Saturday, 23 Nov 2024
AstroG.in

സമ്പത്തും കീർത്തിയും ഒന്നിച്ചുതരും മഹാലക്ഷ്മ്യഷ്ടകം

സമ്പത്ത്, കീര്‍ത്തി,  സമൃദ്ധി തുടങ്ങി ഭൗതികമായ എല്ലാ’ സൗഭാഗ്യങ്ങളും നല്കുന്ന ദേവതയാണ് വിഷ്ണു പത്‌നിയായ മഹാലക്ഷ്മി.

മഹാലക്ഷ്മിയെ ഭക്തിപൂര്‍വ്വം ഭജിക്കുന്നവര്‍ക്ക് ദാരിദ്ര്യം അകന്ന് സമ്പല്‍ സമൃദ്ധി കൈവരും.  മഹാലക്ഷ്മിയെ സ്തുതിക്കുന്ന  അനേകം മന്ത്രങ്ങളും സ്‌തോത്രങ്ങളും ഉണ്ടെങ്കിലും വളരെയധികം പ്രാധാന്യമുള്ളതും ശക്തിമത്തായതും  മഹാലക്ഷ്മി അഷ്ടകമാണ്. മഹാലക്ഷ്മിയുടെ എട്ടുഭാവങ്ങളായ അഷ്ടലക്ഷ്മിമാരെയാണ് ഈ സ്‌തോത്രം കൊണ്ട് സ്തുതിക്കുന്നത്. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യ ലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നിവരാണ് അഷ്ടലക്ഷ്മിമാര്‍. നിത്യേനയുള്ള ജപംകൊണ്ട് സര്‍വ്വ ഐശ്വര്യവും നേടാന്‍ ഇതിലൂടെ സാധിക്കും. ദാരിദ്ര്യനാശം മുതൽ ധനധാന്യസമൃദ്ധിയും സര്‍വ്വകാര്യവിജയവും വരെ ലഭിക്കും. എല്ലാത്തരത്തിലുള്ള ഇല്ലായ്മകളും, പോരായ്മകളും ദൗര്‍ഭാഗ്യങ്ങളും ജന്മനാലുള്ള ദാരിദ്ര്യയോഗങ്ങളും ഈ മന്ത്രം തുടർച്ചയായി  ജപിക്കുന്നതിലൂടെ  ഇല്ലാതാകും. അതോടൊപ്പം വിദ്യാവിജയവും, തൊഴില്‍പരമായ നേട്ടങ്ങളും, കുടുംബ ഐശ്വര്യവും, സമൃദ്ധമായ ധനലാഭവും താനെ വന്നുചേരും.ഈ എട്ടു മന്ത്രങ്ങളും നിത്യവും രാവിലെയും വൈകിട്ടും ദേഹശുദ്ധി വരുത്തി കുറഞ്ഞത് എട്ടുതവണ വീതമെങ്കിലും മുടങ്ങാതെ ജപിക്കണം. മഹാലക്ഷ്മിയുടെ ചിത്രത്തിന് മുന്നില്‍ നെയ് വിളക്ക് തെളിച്ചിട്ട് ജപിക്കുന്നത് കൂടുതല്‍ ഫലസിദ്ധി നല്കും. ദീപാവലി, വെള്ളിയാഴ്ച ദിവസങ്ങളിലെ ജപത്തിന് പ്രത്യേക ഫലമുണ്ട്.ജ്യോതിഷത്തില്‍ സമ്പത്തിന്റെയും വസ്ത്രാഭരണങ്ങളുടെയും വാഹനത്തിന്റെയും എല്ലാത്തരത്തിലുമുള്ള ഭൗതിക ക്ഷേമൈശ്വര്യങ്ങളുടെയും കാരകന്‍ ശുക്രനാണ്. ശുക്രന്റെ അധിദേവതയാണ് മഹാലക്ഷ്മി. മഹാലക്ഷ്മീ ഭജനം കൊണ്ട് ശുക്രന്റെ ഫലദാനശേഷി വര്‍ദ്ധിക്കുന്നു.  ശുക്രദശയോ ശുക്രാപഹാരമോ നടക്കുന്നവര്‍ തീര്‍ച്ചയായും അഷ്ട ലക്ഷ്മീഭജനം നടത്തണം.

1.ധനലക്ഷ്മി       നമസ്തേസ്തു മഹാമായോ ശ്രീപീഠേ സുരപൂജിതേ ശംഖചക്ര ഗദാഹസേ്ത മഹാലക്ഷ്മി നമോസ്തുതേ!

2.ധാന്യലക്ഷ്മി നമസ്തേ  ഗരുഡാരൂഢേ കോലാസുര ഭയങ്കരീ സര്‍വ്വപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.

3.ധൈര്യലക്ഷ്മി സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വ ദുഷ്ട ഭയങ്കരീ സര്‍വ്വദുഃഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ

4. ശൗര്യലക്ഷ്മി സിദ്ധിബുദ്ധിപ്രദേ ദേവീ ഭൂക്തിമുക്തിപ്രദായിനീ മന്ത്രമൂര്‍ത്തേ സദാ ദേവീ മഹാലക്ഷ്മി നമോസ്തുതേ.

5 . വിദ്യാലക്ഷ്മി ആദ്യന്തേ രഹിതേ ദേവീ ആദ്യശക്തി മഹേശ്വരി യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോസ്തുതേ.

6. കീര്‍ത്തിലക്ഷ്മി സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ മഹാശക്തി മഹോദരേ മഹാപാപഹരേ ദേവീ മഹാലക്ഷ്മി നമോസ്തുതേ        

7.വിജയലക്ഷ്മി പത്മാസനസ്ഥിതേ ദേവീ പരബ്രഹ്മസ്വരൂപിണി പരമേശി ജഗന്മാതേ: മഹാലക്ഷ്മി നമോസ്തുതേ

8. രാജലക്ഷ്മി ശ്വേതാംബരധരേ ദേവീ നാനാലങ്കാരഭൂഷിതേ ജഗല്‍സ്ഥിതേ ജഗന്മാതേ മഹാലക്ഷ്മി നമോസ്തുതേ 

അർത്ഥം

1. ധനലക്ഷ്മി മന്ത്രം:  ഇതില്‍ ശംഖ്, ചക്രം, ഗദ ഇവ കയ്യില്‍ ധരിച്ച് സിംഹാസനത്തില്‍ ദേവന്മാരാല്‍ സേവിക്കപ്പെട്ടിരിക്കുന്ന മഹാമായയായ മഹാലക്ഷ്മിയെ സ്തുതിക്കുന്നു. ധനലബ്ധിയാണ് ഫലം.

2. ധാന്യലക്ഷ്മി മന്ത്രം:  . കോലാസുരനെ വധിച്ച്, ഗരുഡന്റെ മേല്‍ ഇരിക്കുന്ന, ആശ്രയിക്കുന്നവരുടെ സര്‍വ്വപാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു. മുജ്ജന്മ പാപനാശവും, ധാന്യ ലബ്ധിയുമാണ് ഫലം.

3. ധൈര്യലക്ഷ്മി മന്ത്രം:  . സര്‍വ്വര്‍ക്കും സര്‍വ്വവരങ്ങളും നല്കിക്കൊണ്ട്, സര്‍വ്വദുഷ്ട ശക്തികളെയും നശിപ്പിച്ച്, സര്‍വ്വദുഃഖങ്ങളെയും ഇല്ലാതാക്കുന്ന ജ്ഞാനമൂര്‍ത്തിയായ മഹാലക്ഷ്മിയെ സ്തുതിക്കുന്നു. ഭയം മാറി ആത്മധൈര്യം ഇത്  ജപിക്കുന്നതിലൂടെ വന്നുചേരും.

4. ശൗര്യലക്ഷ്മി മന്ത്രം: ആശ്രയിക്കുന്നവര്‍ക്ക് സര്‍വ്വസിദ്ധികളും, വിശേഷബുദ്ധിയും, ഭൗതിക ഐശ്വര്യങ്ങളും, ആത്മജ്ഞാനവും നല്കുന്ന മന്ത്രമൂര്‍ത്തിയായിരിക്കുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു. ബുദ്ധിശക്തിയും, വിശേഷപ്പെട്ട സിദ്ധികളും സര്‍വ്വഐശ്വര്യവും ഫലം

5. വിദ്യാലക്ഷ്മി മന്ത്രം: അനാദിയും അനന്തവുമായി, കാലദേശങ്ങളാല്‍ സ്പര്‍ശിക്കപ്പെടാതെ യോഗമായാശക്തിയായിരിക്കുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു. വിദ്യാവിജയം ഫലം. 

6. കീർത്തി ലക്ഷ്മി മന്ത്രം: സ്ഥൂലവും സൂക്ഷ്മവുമായി വിശ്വമാകെ നിറഞ്ഞിരിക്കുന്ന മഹാപ്രകൃതിശക്തിയായി ഏത് മഹാപാപത്തെയും സംഹരിക്കാന്‍ കഴിവുള്ള മഹാലക്ഷ്മിയെ സ്തുതിക്കുന്നു. പാപശമനം, സല്‍കീര്‍ത്തി ഫലം.

7. വിജയലക്ഷ്മി മന്ത്രം: പത്മാസനത്തില്‍ ഇരുന്ന് സാക്ഷാല്‍ പരബ്രഹ്മസ്വരൂപിണിയായി, സര്‍വ്വചരാചരങ്ങളുടെയും മാതാവായി വിളങ്ങുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു.  

8.രാജലക്ഷ്മി മന്ത്രം:  വെളുത്ത വസ്ത്രവും പലവിധമായ ആഭരണങ്ങളും അലങ്കാരങ്ങളുമായി ജഗത്തിന്റെ മാതാവായി എങ്ങും നിറഞ്ഞുനില്‍ക്കുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു. അധികാരം, പ്രൗഢി, പ്രതാപം ഇവ ഫലം.

error: Content is protected !!