Saturday, 23 Nov 2024
AstroG.in

സമ്പത്തും കീർത്തിയും സർവ്വകാര്യവിജയവും
നേടാൻ എന്നും മഹാലക്ഷ്മ്യഷ്ടകം ജപിക്കൂ

പ്രജീഷ് രാജ് വെട്ടിക്കോട്
വിഷ്ണു പത്‌നിയായ മഹാലക്ഷ്മിയാണ് സമ്പത്തും കീർത്തിയും ഭൗതികമായ എല്ലാ സമൃദ്ധിയും നല്കുന്നത്. പാലാഴി മഥനത്തിൽ നിന്നുമാണ് മഹാലക്ഷ്മിയുടെ അവതാരം. മഹാലക്ഷ്മിയെ ഭക്തിപൂർവ്വം ഭജിക്കുന്നവർക്ക് സർവ്വസമ്പൽസമൃദ്ധി ഉണ്ടാകും. അവരെ ദാരിദ്ര്യ ദു:ഖം ബാധിക്കില്ല. ഐശ്വര്യ ദേവതയായ ലക്ഷ്മിയെ ഭജിക്കാൻ ഏറ്റവും പ്രധാനം മന്ത്രജപവും, വ്രതാനുഷ്ഠാനങ്ങളുമാണ്.

മഹാലക്ഷ്മിയെ സ്തുതിക്കുന്ന അനേകം മന്ത്രങ്ങളും സ്‌തോത്രങ്ങളും ഉണ്ടെങ്കിലും അതിൽ ഏറ്റവും പ്രാധാന്യമുള്ളതും ശക്തിമത്തായതുമാണ് മഹാലക്ഷ്മി അഷ്ടകം. മഹാലക്ഷ്മിയുടെ എട്ടുഭാവങ്ങളായ അഷ്ടലക്ഷ്മിമാരെയാണ് ഈ സ്‌തോത്രം കൊണ്ട് സ്തുതിക്കുന്നത്. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യ ലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീർത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി ഇവരാണ് അഷ്ടലക്ഷ്മിമാർ. മഹാലക്ഷ്മി അഷ്ടകം നിത്യേന ജപിച്ചാൽ തീർച്ചയായും സർവ്വ ഐശ്വര്യവും നേടാൻ സാധിക്കും. ദാരിദ്ര്യനാശമാണ് മഹാലക്ഷ്മി അഷ്ടകജപത്തിന്റെ ആദ്യഫലം. ധനധാന്യസമൃദ്ധിയും സർവ്വകാര്യവിജയവും അന്തിമഫലം. ഭൗതികമായ എല്ലാത്തരം ഇല്ലായ്മകളും, പോരായ്മകളും ദൗർഭാഗ്യങ്ങളും ജന്മനാൽ ബാധിക്കേണ്ട ദാരിദ്ര്യയോഗങ്ങളും ലക്ഷ്മീ മന്ത്രങ്ങളുടെ ജപത്തിന്റെ ശക്തിയാൽ ഇല്ലാതാകുന്നു. ഒപ്പം വിദ്യാവിജയവും, തൊഴിൽ നേട്ടങ്ങളും, കുടുംബഐശ്വര്യവും, സമൃദ്ധിയും ഇത് നല്കുന്നു.
താഴെ പറയുന്ന എട്ടു മന്ത്രങ്ങളും നിത്യവും രാവിലെയും വൈകിട്ടും ദേഹശുദ്ധി വരുത്തി കുറഞ്ഞത് എട്ടുതവണ വീതമെങ്കിലും മുടങ്ങാതെ ജപിക്കണം. മഹാലക്ഷ്മിയുടെ ചിത്രത്തിന് മുന്നിൽ നെയ് വിളക്ക് തെളിച്ചിട്ട് ജപിക്കുന്നത് കൂടുതൽ ഫലസിദ്ധി നല്കും. വെള്ളിയാഴ്ച ദിവസത്തെ ജപത്തിന് കൂടുതൽ ഫലം ലഭിക്കും. ജ്യോതിഷത്തിൽ സമ്പത്ത്, വാഹനം, വസ്ത്രാഭരണങ്ങൾ, എല്ലാത്തരം ഭൗതിക ക്ഷേമൈശ്വര്യങ്ങൾ ഇവയുടെയെല്ലാം കാരകൻ ശുക്രനാണ്. ശുക്രന്റെ അധിദേവതയാണ് മഹാലക്ഷ്മി. മഹാലക്ഷ്മീ ഭജനം കൊണ്ട് ശുക്രന്റെ ഫലദാനശേഷി വർദ്ധിക്കും. എന്നും മഹാലക്ഷ്മി അഷ്ടകം ജപിക്കുന്നത് ഭാഗ്യാനുഭവങ്ങൾ വർദ്ധിപ്പിക്കും. ശുക്രദശയോ ശുക്ര അപഹാരം ഇവ നടക്കുന്നവർ തീർച്ചയായും ലക്ഷ്മീഭജനം ചെയ്യണം. മഹാലക്ഷ്മി അഷ്ടകത്തിന്റെ ജപം അഷൈ്ടശ്വര്യങ്ങളുടെയും സിദ്ധിക്ക് കാരണമാകും. മഹാലക്ഷ്മി അഷ്ടകത്തിലെ ഓരോ മന്ത്രം കൊണ്ടും അഷ്ടലക്ഷ്മിമാരെ സ്തുതിക്കണം.

ധനലക്ഷ്മി മന്ത്രം
ധനലക്ഷ്മി മന്ത്രത്താൽ ശംഖ്, ചക്രം, ഗദ ഇവ കയ്യിൽ ധരിച്ച് സിംഹാസനത്തിൽ ദേവന്മാരാൽ സേവിക്കപ്പെട്ടിരിക്കുന്ന മഹാമായയായ മഹാലക്ഷ്മിയെ സ്തുതിക്കുന്നു. ധനലബ്ധിയാണ് ഫലം:

നമസേ്തസ്തു മഹാമായോ
ശ്രീപീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസേ്ത
മഹാലക്ഷ്മി നമോസ്തുതേ (1)

ധാന്യലക്ഷ്മി മന്ത്രം
ധാന്യലക്ഷ്മി മന്ത്രത്താൽ കോലാസുരനെ വധിച്ച്, ഗരുഡന്റെ മേൽ ഇരിക്കുന്ന, ആശ്രയിക്കുന്നവരുടെ സർവ്വപാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു. മുജ്ജന്മ പാപനാശവും, ധാന്യ ലബ്ധിയുമാണ് ഫലം :

നമസ്‌തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരീ
സർവ്വപാപഹരേ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ. (2)

ധൈര്യലക്ഷ്മി മന്ത്രം
ധൈര്യലക്ഷ്മി മന്ത്രത്താൽ സർവ്വർക്കും സർവ്വവരങ്ങളും നല്കിക്കൊണ്ട്, സർവ്വദുഷ്ട ശക്തികളെയും നശിപ്പിച്ച്, സർവ്വദുഃഖങ്ങളെയും ഇല്ലാതാക്കുന്ന ജ്ഞാനമൂർത്തിയായ മഹാലക്ഷ്മിയെ സ്തുതിക്കുന്നു. ഭയം അകന്ന് ആത്മധൈര്യം നേടാൻ ഈ മന്ത്രജപം സഹായിക്കും.

സർവ്വജ്ഞേ സർവ്വവരദേ
സർവ്വ ദുഷ്ട ഭയങ്കരീ
സർവ്വദുഃഖഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ (3)

ശൗര്യലക്ഷ്മി മന്ത്രം
ശൗര്യലക്ഷ്മി മന്ത്രത്താൽ ആശ്രയിക്കുന്നവർക്ക് സർവ്വസിദ്ധികളും, വിശേഷബുദ്ധിയും, ഭൗതിക ഐശ്വര്യങ്ങളും, ആത്മജ്ഞാനവും നല്കുന്ന മന്ത്രമൂർത്തിയായിരിക്കുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു. ബുദ്ധിശക്തിയും, വിശേഷപ്പെട്ട സിദ്ധികളും സർവ്വഐശ്വര്യവും ഫലം:

സിദ്ധിബുദ്ധിപ്രദേ ദേവീ
ഭൂക്തിമുക്തിപ്രദായിനീ
മന്ത്രമൂർത്തേ സദാ ദേവീ
മഹാലക്ഷ്മി നമോസ്തുതേ. (4)

വിദ്യാലക്ഷ്മി മന്ത്രം
വിദ്യാലക്ഷ്മി മന്ത്രത്താൽ അനാദിയും അനന്തവുമായി, കാലദേശങ്ങളാൽ സ്പർശിക്കപ്പെടാതെ യോഗമായാശക്തിയായിരിക്കുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു. വിദ്യാവിജയം ഫലം.

ആദ്യന്തേ രഹിതേ ദേവീ
ആദിശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മി നമോസ്തുതേ (5)

കീർത്തിലക്ഷ്മി മന്ത്രം
കീർത്തിലക്ഷ്മി മന്ത്രത്താൽ സ്ഥൂലവും സൂക്ഷ്മവുമായി വിശ്വമാകെ നിറഞ്ഞിരിക്കുന്ന മഹാപ്രകൃതിശക്തിയായി ഏത് മഹാപാപത്തെയും സംഹരിക്കാൻ കഴിവുള്ള മഹാലക്ഷ്മിയെ സ്തുതിക്കുന്നു. പാപശമനവും, സൽകീർത്തിയും ഫലം :

സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവീ
മഹാലക്ഷ്മി നമോസ്തുതേ (6)

വിജയലക്ഷ്മി മന്ത്രം
വിജയലക്ഷ്മി മന്ത്രത്താൽ പത്മാസനത്തിൽ ഇരുന്ന് സാക്ഷാൽ പരബ്രഹ്മസ്വരൂപിണിയായി, സർവ്വചരാചരങ്ങളുടെയും മാതാവായി വിളങ്ങുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു. സർവ്വകാര്യവിജയമാണ് ഫലം:
പത്മാസനസ്ഥിതേ ദേവീ
പരബ്രഹ്മസ്വരൂപിണി
പരമേശി ജഗത്മാത:
മഹാലക്ഷ്മി നമോസ്തുതേ (7)

രാജലക്ഷ്മി മന്ത്രത്താൽ വെളുത്ത വസ്ത്രവും പലവിധമായ ആഭരണങ്ങളും അലങ്കാരങ്ങളുമായി ജഗത്തിന്റെ മാതാവായി എങ്ങും നിറഞ്ഞുനിൽക്കുന്ന മഹാലക്ഷ്മിയെ സ്തുതിക്കുന്നു. അധികാരം, പ്രൗഢി, പ്രതാപം ഇവ ഫലം:

ശ്വേതാംബരധരേ ദേവീ
നാനാലങ്കാരഭൂഷിതേ
ജഗൽസ്ഥിതേ ജഗത്മാതാ
മഹാലക്ഷ്മി നമോസ്തുതേ (8)

പ്രജീഷ് രാജ് വെട്ടിക്കോട്,

  • 9847095497
    (ആസ്‌ട്രോളജർ&വാസ്തു കൺസൾട്ടന്റ്)
    ശ്രീരുദ്രം ജ്യോതിഷനിലയം, കറ്റാനം, ആലപ്പുഴ.)

Story Summary: Maha Lakshmi Ashtakam Recitation: Significance, Lyrics and Benefits

error: Content is protected !!