Friday, 22 Nov 2024
AstroG.in

സമ്പൽ സമൃദ്ധിക്കും ദാരിദ്ര്യദുഃഖ ശമനത്തിനും കാർത്തിക വിളക്ക്

ജ്യോതിഷി പ്രഭാസീന സി.പി

വൃശ്ചികമാസത്തിലെ മനോഹരമായൊരു ആചാരമാണ് കാർത്തിക വിളക്ക് തെളിക്കൽ. മഹാലക്ഷ്മി പ്രീതിക്കും ഐശ്വര്യമൂർത്തിയായ വിഷ്ണുഭഗവാന്റെ അനുഗ്രഹം കൈവരിക്കാനും ശ്രേഷ്ഠമായ തൃക്കാർത്തിക ദിവസം ശ്രീ കാർത്ത്യായനി ദേവിയുടെ തിരുനാൾ കൂടിയാണ് . അന്ന് സന്ധ്യക്ക് വീട്ടുപടിക്കൽ വിളക്കു തെളിച്ചാൽ ഗൃഹത്തിൽ ക്ഷേമവും ഐശ്വര്യവും ഉണ്ടാകും. നവംബർ 26 ഞായറാഴ്ചയാണ് ഇക്കുറി കാർത്തിക വിളക്ക് കത്തിക്കേണ്ടത്. കാരണം കാർത്തിക നക്ഷത്രവും പൗർണ്ണമി തിഥിയുമുള്ള സന്ധ്യ ഞായറാഴ്ചയാണ്. പക്ഷേ കാർത്തിക പിറന്നാളും തൃക്കാർത്തികയും ആചരിക്കേണ്ടത് നവംബർ 27 തിങ്കളാഴ്ചയാണ്. കാരണം അന്ന് രാവിലെ കാർത്തിക നാളും പൗർണ്ണമി തിഥിയും വരുന്നുണ്ട്.

കാർത്തിക വിളക്കുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളുണ്ട്. അതിലൊന്ന് പാലാഴി മഥനത്തിൽ ലക്ഷ്മീ ദേവിയുടെ അവതാരവുമായി ബന്ധപ്പെട്ടതാണ്. വൃശ്ചികത്തിലെ തൃക്കാർത്തിക നാളിലാണത്രേ ദേവി സമുദ്ര സമുദ്ഭവയായത്. പാൽക്കടലിൽ നിന്നും ദേവി അവതരിച്ച തിരുനാളായതിനാലാണ് ലക്ഷ്മി ദേവിയുടെ പ്രീതിക്കായി കാർത്തിക ദീപം തെളിയിച്ച് തൃക്കാർത്തിക ആഘോഷിക്കുന്നത്. പല ദേവീ ക്ഷേത്രങ്ങളിലും മഹോത്സവമായാണ് തൃക്കാർത്തിക ആചരണം.

മഹിഷാസുര നിഗ്രഹം കഴിഞ്ഞു വരുന്ന ദേവിയെ ദീപം തെളിച്ച് ആഘോഷപൂർവം വരവേൽക്കുന്ന ഉത്സവമാണ് തൃക്കാർത്തിക എന്ന് പുരാണത്തില്‍ മറ്റൊരു സങ്കല്‍പം ഉണ്ട്. ദേവാസുര യുദ്ധത്തില്‍ മഹിഷാസുരനെ വധിക്കാന്‍ ഒരു ഉപായം കാണാനാകാതെ ദേവകള്‍ ദു:ഖിതരായി ബ്രഹ്മാവിന്റെ അടുത്ത് ചെന്നു. ബ്രഹ്മാവ് വിചാരിച്ചിട്ട് പരിഹാരം സാധ്യമാകാത്തത് കാരണം എല്ലാരും കൂടി മഹാവിഷ്ണുവിനെയും പരമശിവനെയും കാണാന്‍ പോയി. അങ്ങനെ ത്രിമൂർത്തികൾ മഹിഷാസുരനെ വധിക്കാന്‍ ഒരു നാരി രൂപം സൃഷ്ടിച്ചു. ത്രിമൂർത്തികൾ ഓരോരുത്തരുടെയും ചൈതന്യം ദേവിയുടെ ഓരോ അവയവമായി തീര്‍ന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നും പ്രസരിച്ച തേജസും പരമശിവനില്‍ നിന്നും പുറപ്പെട്ട ഘോരാകൃതി പൂണ്ട ശക്തിയും ജനിച്ചു, വിഷ്ണുവില്‍ നിന്നും പരന്ന നീല നിറത്തിലുള്ള പ്രകാശവും എല്ലാം കൂടി ചേർന്ന് പതിനെട്ടു കരങ്ങളോട് കൂടിയ ജഗത് മോഹിനി അവതരിച്ചു. ആ രൂപം കണ്ടു ദേവകള്‍ സന്തുഷ്ടരായി. മഹിഷന്റെ ഉപദ്രവത്തില്‍ നിന്നും ദേവലോകത്തെ മോചിപ്പിക്കാൻ അവതരിച്ച മഹാമായയെ അവര്‍ നിസ്തുലമായി വാഴ്ത്തി. ഭക്തർ ഈ പുണ്യ ദിനം ദീപം തെളിച്ച് തൃക്കാർത്തികയായി ആഘോഷിച്ചു.

തമിഴ്നാട്ടില്‍ കാർത്തിക ദീപത്തെ ഭരണിദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. ശൈവരും വൈഷ്ണവരും ശാക്തേയരും അതായത് ശിവഭക്തരും വിഷ്ണു ഭക്തരും ദേവീ ഭക്തരും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവമാണിത്. തമിഴകത്ത് തൃക്കാർത്തിക സുബ്രഹ്മണ്യന്റെ ജന്മദിവസമായും തമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. പരമശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍ സുബ്രഹ്മണ്യന്‍ അവതരിച്ചത് ഈ ദിവസമാണ് എന്നും വിശ്വാസമുണ്ട്. ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങളും വഴിപാടുകളും നടത്തുന്നു. വിളക്കുവെപ്പ്, മലര്‍പ്പൊരി നിവേദ്യം, എഴുന്നെള്ളിപ്പ് തുടങ്ങിയവയാണ് ആഘോഷങ്ങളിൽ പ്രധാനം. വൈക്കത്തഷ്ടമി പോലെ കുമാരനല്ലൂര്‍ തൃക്കാർത്തികയും കേരളത്തിലെ ഏറെ പ്രസിദ്ധമായ തൃക്കാർത്തിക ആഘോഷമാണ്. പുരാണങ്ങളില്‍ തൃക്കാർത്തികയെ കുറിച്ച് വേറെയും പല കഥകളും പ്രചാരത്തിലുണ്ട് .

തൃക്കാർത്തിക ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതും ഭവനത്തിൽ ചിരാതുകൾ തെളിച്ചു പ്രാർത്ഥിക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും ദാരിദ്ര്യദുഃഖ ശമനത്തിനും കാരണമാകും. തൃക്കാർത്തിക ദിനത്തിൽ ദേവിയുടെ സാമീപ്യം ഭൂമിയിൽ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. അന്ന് ദേവീ ക്ഷേത്രങ്ങളിൽ നാരങ്ങാവിളക്ക്, നെയ് വിളക്ക് എന്നിവ സമർപ്പിക്കുന്നത് ശ്രേഷ്ഠമാണ് . കാർത്തിക വിളക്ക് തെളിക്കുന്നത് കാര്യസിദ്ധിക്ക് ഉത്തമമാണ്. ഓരോ കാര്യത്തിനും തെളിക്കേണ്ട ദീപസംഖ്യ, ആകൃതി, ഫലം എന്നിവ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വിവരിക്കുന്ന വീഡിയോ കാണാം :


ജ്യോതിഷശാസ്ത്രപരമായും കാർത്തിക വിളക്കിന് പ്രധാന്യം കല്പിക്കപ്പെടുന്നു. സ്ഥിരരാശികളിൽ ദോഷാധിക്യമുള്ള രാശിയാണ് വൃശ്ചികം വൃശ്ചികം രാശിയുടെ ഭാഗ്യാധിപനാകുന്ന ചന്ദ്രൻ വൃശ്ചികം രാശിയിലെത്തുമ്പോൾ നീചാവസ്ഥയിലാകുന്നു. അതിനാൽ ഈ രാശിയിൽ സഞ്ചരിക്കുമ്പോൾ ചന്ദ്രന് ബലം പകരുകയും അതുവഴി വൃശ്ചികത്തിന്റെ ദോഷം കുറയ്ക്കുവാനുമാണ് വൃശ്ചികം രാശിയുടെ കർമ്മാധിപനാകുന്ന ആദിത്യൻ വൃശ്ചികം രാശിയിൽ സഞ്ചരിക്കവെ കാർത്തികദീപം തെളിക്കുന്നത്

ജ്യോതിഷി പ്രഭാസീന സി.പി, 91 9961442256

Story Summary: Myths and Significance Of Thrikkarthika

error: Content is protected !!