Saturday, 23 Nov 2024
AstroG.in

സമ്പത്ത്, ശാന്തി, ജോലി, വിദ്യ, രോഗമുക്തി, വിവാഹം, വീട് നേടാൻ

മംഗള ഗൗരി

വിവേകത്തോടെ ബുദ്ധിപൂർവം പ്രായോഗികവുമായ തീരുമാനങ്ങളെടുത്ത് മുന്നേറിയാൽ ജീവിതത്തിൽ നേരിടുന്ന തടസങ്ങളും വിഷമങ്ങളും പരിഹരിക്കാൻ കഴിയും. എന്നാൽ മനസിന്റെ ദൗർബല്യങ്ങൾ കാരണം മിക്കവർക്കും അതിന് പലപ്പോഴും കഴിയാറില്ല. ഈ
പോരായ്മ പരിഹരിക്കുന്നതിന് ഏറ്റവും നല്ല മാർഗ്ഗം ഈശ്വരോപാസനയാണ്. എല്ലാം ഈശ്വരന് മുൻപിൽ സമർപ്പിച്ച് പ്രാർത്ഥനയും പൂജകളും വഴിപാടുകളും നടത്തിയാൽ മനോബലം വർദ്ധിച്ച് പുതിയ കർമ്മബലം സിദ്ധിക്കും.

ഒരോ മനുഷ്യരും നേരിടുന്നത് ഓരോ തരം ജീവിത ദുരിതങ്ങളാണ്. രോഗം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, മന:ശാന്തി ഇല്ലായ്മ, തൊഴിൽ പ്രശ്നങ്ങൾ, കുടുംബപരമായ ബുദ്ധിമുട്ടുകൾ, സന്താന സംബന്ധമായ വിഷമങ്ങൾ ഇങ്ങനെ പോകുന്നു എണ്ണമില്ലാത്ത പ്രശ്നങ്ങൾ. ഇതിൽ ഏറ്റവും കൂടുതലായി ആളുകളെ അലട്ടുന്നത് സാമ്പത്തിക വിഷമങ്ങളാണ്. അത് കഴിഞ്ഞാൽ മിക്കവരെയും വിഷമിപ്പിക്കുന്നത് ദാമ്പത്യ പ്രശ്നങ്ങളാണ്. ഇത് കഴിഞ്ഞാൽ ജോലി ഇല്ലാത്തതും ഉള്ള ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയുമാണ് പ്രശ്നം. പിന്നെ ഉത്കണ്ഠ, വിവാഹം, വിദ്യാഭ്യാസം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങൾ. ഈ വിഷമങ്ങൾ ഒരോന്നും പരിഹരിക്കാൻ പ്രത്യേക തരം ഉപാസനാ വിധികളുണ്ട്. അതിൽ ചിലത് :

1. സമ്പത്തുണ്ടാവാന്‍ ലക്ഷ്മീപൂജ

സമ്പത്തുണ്ടാവാന്‍ ധനത്തിന്റെ ദേവതയായ മഹാലക്ഷ്മിയെ ഉപാസിക്കണം. ഓം ശ്രീം നമ:
എന്ന മന്ത്രം ജപിക്കണം. നിത്യജപത്തിന് ഉത്തമമാണ് ലക്ഷ്മീദേവിയുടെ കടാക്ഷം ലഭിക്കുന്ന ഈ മന്ത്രജപം. 108 തവണയാണ് ഇത് ജപിക്കേണ്ടത്. ധനം വന്നുചേരാനും നിലനിൽക്കാനും ഉപാസിക്കാൻ ഇതിലും ശക്തിയുള്ള മറ്റൊരു ദേവത ഇല്ല. ശ്രീലക്ഷ്മീ യന്ത്രം പൂജിച്ച് ചില്ലിട്ട് വീട്ടിൽ ആരാധിക്കണം. പറ്റുമെങ്കിൽ വീട്ടിൽ അല്ലെങ്കിൽ ക്ഷേത്രത്തിൽ ഭഗവതിസേവ നടത്തണം. വിഷ്ണുപൂജ ചെയ്യുന്നതും മാസത്തിൽ ഒരു തവണയെങ്കിലും ക്ഷേത്രത്താൽ ഗണപതിഹോമം നടത്തുന്നതും നല്ലതാണ്.

2. മന:സമാധാനത്തിന് സുദര്‍ശനഹോമം

മഹാസുദര്‍ശനഹോമം നടത്തുക ഒരു പ്രധാന പോംവഴിയാണ്. അഘോര ഹോമം ചെയ്യാം. മഹാപ്രത്യുംഗര ഹോമവും നല്ലതാണ്. സുദര്‍ശനമന്ത്രം പതിവായി ജപിക്കുന്നത് നല്ലതാണ്.

സുദർശന മന്ത്രം:

ഓം ക്ലീം കൃഷ്ണായ
ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ

പര കര്‍മ്മ മന്ത്ര യന്ത്ര തന്ത്ര
ഔഷധ അസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍ മോചയ: മോചയ:

ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്‌ത്രേ
ജ്വാലാ പരീതായ
സര്‍വ ദിക് ക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ
ഹും ഫട് സ്വാഹ

3. ജോലികിട്ടാൻ രാജഗോപാല മന്ത്രം

ജോലികിട്ടാനും ഉള്ള ജോലി നിലനിര്‍ത്താനും ഗണപതി ഹോമം ചെയ്യുന്നത് നല്ലതാണ്. കുടുംബ ദേവതയെ പൂജിക്കുകയും വേണം. രാജഗോപാല യന്ത്രം ഉത്തമനായ കർമ്മിയെക്കൊണ്ട് തയ്യാറാക്കി ധരിക്കാം. രാജഗോപാല മന്ത്രം പതിവായി ജപിക്കണം. അത്ഭുത ശക്തിയുള്ള ശ്രീകൃഷ്ണ മന്ത്രമാണിത്. എന്നും ജപിച്ചാൽ ഔദ്യോഗിക രംഗത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും തടസ്സങ്ങളും അകലും. തൊഴിൽ ഇല്ലാത്തവർക്ക് തൊഴിൽ ലഭിക്കാനും തൊഴിലിൽ അഭിവൃദ്ധി ഉണ്ടാകാനും ഈ മന്ത്ര ജപം നല്ലതാണ്. ഭയപ്പാടുകളും ദുരിതങ്ങളും അലച്ചിലുകളും മാറും. വിദ്യാ പുരോഗതിക്ക് വളരെയേറെ പ്രയോജനപ്പെടും. കർമ്മം ചെയ്യുന്നതിന് വേണ്ട പ്രാപ്തി ലഭിക്കും. കലാരംഗത്തെ തടസ്സം മാറാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും പ്രകടനത്തിൽ പുരോഗതി ഉണ്ടാകാനും കൂടുതൽ ആൾക്കാരെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനും കഴിയും. രാവിലെയും വെെകിട്ടും 21 പ്രാവശ്യം വീതം ജപിക്കണം. ഇതാണ് രാജഗോപാല മന്ത്രം:

കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്താനാം അഭയങ്കര
ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനയ സ്വാഹ

4. വിവാഹത്തിന് സ്വയംവര പുഷ്പാഞ്ജലി

വിവാഹ തടസം നീങ്ങാനും വിവാഹം വേഗം നടക്കാനും സ്വയംവര പുഷ്പാഞ്ജലി കഴിക്കുന്നത് നല്ലതാണ്. ഉമാമഹേശ്വര പൂജ ചെയ്യണം. തിങ്കളാഴ്ച വ്രതം എടുക്കണം. പുരുഷന്മാര്‍ മധുരകാമേശ്വരീയന്ത്രം ധരിക്കണം. സ്ത്രീകള്‍ സ്വയംവര യന്ത്രം ധരിക്കണം. സ്വയംവര മന്ത്രം എന്നും 108 തവണ വീതം ജപിക്കണം. ഇതാണ് സ്വയംവരമന്ത്രം:

ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരി യോഗേശ്വരി
യോഗഭയങ്കരി സകല സ്ഥാവര
ജംഗമസ്യ മുഖ ഹൃദയം മമ വശം
ആകർഷ ആകർഷയഃ സ്വാഹ

5. രോഗമുക്തിക്ക് ധന്വന്തരി മന്ത്രം

ആയുസിന്റെയും ആരോഗ്യത്തിന്റെയും ദേവനായ ധന്വന്തരി മൂർത്തിയെ രോഗാരിഷ്ടതകൾ അകറ്റാൻ ഉപാസിക്കണം. എന്നും പ്രഭാതത്തിൽ കഴിയുന്നത്ര തവണ ധന്വന്തരി മന്ത്രം ജപിച്ച് ഈ വിഷ്ണു ചൈതന്യത്തെ ഉപാസിക്കുക. രോഗമുക്തി ലഭിക്കും. ഇതാണ് മന്ത്രം:

ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരമൂർത്തേ അമൃതകലശ
ഹസ്തായ സർവാമയ വിനാശായ
ത്രൈലോക്യ നാഥായ
മഹാവിഷ്ണുവേ നമഃ

6. ആയുസിന് മൃത്യുഞ്ജയ ഹോമം

ശിവനെയും പൂജിക്കണം, മൃത്യുഞ്ജയ ഹോമം നടത്തണം. മൃത്യുഞ്ജയ മന്ത്രം ജപിക്കണം. മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണിത്. രോഗശമനത്തിനും അകാലമൃത്യുവും അപകട മരണവും ഒഴിഞ്ഞു പോകുന്നതിനും കാലന്റെയും കാലനായ ശിവനെ ഉപാസിക്കുന്ന അത്ഭുത മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഏറെ അനുഭവ സിദ്ധമായ മന്ത്രമാണിത്. ഇതുകൊണ്ട് അർച്ചനയും പൂജയും ഹോമവും നടത്തും. എല്ലാത്തരത്തിലുമുള്ള രോഗഭീതി അതിജീവിക്കാൻ ഈ മന്ത്രം ദിവസവും കഴിയുന്നത്ര തവണ ജപിക്കുന്നത് ഗുണകരമാണ്. മന്ത്രം ഇതാണ് : ജപിക്കുന്നവർ ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. മൃത്യുഞ്ജയ ധ്യാനവും മന്ത്രവും:

ധ്യാനം :
നമ: ശിവാഭ്യാം
നവയൌവനാഭ്യാം
പരസ്പരാശ്ലിഷ്ട
വപുര്‍ധരാഭ്യാംനാഗേന്ദ്രകന്യാം
വൃഷകേതനാഭ്യാം നമോനമ:
ശങ്കര പാര്‍വതിഭ്യാം

മന്ത്രം:
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.


7. ഭൂമി വാങ്ങാനും വീടിനും വിഷ്ണുപുജ

ഗൃഹനിർമ്മാണ തടസം മാറുന്നതിനും ഭൂമി വാങ്ങാനും വീട് വയ്ക്കാനും വിഷ്ണുവിന് വിളക്കുവച്ച് വിഷ്ണുപുജ നടത്തുന്നത് ഉത്തമമാണ്. വിഷ്ണു അവതാരമായ വരാഹമൂർത്തിയെ ആരാധിക്കുന്നത് അത്യുത്തമമാണ്.

8. വിദ്യാ പുരോഗതിക്ക് സരസ്വതി മന്ത്രം

വിദ്യാഭ്യാസം മെച്ചപ്പെടാന്‍ സ്വരസ്വതി പൂജയും മൂകാംബികാ ഭജനം വളരെ ഗുണംചെയ്യും. രാജഗോപാല യന്ത്രം ധരിക്കുന്നതും രാജഗോപാല മന്ത്രം ജപിക്കുന്നതും നല്ലതാണ്. ഓം സം സരസ്വത്യൈ നമ :എന്ന സരസ്വതി ദേവിയുടെ മൂലമന്ത്രം എല്ലാ ദിവസവും രാവിലെയും വൈകീട്ടും 108 തവണ വീതം മുടങ്ങാതെ ജപിക്കുക. സരസ്വതിദേവിയുടെ കാരുണ്യത്താൽ ബുദ്ധിശക്തി വികസിക്കും. ഓർമ്മശക്തി കൂടും. അലസതയും മടിയും ഒഴിഞ്ഞു മാറി പഠിക്കുവാൻ ഉത്സാഹം ഉണ്ടാകും. മാസം തോറും ദേവി ക്ഷേത്രത്തിൽ സരസ്വതിപുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

മംഗള ഗൗരി

Story Summary: Defferent Mantras And Pooja For Solving Problems In Life

error: Content is protected !!