Tuesday, 1 Oct 2024
AstroG.in

സര്‍വ്വപാപനിവാരണത്തിന് ശനി പ്രദോഷ വ്രതം

ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി

സര്‍വ്വപാപ നിവാരണത്തിന് വ്രതം എടുക്കുന്നതിനും മന്ത്രം ജപിക്കുന്നതിനും ഏറെ ഉത്തമമാണ് പ്രദോഷവും ശനിയാഴ്ചയും ചേർന്നു വരുന്ന ശനി പ്രദോഷദിനം. ത്രയോദശി തിഥിയിൽ ഉപവാസത്തോടെ വ്രതം നോറ്റ് വൈകിട്ട് ശിവ ക്ഷേത്രത്തിൽ പ്രദോഷപൂജയിൽ പങ്കെടുത്താൽ ശിവപാർവതിമാരുടെ മാത്രമല്ല സകല ദേവതകളുടെയും അനുഗ്രഹം ലഭിക്കും എന്നാണ് വിശ്വാസം. ശനിദോഷങ്ങൾ അകറ്റുന്നതിന് ശനിയാഴ്ച വരുന്ന പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. 2021 ഏപ്രിൽ 24, മേയ് 8 തീയതികളിൽ ശനി പ്രദോഷം വരുന്നു.

തെറ്റ് പറ്റുന്നത് സ്വാഭാവികം
തെറ്റിൽ തുടരുന്നത് അസുരത്വം
തെറ്റ് തിരുത്തുന്നത് മനുഷ്യത്വം

തെറ്റിൽ പശ്ചാത്തപിക്കുന്നത് തന്നെ പരിഹാരമെന്ന് പറയുന്നു. ഇനി പറയുന്ന സര്‍വ്വപാപനിവാരണ മന്ത്രം ഉത്തമ സ്ഥാനത്ത് നെയ്‌വിളക്ക് കൊളുത്തിവെച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് ജപിക്കേണ്ടതാണ്. കറുത്ത വസ്ത്രം ധരിക്കുന്നത് നല്ലത്.

പ്രഭാതത്തില്‍ 108 ഉരു ജപിക്കേണ്ടുന്ന ഒരു മന്ത്രം

ഓം ശ്രീ രുദ്രായ പാപരാശി നിവൃത്തകായഹ്രീം
രുദ്രാത്മനേ ശാന്തായ നിത്യായ നിര്‍മ്മലാത്മനേ
ഹ്രീം ഐം കലി കല്മഷഹരായ നമ:ശിവായ

മദ്ധ്യാഹ്നത്തില്‍ 108 ഉരു ജപിക്കേണ്ട മന്ത്രം

ഓം വേദമാര്‍ഗ്ഗായ ശാന്തായ ശംഭവേ നമ:ശിവായ
സദാശിവായ കാലകേയായ ത്രിവേദാഗ്നയേ നമ:ശിവായ

സന്ധ്യാനേരത്ത് 312 ഉരു ജപിക്കേണ്ട ഒരു മന്ത്രം

ഓം നീലകണ്ഠായ നീലവസ്ത്രായ ജ്ഞാനിനേ
ഹ്രീം ഐം പരമാത്മനേ ശ്രീ മഹാദേവായ നമ:

തിങ്കളാഴ്ച, പ്രദോഷം, ശിവരാത്രി, തിരുവാതിര എന്നീ ദിവസങ്ങളിൽ ഒന്നില്‍ ഈ മന്ത്രങ്ങള്‍ ജപിക്കുന്നത് അതീവ ഫലപ്രദമാണ്. ഈ മന്ത്രങ്ങൾ ഗുരൂപദേശം കൂടാതെ ഉപയോഗിക്കരുത്. ശനി പ്രദോഷ ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിക്കുന്നത് വളരെയേറെ ഉത്തമമാണ്.

നമ:ശിവായ എന്ന പഞ്ചാക്ഷരിയും ഓം നമ:ശിവായ എന്ന ഷഡാക്ഷരിയും ഓം ഹ്രീം നമ:ശിവായ എന്ന ശക്തി പഞ്ചാക്ഷരിയും ഗുരൂപദേശമില്ലാതെ ജപിക്കാവുന്ന മന്ത്രങ്ങളാണ്. 108, 1008, എന്നിങ്ങനെ ജപിക്കുന്നത് ഉത്തമമായി പറയപ്പെടുന്നു.

സംശയ നിവാരണത്തിന്
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
നാഗമ്പള്ളി സൂര്യഗായത്രിമഠം
+91960 500 20 47

( ഒടിസി ഹനുമാൻ സ്വാമി ക്ഷേത്രം, തിരുവനന്തപുരം, ചേർത്തല കാർത്യായനി ക്ഷേത്രം, കൊറ്റംകുളങ്ങര മഹാക്ഷേത്രം തുടങ്ങിയ പ്രസിദ്ധ സന്നിധികളിൽ മേൽശാന്തിയായിരുന്നു ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി )

Story Summary: Benefits Of Shani Pradosha Vritham

error: Content is protected !!