Friday, 22 Nov 2024
AstroG.in

സരസ്വതീ ദേവി കനിഞ്ഞാൽ സർവ്വൈശ്വര്യവും ലഭിക്കും

ജ്യോതിഷരത്നം വേണു മഹാദേവ്
നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ, ബാലികയെ, ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്. പ്രപഞ്ചകാരണിയായ മൂല പ്രകൃതിയെ അടുത്തറിയലാണ്. എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആ പ്രജ്ഞയുടെ സത്താണെന്നറിയലാണ്. ഭൂമിയെയും പ്രകൃതിയെയും എല്ലാ ജീവജാലങ്ങളെയും ഈശ്വരനായി കണ്ട ആദിപരാശക്തിയുടെ മക്കളുടെ സ്വയം സമർപ്പണ ദിനങ്ങളൾ. അമ്മയെ ഭഗവതിയായി കാണാൻ പറഞ്ഞ ഗുരു പരമ്പരകളിലൂടെ ആർജ്ജിച്ച അറിവിന്റെ വികാസപ്രക്രിയ നവീകരിക്കേണ്ട ദിനങ്ങൾ.

ഏതെല്ലാം വിദ്യകൾ നാം സ്വായത്തമാക്കിയോ അതെല്ലാം ആ വിദ്യാസരസ്വതിയുടെ ദാനങ്ങളാണ്. ഏതെല്ലാം കർമ്മങ്ങൾ നാം ചെയ്യുന്നുവോ അവ ആ ശക്തിസ്വരൂപിണിയുടെ അനുഗ്രഹം കൊണ്ടാണ്. ഈ കാണുന്നതിലെല്ലാം അമ്മയുണ്ട്. അമ്മയില്ലാതെ ഒന്നുമില്ല നവരാത്രിയെ കുറിച്ചു ചില പുണ്യ കാര്യങ്ങൾ കൂടി ഇവിടെ കുറിക്കട്ടെ.

വിദ്യയില്ലെങ്കിൽ മനുഷ്യർ മൃഗതുല്യരാകും. സകല കലകളുടെയും മൂർത്തി ഭാവമാണ് വിദ്യാകരണിയായ മഹാസരസ്വതി. വിദ്യയുടെ ആരാധനയാണ് നവരാത്രി കാലത്ത് നടക്കുന്നത്. മഹാനവമിക്ക് ഉപവാസത്തോടെ ദേവിയെ പൂജിക്കുന്നു. ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ഈ മൂന്ന് ദിവസങ്ങൾക്കാണ് വിദ്യാധിദേവതയുടെ ആരാധനയിൽ കേരളത്തിൽ ഏറ്റവും അധികം പ്രാധാന്യം. എല്ലാത്തരം തൊഴിലുകൾ ചെയ്യുന്നവരും നവരാത്രി കാലത്ത് സ്വന്തം കർമ്മോപകരണങ്ങൾ പൂജിക്കുന്നു. ഭാരതത്തിലാകെ നവരാത്രി കാലം ദേവീ പൂജയ്ക്ക് പ്രാധാന്യം കൽപ്പിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളിൽ നവരാത്രി കൊണ്ടാടുന്നത്.

വംഗ ദേശത്ത് കാളിയാണ് ആരാധനാമൂർത്തി, മൈസൂരിൽ ചാമുണ്ഡേശ്വരി പൂജയാണ് മുഖ്യം. മറ്റു പല ഭാഗത്തും ആയുധപൂജയ്ക്കാണ് പ്രാധാന്യം. മൈസൂർ ദസറ പേര് കേട്ടതാണ്. വർണ്ണശബളമാണ് മൈസൂർ ദസറ. മഹിഷപുരം എന്നായിരുന്നു മൈസൂറിന്റെ പുരാതന നാമം .അതിൽ നിന്നു തന്നെ ദസറയുടെ മാഹാത്മ്യം ഊഹിക്കാം. കേരളത്തിൽ സരസ്വതി പൂജയ്ക്കാണ് പ്രാധാന്യം. ദുർഗ്ഗ എന്ന അഭിധാനത്തോടു കൂടിയാണ് പരാശക്തി ദേവന്മാരുടെ മുമ്പിൽ പ്രത്യക്ഷമായത് അഷ്ടമിക്കാണത്രെ. നവരാത്രിയിലെ എട്ടാം ദിവസമാണിത്. അത് കൊണ്ട് ഈ ദിവസത്തിന് ദുർഗ്ഗാഷ്ടമി എന്നു പേര് വന്നു. ഈ ദിവസമാണ് ഗ്രന്ഥങ്ങൾ, പുസ്തകങ്ങൾ മുതലായവ പുജയ്ക്ക് വയ്ക്കുന്നത് – പൂജവച്ചാൽ എഴുത്തും വായനവും ഉപകരണങ്ങളുപയോഗിച്ചുള്ള മറ്റു കർമ്മങ്ങളും ദേവി ഉപാസനയ്ക്കായി ഒഴിവാക്കുന്നു. വിജയദശമി ദിവസമാണ് വിദ്യാരംഭം.

നവരാത്രി വ്രതം ആദ്യം അനുഷ്ടിച്ചത് അവതാര പുരുഷനായ സാക്ഷാൽ ശ്രീരാമനാണ്. സീതാപഹരണ ശേഷം കിഷ്കിന്ധയിൽ വച്ചാണ് ദാശരഥി വ്രതം ആദ്യം തുടങ്ങിയതെന്ന് ദേവി ഭാഗവതത്തിൽ പറയുന്നുണ്ട്. ആ വ്രതം എല്ലാവരും അനുഷ്ഠിക്കണമെന്ന് നിർബന്ധമാക്കിയത് സുദർശൻ എന്ന രാജാവായിരുന്നു. പലനാമങ്ങളിൽ സരസ്വതിയെ ഭക്തർ ഈ ദിവസങ്ങളിൽ ആരാധിക്കുന്നു.

വീണാ സരസ്വതി, താണ്ഡവ സരസ്വതി, ഭാരതി, ബ്രാഹ്മി, വാഗീശ്വരി, ഗായത്രി ഇവ ഇതിൽ ചില ഭാവങ്ങളാണ് മയിൽ വാഹനയായും, ഹംസ വാഹനയായും ദേവിയെ പൂജിക്കാറുണ്ട്. നവരാത്രിക്കാലം സംഗീതാർച്ചന കാലവുമാണ്. ഓരോ ദിവസവും ആലപിക്കേണ്ട കീർത്തനങ്ങൾ ശ്രീ സ്വാതി തിരുനാൾ ചിട്ടപ്പെടുത്തിയതാണ് പിൽക്കാലത്ത് ആചാരമായത്.

എത്ര കേട്ടാലും മതിവരാത്ത പാഹി പർവ്വത നന്ദിനി എന്ന കീർത്തനം മഹാനവമിക്ക് ചൊല്ലുന്നു. നവരാത്രി മാഹാത്മ്യം എത്ര പറഞ്ഞാലും തീരില്ല. ത്രിമൂർത്തികളും അവതാര ദേവതകളും ആരാധിച്ച ആ മഹാശക്തിയുടെ മുമ്പിൽ ഈ നവരാത്രി കാലം സ്വയമർപ്പിക്കാം. നാം നേടിയ എല്ലാ വിദ്യകളും
ആ പരാശക്തിയുടെ ദാനമാണ് എന്ന വലിയ സത്യം മറക്കാതിരിക്കുക.

സരസ്വതി സ്തോത്രം

ശുദ്ധ സ്ഫടിക രൂപായൈ
സൂക്ഷ്മരൂപേ നമോനമ:
ശബ്ദബ്രഹ്മി ചതുർ ഹസ്ത
സ്വരൂപസിദ്ധ്യ നമോ നമ:

(ശുദ്ധമായ സ്ഫടികം പോലെ ശോഭിക്കുന്നവളും സൂക്ഷ്മരൂപിയും ശബ്ദബ്രഹ്മസ്വരൂപിണിയും നാലു കൈകളോടുകൂടിയവളും സർവ്വ സിദ്ധികളും സ്വരൂപമായിരിക്കുന്നവളുമായ സരസ്വതീദേവിക്ക് നമസ്കാരം.)

അറിയേണ്ട കാര്യങ്ങള്‍

വിദ്യാര്‍ത്ഥികള്‍ പുസ്തകവും പേനയും പൂജ വയ്ക്കണം

തൊഴിലാളികള്‍ മഹാനവമിക്ക് പണിയായുധങ്ങള്‍ പൂജ വയ്ക്കണം. വാഹനങ്ങള്‍ ഉള്ളവരും വാഹനം ഓടിച്ചു ഉപജീവനം നടത്തുന്നവരും വാഹനം പൂജ വയ്ക്കണം

കലാകാരന്മാര്‍ അതുമായി ബന്ധപ്പെട്ടവ പൂജ വയ്ക്കണം

അഷ്ടമി തിഥി അവസാനിക്കുന്നതിന് മുന്‍പ് തന്നെ പൂജ വയ്ക്കണം

സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിന് മുന്‍പില്‍ പൂജ വയ്ക്കാം. ഗണപതി ചിത്രവും ഉപയോഗിക്കാം

പൂജിക്കേണ്ട പുസ്തകങ്ങള്‍ ഒരു തുണിയില്‍ പൊതിഞ്ഞാണ് നല്‍കേണ്ടത്.

പൂജ വയ്ക്കുന്നതിന് മുന്‍പ് ആയുധങ്ങള്‍ നന്നായി വൃത്തിയാക്കണം

വീട്ടില്‍ തന്നെയാണ് പൂജ വയ്ക്കുന്നതെങ്കില്‍ ഒരു നിലവിളക്ക് പൂജ വയ്ക്കുന്നിടത്ത് കൊളുത്തണം. പറ്റുമെങ്കിൽ അത് സദാ എരിഞ്ഞു കൊണ്ടിരിക്കണം.

ആയുധങ്ങളില്‍ കുങ്കുമം തൊടുവിക്കണം. പുസ്തകങ്ങളില്‍ പുഷ്പങ്ങൾ അര്‍പ്പിക്കണം

പൂജ വച്ചുകഴിഞ്ഞാല്‍ ദേവീ മന്ത്രം ജപിച്ചിരുന്ന് വ്രതം എടുക്കുന്നതും പൂജ എടുത്തു കഴിഞ്ഞു വ്രതം മുറിച്ചു ഭക്ഷണം കഴിക്കുന്നതും ഉത്തമമാണ്. അതുവരെ വ്രതഭക്ഷണം കഴിക്കാം.

പൂജ എടുക്കുമ്പോള്‍ പൂജകന് ദക്ഷിണ നല്‍കണം

പൂജ എടുത്തു കഴിഞ്ഞു മണ്ണിലോ അരിയിലോ
ഹരിഃ ശ്രീ ഗണപതയേനമഃ എന്ന് മാതൃഭാഷയിലോ സംസ്കൃതത്തിലോ എഴുതുക.

അക്ഷരമാല ക്രമത്തില്‍ അക്ഷരങ്ങള്‍ എഴുതണം
പുസ്തകം തുറന്നു അപ്പോള്‍ കാണുന്ന ഭാഗം വായിക്കണം.

തൊഴില്‍ ഉപകരണങ്ങള്‍ ദേവി തന്നെ കര്‍മ്മം ചെയ്യാന്‍ ഏല്‍പ്പിച്ചതാണെണ് കരുതി ദേവീ സ്മരണയില്‍ ഉപയോഗിക്കുക

ദേവി തന്നെ അനുഗ്രഹിച്ചു നല്ല വിദ്യ നേടാനുള്ള ബുദ്ധിയും കര്‍മ്മം ചെയ്യാനുള്ള ആരോഗ്യവും തന്നു എന്നും അത് താന്‍ അഹങ്കാരമില്ലാതെ നിലനിര്‍ത്തും എന്നും സങ്കല്‍പ്പിക്കുക

പൂജവയ്പ്പ് ചടങ്ങുകള്‍ക്ക് ദേശകാലത്തിനനുസരിച്ചു നിരവധി വ്യത്യാസങ്ങള്‍ കാണുന്നുണ്ട് എങ്കിലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്‍ക്കും ചെയ്യാവുന്നതാണ്.

ആശ്വിന മാസത്തിലെ ശുക്ലപക്ഷ അഷ്ടമി സന്ധ്യക്ക്‌ വരുന്ന ദിവസമാണ് കേരളത്തില്‍ പൂജ വയ്ക്കുന്നത്.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847475559

error: Content is protected !!