായ ഫലസിദ്ധി അനുഭവിച്ചറിയാം.
– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി +91 9447020655