Saturday, 23 Nov 2024
AstroG.in

സാന്താനഭാഗ്യത്തിനും ദുരിത മകറ്റാനും വെട്ടിക്കോട് ആയില്യ പൂജ, നാഗ മന്ത്രങ്ങൾ

ജ്യോതിഷരത്നം വേണു മഹാദേവ്

ഭൂമിയിൽ ആദ്യമായി നാഗപ്രതിഷ്ഠ നടന്ന വെട്ടിക്കോട് നാഗരാജ ക്ഷേത്രം കന്നിമാസത്തിലെ ആയില്യ മഹോത്സവത്തിന് ഒരുങ്ങുന്നു. മഹാമാരി കാരണം കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ ഭക്തർക്ക് ദർശനം അനുവദിക്കുകയുള്ളു. എന്നാൽ ക്ഷേത്രാചാരങ്ങളും ഉത്സവാചാരങ്ങളും തെല്ലും മുറതെറ്റിക്കാതെ നടക്കും. 2020 ഒക്ടോബർ 12 നാണ് ഇത്തവണ വെട്ടിക്കോട് ആയില്യം.

ആദ്യമായി സർപ്പപ്രതിഷ്ഠ നടന്ന സന്നിധിയായത്
കൊണ്ടാണ് പുള്ളുവൻപാട്ടിൽ വെട്ടിക്കോട്ട് നാഗരാജാവിനെ ആദിമൂല നാഗരാജാവ് എന്ന് സ്തുതിക്കുന്നത്. കായംകുളത്തിനടുത്താണ് വെട്ടിക്കോട്ട് ക്ഷേത്രം. കായംകുളം – പുനലൂർ റോഡിൽ 10 കിലോമീറ്റർ പോയാൽ ക്ഷേത്രത്തിൽ
എത്താം. സന്താനഭാഗ്യം ഇല്ലാതിരിക്കുക, ദാരിദ്ര്യം, കഠിനമായ സാമ്പത്തിക ഞെരുക്കം, വിവാഹ തടസം, ഉദര രോഗം, ത്വക് രോഗം തുടങ്ങിയ സർപ്പ ദോഷങ്ങൾ പരിഹരിക്കുന്നതിന് ഉത്തമമാണ് വെട്ടിക്കോട് നാഗരാജ ക്ഷേത്ര ദർശനവും വഴിപാടുകളും. മണ്ണാറശാല ഒഴികെയുളള പ്രധാന നാഗരാജ സന്നിധികളായ പാമ്പുംമേക്കാട്, അനന്തൻ കാട്, വടക്കുമ്പാട്ട്, പാതിരിക്കുന്നത്ത് എന്നിവിടങ്ങളിൽ എല്ലാം കന്നിമാസത്തെ ആയില്യമാണ് പ്രധാനം.

വെട്ടിക്കോട് ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ മറ്റു നാഗ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. കന്നി മാസത്തിലെ പൂയം നാളിൽ മാത്രമേ ഇവിടെ ദീപാരാധന നടത്താറുള്ളൂ. മറ്റു ദിവസങ്ങളിൽ വൈകുന്നേരം സാധാരണ വിളക്ക് വയ്പ് മാത്രമാണ് നടക്കുന്നത്. കന്നി മാസത്തിലെ ആയില്യം വെട്ടിക്കോട്ട് ആയില്യം എന്ന പേരിൽ ദേവന്റെ തിരുനാളായി കൊണ്ടാടുന്നു. സാധാരണ കന്നിയിലെ ആയില്യത്തിന് ഏഴു ദിവസം മുമ്പ് വിശേഷാൽ പൂജകളും ഭാഗവത സപ്താഹയജ്ഞവും മറ്റു ചടങ്ങുകളും ആരംഭിക്കും. പൂയം ദിവസം സന്ധ്യയ്ക്ക് സർവ്വാഭരണ വിഭൂഷിതരായ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും ദീപാരാധന നടക്കും. ആയില്യദിവസം വെളുപ്പിന് നട തുറന്ന് നിർമ്മാല്യം കഴിഞ്ഞാൽ അഭിഷേകം, ഉഷപൂജ, ഉച്ച:പൂജ നൂറും പാൽ എന്നിവയ്ക്കു ശേഷം ഉച്ചയോടുകൂടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാഗാരാജാവിനെ മേപ്പള്ളിൽ ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഇത് തൊഴുന്നവർക്ക് ഒരു വർഷത്തേക്ക് വിഷഭയം ഉണ്ടാകില്ല എന്നാണ് വിശ്വാസം.

നാലുകെട്ടിൽ എഴുന്നള്ളിച്ച് ഇരുത്തി നാഗാരാജാവിനെ പൂജാകർമ്മങ്ങൾക്കുശേഷം ക്ഷേത്രത്തിലേക്കു തിരിച്ച് എഴുന്നള്ളിക്കും. പുള്ളവൻമാരുടെ സ്തുതി ഗീതങ്ങളുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത്. സന്ധ്യയ്ക്കാണ് സർപ്പബലി. രാത്രി 10 മണിയോടെ നട അടയ്ക്കും. മകം ദിവസം രാവിലെ ഇളനീരഭിഷേകം നടത്തി ശുദ്ധകലശത്തോടെ ആയില്യചടങ്ങ് പൂർണ്ണമാകും.

സാധാരണ ഞായറാഴ്ചകളിൽ വെട്ടിക്കോട്ട് വലിയ പ്രാധാന്യമാണ്. മാസം തോറും ആയിലും നക്ഷത്ര ദിവസങ്ങളിൽ നൂറും പാലും നടത്താറുണ്ട്. കൂടാതെ കന്നിയിലെ ആയില്യം മുതൽ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെ എല്ലാ ഞായറാഴ്ചകളിലും നൂറും പാലും നടത്താറുണ്ട് കുംഭത്തിലെ ആയില്യം, ശിവരാത്രി, മേടമാസത്തിലെ ആയില്യം എന്നീ ദിവസങ്ങളിലും വിശേഷാൽ ചടങ്ങുകൾ നടക്കുന്നുണ്ട്.

ഭക്തരുടെ സർവ്വാഭീഷ്ടങ്ങളും സാധിച്ചുകൊടുക്കുന്ന ദേവനാണ് വെട്ടിക്കോട്ട് ശ്രീനാഗരാജാവ്. സർപ്പരാജനായ അനന്തനെ അതേ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠച്ചിരിക്കുന്നത്. ഇങ്ങനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന കേരളത്തിലെ ഏക നാഗക്ഷേത്രവും വെട്ടിക്കോട്ട് ശ്രീനാഗരാജസ്വാമി ക്ഷേത്രമാണ്. പ്രജാപതിയായ കശ്യപന് ദക്ഷന്റെ പുത്രി കദ്രുവിൽ ജനിച്ച പുത്രനാണ് ആദിശേഷനായ അനന്തൻ. ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായ ബലരാമൻ അനന്തന്റെ അംശാവതാരമാണ്.

മറ്റു സ്ഥലങ്ങളിലെ സർപ്പക്കാവുകളിലെ ചൈതന്യം ആവാഹിച്ച് വെട്ടിക്കോട്ട് കുടിയിരുത്താറുണ്ട്. ഇതിനുള്ള പ്രത്യേക കാവാണ് ക്ഷേത്രകുളത്തിന് സമീപം മതിലിനു വെളിയിലുള്ള ആഗമ സർപ്പക്കാവ്. ഇവിടെ വർഷത്തിലൊരിക്കൽ തുലാമാസത്തിലെ ആയില്യം കഴിഞ്ഞുവരുന്ന ഞായറാഴ്ച നൂറും പാലും നടത്താറുണ്ട്. വെട്ടിക്കോട്ട് ക്ഷേത്രത്തിന്റെ പശ്ചാത്തലം തിരുവിതാംകൂർ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സർപ്പ ഭീതി ഒഴിവാക്കുന്നതിനും നാഗദേവതകളുടെ അനുഗ്രഹത്തിനും ഇനി പറയുന്ന നാഗമന്ത്രങ്ങൾ
പതിവായി ജപിക്കണം. നാഗാരാധനയ്ക്ക് ഏറ്റവും ഉത്തമമായ ദിവസം ഞായറാഴ്ചയാണ്. തിഥികളിൽ പഞ്ചമി അതും കറുത്തവാവ് കഴിഞ്ഞു വരുന്ന പഞ്ചമി നല്ലതാണ്. നക്ഷത്രങ്ങളിൽ ആയില്യം നാളു തന്നെ. ഈ ദിവസങ്ങളിലെ നാഗാരാധന അതിവേഗം ഫലം കാണും. നല്ലെണ്ണ, കരിക്ക്, പാൽ, തേൻ, പനിനീർ, മഞ്ഞൾപ്പൊടി, കളഭം, കമുകിൻ പൂക്കുല, പിച്ചി, മുല്ല, അരളി , തുളസി, തെറ്റി ഇവയെല്ലാം നാഗർക്ക് സമർപ്പിക്കാം. നിവേദ്യങ്ങളിൽ പ്രിയങ്കരം കദളിപ്പഴം, വെള്ളച്ചോറ്, പാൽ പായസം, അപ്പം, അട, ശർക്കരപായസം, തെരളി എന്നിവയാണ്.

നാഗരാജ മൂലമന്ത്രം
ഓം നമ: കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമ:

നാഗയക്ഷി മൂലമന്ത്രം
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീം യക്ഷിണീ സ്വാഹാ നമ:

സർപ്പദോഷ നിവാരക മന്ത്രം
ഓം കുരു കുല്ലേ ഹും ഫട് സ്വാഹ

അനന്ത ധ്യാനം
സൗമ്യോ അനന്തശ്ചതുർ ബാഹു:
സർവാഭരണ ഭൂഷിതാ:
ജപാപുഷ്പനിഭാകാര: കരണ്ഡ മകുടാന്വിത:
സിതവസ്ത്രധര: ശാന്തസ്ത്രി നേത്ര:
പത്മ സംസ്ഥിത: അഭയം വരദം ടങ്കം
ശൂലം ചൈവ ധൃതോവതു

വാസുകി ധ്യാനം
ഫണാഷ്ട ശത ശേഖരം ദ്രുത സുവർണ്ണ പുഞ്ജപ്രഭം
വരാഭരണ ഭൂഷണം തരുണ ജാലതാമ്രാംശുകം
സവജ്ര വരലക്ഷണം നവസരോജരക്തേക്ഷണം
നമാമി ശിരസാ സുരാസുര നമസ്കൃതം വാസുകിം

നാഗരാജ ഗായത്രി
ഓം നാഗരാജായ
വിദ്മഹേ
ചക്ഷു: ശ്രവണായ ധീമഹി
തന്നോ സർപ്പ: പ്രചോദയാത്

അനന്ത ഗായത്രി
ഓം സഹസ്ര ശീർഷായ
വിദ്മഹേ
വിഷ്ണു തല്പായ ധീമഹി
തന്നോ ശേഷ: പ്രചോദയാത്

വാസുകി ഗായത്രി
ഓം സർപ്പരാജായ
വിദ്മഹേ
പത്മഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017

error: Content is protected !!