സാമ്പത്തിക ബുദ്ധിമുട്ടുകൾ അകറ്റി ധനസമൃദ്ധിക്ക് രാഹു – കേതു പ്രീതി
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
കഷ്ടപ്പാടുകളിൽ മുങ്ങിപ്പോയവർക്ക് രാഹു, കേതുക്കളുടെ അനുഗ്രഹം മുക്തി നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി സമ്പത്തും സമൃദ്ധിയും കെെവരാൻ രാഹു കേതു പ്രീതി സഹായിക്കും. ഇതിനായി രാഹുവിനെയും കേതുവിനെയും ഇഷ്ട മന്ത്രങ്ങൾ ചൊല്ലി ഭക്തിപൂർവ്വം ഉപാസിച്ച് പ്രസാദിപ്പിക്കണം. രാഹുകേതുക്കൾ പ്രസാദിച്ചാൽ അപ്രതീക്ഷിതമായി സമ്പത്തുണ്ടാകും എന്ന് അനുഭവസ്ഥർ ശരിവയ്ക്കുന്നു.
ദുഷ്ഫലങ്ങൾ മാത്രം നൽകുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും എന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ധാരാളം സദ്ഫലങ്ങൾ നൽകാനും കഴിവുള്ളവയാണ് ഈ തമോഗ്രഹങ്ങൾ. മറ്റ് സപ്ത ഗ്രഹങ്ങൾ സമ്മാനിക്കുന്ന ദോഷഫലങ്ങൾ രാഹു പ്രീതി വരുത്തിയാൽ കുറയ്ക്കാൻ കഴിയും. കേതു പ്രീതി നേടിയാൽ നവഗ്രഹങ്ങൾ നൽകേണ്ട സദ്ഫലങ്ങൾ ഉറപ്പിക്കാനും വർദ്ധിപ്പിക്കാനും കഴിയും.
രാഹു മൂലമന്ത്രം
ഓം രാഹവേ നമഃ
കേതു മൂലമന്ത്രം
ഓം കേതവേ നമഃ
രാഹു ഗായത്രി
ഓം നീലവർണ്ണായ വിദ്മഹേ
സൈംഹികേയായ ധീമഹി
തന്നോ രാഹു പ്രചോദയാത്
കേതു ഗായത്രി
ഓം ചിത്രഗുപ്തായ വിദ്മഹേ
ചന്ദ്ര ഉച്ചായ ധീമഹി
തന്നോ കേതു പ്രചോദ യാത്
സാമ്പത്തിക വിഷമങ്ങളും മറ്റ് തരത്തിലെ കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കുന്നവർ ആദ്യം ഈ മന്ത്രങ്ങൾ ജപിച്ച് രാഹുകേതുക്കളെ പ്രീതിപ്പെടുത്തണം. തുടർന്ന് എല്ലാം ഉപേക്ഷിച്ച, ചുടല ഭസ്മം ധരിച്ച, ശ്മശാനത്തിൽ വസിക്കുന്ന ശിവനെ സങ്കല്പിപിച്ച് തുടർച്ചയായി 41ദിവസം ഓം നമഃ ശിവായ ജപിച്ച് ഭജിക്കണം. മറ്റ് ശിവ മന്ത്രങ്ങളും ജപിക്കാം. ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് ശിവമന്ത്രങ്ങൾ ജപിച്ചുള്ള പ്രാർത്ഥന പൂർത്തിയാക്കണം. പറ്റുമെങ്കിൽ ഈ ദിവസങ്ങളിൽ ശിവക്ഷേത്രത്തിൽ പാലും തേനും അഭിഷേകവും നടത്തണം. മുടങ്ങാതെ 41ദിവസം ഈ സങ്കല്പത്തിൽ ശിവപൂജ ചെയ്താൽ സന്തോഷകരമായ അനുഭവങ്ങൾ കണ്ടു തുടങ്ങും. രാഹുകേതുക്കളുടെ അനുഗ്രഹം ഒരു പോലെ ലഭിക്കാൻ മഹാദേവനെയാണ് ഭജിക്കേണ്ടത്. സമ്പത്ത്, മനോബലം, വീര്യം, സന്തോഷം, സമാധാനം ഇവയെല്ലാം കൈവരും. ഏതൊരു കാലത്തും ഈ ഉപസനയിലൂടെ നേടുന്ന ശിവപ്രീതി ധനാഗമനത്തിനു വഴി തുറക്കുന്നതിനൊപ്പം രാഹു, കേതു, ശനി ഗ്രഹങ്ങൾ സൃഷ്ടിക്കുന്ന ദോഷങ്ങളുടെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യും.
രാഹു പ്രീതി നേടാനും രാഹു ദോഷം കുറയ്ക്കാനും ദേവീ ഉപാസനയും ഉത്തമമാണ്. ശനിയാഴ്ച വ്രതം നോറ്റ് സ്വരസ്വതി ദേവിയെ ഭജിച്ചാൽ സദ് ഫലം ലഭിക്കും. ചൊവ്വാഴ്ചകളിൽ രാഹുകാലത്ത് നാരങ്ങാ വിളക്ക് തെളിച്ചാൽ രാഹു ദോഷങ്ങൾ ഒഴിഞ്ഞു പോകും. കേതു ദോഷങ്ങൾ തീർക്കാൻ ഗണപതി ഭഗവാനെ ഭജിക്കണം.
രാഹു, കേതു ദോഷപരിഹാരത്തിന് ഉത്തമമായ സന്നിധി ശ്രീ കാളഹസ്തിയാണ്. ശ്രീ (ചിലന്തി ), കാള (സർപ്പം ), ഹസ്തി (ആന) ഇവർ മൂന്നും ശ്രീ പരമേശ്വനെ പൂജിച്ച് മോക്ഷം നേടിയ ക്ഷേത്രമാണിത്. തിരുപ്പതിക്ക് അടുത്തുള്ള ശ്രീ കാളഹസ്തിയിൽ ശിവൻ വായൂ രൂപത്തിൽ സ്ഥിതി ചെയ്യുന്നു. രാഹു കേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമായ കാളഹസ്തിയെ ദക്ഷിണ കൈലാസം എന്നും അറിയപ്പെടുന്നു. ഇവിടെ രാഹു, കേതു പൂജ നടത്താൻ ഉത്തമം ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, പൗർണ്ണമി, ചൊവ്വാഴ്ച, ആയില്യം, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം ദിനങ്ങൾ ഇവയാണ്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള ശ്രീ കാളഹസ്തിയിലേക്ക് ചെന്നൈയിൽ നിന്നുള്ള കുറഞ്ഞ ദൂരം 115 കിലോമീറ്റർ. തിരുവനന്തപുരത്തു നിന്നും 830 കിലോമീറ്ററുണ്ട്. തിരുപ്പതിയിൽ നിന്നും പാലക്കാട് നിന്നുള്ള ദൂരം യഥാക്രമം 38, 580 കിലോമീറ്ററാണ്.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847575559