സമ്പത്തിനും കാര്യസിദ്ധിക്കും
ഇത് നിത്യവും ജപിക്കാം
ജ്യോതിഷരത്നം വേണു മഹാദേവ്
ഏത് സങ്കട മോചനത്തിനും വിഷ്ണുവിനെ ഭജിച്ചാൽ മതി. വ്യാഴാഴ്ചയാണ് വിഷ്ണുവിനെ ഉപാസിക്കുവാൻ ഏറ്റവും നല്ലത്. അന്ന് വിഷ്ണു ക്ഷേത്ര ദർശനവും വഴിപാടും നടത്തുന്നത് നല്ലതാണ്. പിന്നെ ഭഗവാന്റെ മൂല മന്ത്രമായ ഓം നമോ നാരായണായ ഏറ്റവും പ്രിയങ്കരമായ ദ്വാദശാക്ഷര മന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ, വിഷ്ണു ഗായത്രി എന്നിവ ജപിക്കണം.
സമ്പത്ത് വർദ്ധിക്കാനും ഐശ്വര്യം ലഭിക്കാനും കുടുംബ ക്ഷേമത്തിനും ഉത്തമമാണ് വിഷ്ണു ഗായത്രി ജപം. എല്ലായിടത്തും നിറഞ്ഞിരിക്കുന്നവൻ വിഷ്ണു; എല്ലാവരെയും സംരക്ഷിക്കുന്നവൻ നാരായണൻ; എല്ലാവരിലും കുടികൊള്ളുന്ന ചൈതന്യം വാസുദേവൻ – ഇത് മൂന്നും ചേരുന്നത് ബ്രഹ്മം. ഇവിടെ മൂന്ന് വ്യത്യസ്ത ഭാവങ്ങൾ, മൂന്ന് പേരുകളിൽ ഒരു മൂർത്തിയിൽ കുടികൊള്ളുന്നു. അതാണ് വിഷ്ണു ഗായത്രിയിൽ തെളിയുന്നത്. അത്ഭുത സിദ്ധിയുള്ളതാണ് വിഷ്ണു ഗായത്രി ജപം ഐശ്വര്യത്തിനും കുടുംബ ക്ഷേമത്തിനും മാത്രമല്ല ഇഷ്ട കാര്യസിദ്ധിക്കും പാപശാന്തിക്കും ഇത് എന്നും 36 തവണ ജപിക്കുന്നത് ഗുണകരമാണ്.
വിഷ്ണു ഗായത്രി
നാരായണായ വിദ്മഹേ
വസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്
സമസ്ത ചരാചരങ്ങളിലും കാരുണ്യം ചൊരിയുന്ന ഭഗവനാണ് ശ്രീമഹാവിഷ്ണു. പാലാഴിയിൽ പള്ളികൊള്ളുന്ന വിഷ്ണു ഭഗവാൻ തന്നെ ഭജിക്കുന്ന എല്ലാ ഭക്തരെയും അനുഗ്രഹിക്കും. ത്രിമൂർത്തികളിൽ ആദ്യന്തരഹിതനായും ആദിനാരായണനായും പരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും ദേവനായും കണക്കാക്കപ്പെടുന്ന ഭഗവാന് പ്രധാനമായും 10 അവതാരങ്ങളുണ്ട്. കലിയുഗം അവസാനിക്കുമ്പോൾ സംഭവിക്കുന്ന ഖഡ്ഗി (കല്കി), അവതാരമടക്കമാണ് ദശാവതാരങ്ങൾ. ഒരേ ഒരു സ്ത്രീ അവതാരമായ മോഹിനീ രൂപം ഉൾപ്പെടെ അനേകം അംശാവതാരങ്ങളും വിഷ്ണു ഭഗവാനുണ്ട്. വിഷ്ണുവിന്റെ എല്ലാ അവതാരങ്ങളെയും ആർക്കും ഭജിക്കാം. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കല്കി എന്നിവയാണ് ജനാർദ്ദനന്റെ ദശാവതാരങ്ങൾ.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559
Story Summary: Benefits of Chanting Vishnu Gayatri
Copyright 2022 Neramonline.com. All rights reserved