സന്നിധാനത്തെ താമസത്തിന് മുറികള്‍ ബുക്ക് ചെയ്യാം
ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് താമസത്തിന് ഓണ്‍ലൈനായും നേരിട്ടും മുറികള്‍ ബുക്ക് ചെയ്യാം. ദേവസ്വം ബോര്‍ഡിന്റെ സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി 540 മുറികള്‍ ആണുള്ളത്. ഓണ്‍ലൈനായി onlinetdb.com എന്ന വെബ്‌സൈറ്റിലൂടെ താമസിക്കാന്‍ ഉദ്ദേശിക്കുന്നതിന് 15 ദിവസം മുമ്പ് വരെയുള്ള ദിവസങ്ങളില്‍ മുറി ബുക്ക് ചെയ്യാനാകും. സന്നിധാനത്തിന് സമീപമുള്ള അക്കോമഡേഷന്‍ കൗണ്ടറുകള്‍ വഴി ആധാര്‍ കാര്‍ഡ് കാണിച്ച് അതാത് ദിവസത്തേക്ക് നേരിട്ടും ബുക്ക് ചെയ്യാം. 12 മണിക്കൂറത്തേക്കും16 മണിക്കൂറത്തേക്കു മാണ് മുറി ബുക്ക് ചെയ്യാനാവുക. 250 രൂപ മുതല്‍ 1,600 രൂപ വരെയാണ് 12 മണിക്കൂറത്തേക്കുള്ള മുറികളുടെ നിരക്ക്. ശബരി, പ്രണവം, സഹ്യാദ്രി, കൈലാസ്, മരാമത്ത് ഓഫീസ് കോംപ്‌ളക്‌സ്, പാലാഴി, സോപാനം, ശ്രീ മണികണ്ഠം, ചിന്മുദ്ര, ശിവശക്തി, തേജസ്വിനി, ശ്രീമാത, എന്നിവയാണ് തീര്‍ഥാടകര്‍ക്ക് ബുക്ക് ചെയ്യാവുന്ന സന്നിധാനത്തെ ഗസ്റ്റ് ഹൗസുകള്‍.
തീര്‍ത്ഥാടകര്‍ക്കായി പമ്പയില്‍
ഇന്‍ഫര്‍മേഷന്‍ കൗണ്ടർ
പമ്പ ത്രിവേണിയില്‍ നിലയ്ക്കല്‍ ബസ് വെയിറ്റിംഗ് ഏരിയയില്‍ കെ.എസ്.ആര്‍.ടി.സി. യുടെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ ആരംഭിച്ചു. ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമാണെന്ന് കെ.എസ്.ആര്‍.ടി.സി. പമ്പ സ്‌പെഷല്‍ ഓഫീസര്‍ അറിയിച്ചു.
ആപത്ഘട്ടത്തില്‍
ആപ്ത മിത്ര
അടിയന്തര സാഹചര്യങ്ങളിലും ദുരന്തമുഖത്തും അഗ്‌നി സുരക്ഷാ സേനയ്ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ശബരിമലയില്‍ ആപ്ത മിത്ര സിവില്‍ ഡിഫെന്‍സ് വോളന്റിയേഴ്സ് സേന സുസജ്ജം. സന്നിധാനത്തും പമ്പയിലുമായി 15 വീതം വോളന്റിയര്‍മാരെയാണ് അഗ്‌നി സുരക്ഷ സേനയ്ക്ക് ഒപ്പം വിന്യസിച്ചിരിക്കുന്നത്.റെസ്‌ക്യൂ ഓപ്പറേഷന്‍,സ്ട്രെച്ചര്‍ ഡ്യൂട്ടി എന്നിവയില്‍ അഗ്‌നിരക്ഷാ സേനയുടെ പരിശീലനം ലഭിച്ചവരാണ് ഇവര്‍.പുല്‍മേട്ടില്‍ അകപ്പെട്ട അയ്യപ്പഭക്തരെ രക്ഷിക്കുന്നതിലും മരക്കൂട്ടത്തിനു താഴെ 12 ആം വളവില്‍ അപകടാവസ്ഥയില്‍ നിന്ന മരം മുറിച്ചു നീക്കുന്നതിലും മറ്റു വകുപ്പുകള്‍ക്കൊപ്പം മികച്ച സേവനമാണ് ആപ്ത മിത്ര നല്‍കിയത്. മല ചവിട്ടുന്ന സ്വാമിമാര്‍ക്ക് ആരോഗ്യപ്രശനങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ പ്രാഥമിക വൈദ്യ സഹായം ലഭ്യമാക്കുന്നതിനും സിവില്‍ ഡിഫെന്‍സ് വോളന്റീയര്‍മാര്‍ സജ്ജരാണ്. സംസ്ഥാനാത്തുടനീളമുള്ള അഗ്‌നിസുരക്ഷാ നിലയങ്ങളുടെ പരിധിയില്‍ നിന്ന് തിരഞ്ഞെടുത്തു സ്റ്റേഷന്‍ , ജില്ലാ ,സംസ്ഥാന തല പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ആപ്ത മിത്ര വോളന്റിയര്‍മാര്‍. ഇവര്‍ക്ക് ആവശ്യമായ റെസ്‌ക്യൂ കിറ്റ് ,യൂണിഫോം ,ഐ ഡി കാര്‍ഡ് എന്നിവ അഗ്‌നി സുരക്ഷാ സേന നല്‍കിയിട്ടുണ്ട്.
അടിയന്തര വൈദ്യ സഹായത്തിന്
വിളിക്കാം ഇ എം സി യിലേക്ക്
ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ഏതെങ്കിലും തരത്തില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തില്‍ അടിയന്തര വൈദ്യ സഹായം ലഭിക്കുന്നതിന് 04735 203232 എന്ന എമര്‍ജന്‍സി മെഡിക്കല്‍ കണ്‍ ട്രോള്‍ റൂം നമ്പറിലേക്ക് ബന്ധപ്പെടാം. സന്നിധാനത്തേക്ക് എത്തുന്നവര്‍ക്കും മടങ്ങി പോകുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. മലകയറുമ്പോള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പരമാവധി പാലിക്കണം. സാവധാനം മല കയറണം. ഇടയ്ക്ക് വിശ്രമിക്കണം. മല കയറുമ്പോള്‍ ശ്വാസ തടസ്സം, നെഞ്ചുവേദന, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ കയറ്റം നിര്‍ത്തി വൈദ്യസഹായം തേടണം.
ശബരിമല ക്ഷേത്ര സമയം
(23.11.2024, ശനി )
രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00
പൂജാ സമയം
നെയ്യഭിഷേകം…… രാവിലെ 3.30 മുതൽ
ഉഷഃപൂജ……………. രാവിലെ 7.30
ഉച്ചപൂജ……………….12.30
ദീപാരാധന ………….വൈകിട്ട് 6.30
അത്താഴപൂജ………രാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ
നട അടയ്ക്കും.
Copyright 2024 Neramonline.com. All rights reserved