Saturday, 23 Nov 2024
AstroG.in

സുബ്രഹ്മണ്യന് പ്രധാനം 3 നക്ഷത്രങ്ങൾ ; ഈ നക്ഷത്രജാതർക്ക് സർവാനുഗ്രഹം

ജ്യോതിഷരത്നം ഏരൂർ ചന്ദ്രൻ നായർ
സുബ്രഹ്മണ്യ ഭഗവാനെ ഉപാസിക്കുന്നതിന് ഏറ്റവും വിശേഷപ്പെട്ട നക്ഷത്രങ്ങളാണ് വിശാഖം, പൂയം, കാർത്തിക. വിശാഖം ഭഗവാന്റെ ജന്മ നക്ഷത്രമാണ്. പൂയം പാർവതി ദേവി മുരുകന് വേൽ സമ്മാനിച്ച ദിവസമാണ്. ഷൺമുഖന് സ്തന്യം നൽകിയ കൃത്തികാ ദേവിമാരുടെ നക്ഷത്രമാണ് കാർത്തിക. ഈ മൂന്ന് നക്ഷത്ര ദിനങ്ങളിലും മുരുകനെ ഉപാസിച്ചാൽ ക്ഷിപ്രഫലം ലഭിക്കുമെന്നാണ് വിശ്വാസവും അനുഭവവും. സുബ്രഹ്മണ്യന്റെ പ്രത്യേക അനുഗ്രഹമുള്ളവരാണ് ഈ നക്ഷത്രങ്ങളിൽ പിറക്കുന്നതെന്നും അവർ വിധി പ്രകാരം ഭഗവാനെ ആരാധിച്ചാൽ ജീവിതത്തിൽ ധാരാളം സദ്ഫലങ്ങൾ ഉണ്ടാകുമെന്നും കരുതുന്നു.

എല്ലാ ജീവജാലങ്ങളുടേയും ഹൃദയഗൃഹത്തിൽ അധിവസിക്കുന്നവനാണ് സ്കന്ദൻ. ജ്യോതിഷത്തിൽ കാലപുരുഷൻ്റെ ഹൃദയമായി പറയുന്നത് കർക്കട രാശിയാണ്. അതുകൊണ്ടാണ് പൂയം നക്ഷത്രം സ്കന്ദന് പ്രിയപ്പെട്ടതായത്. നക്ഷത്രത്തിന് പൂർണ്ണ ബലം സിദ്ധിക്കുന്നതും ദേവന്മാർക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ തിഥി പൗർണ്ണമിയാണ്. പൗർണ്ണമിയും പൂയവും ഒരുമിച്ചു വരുന്നത് മകരമാസത്തിലാണ്. അതുകൊണ്ടാണ് മകരത്തിലെ തൈപ്പൂയം സുബ്രഹ്മണ്യന് ഏറ്റവും പ്രിയമായത്. പാർവ്വതിദേവി ശക്തിവേൽ മുരുകന് സമ്മാനിച്ച ദിവസമാണ് തൈപ്പൂയമെന്നും പറയുന്നു. 2021 ജനുവരി 28 നാണ് ഇത്തവണ തൈപ്പൂയ മഹോത്സവം.

പൂയം നാളിൽ മുരുകനെ ഭജിച്ചാൽ ഹൃദയത്തിലെ മാലിന്യങ്ങളെല്ലാം അകന്നു പോയി മനസ് ശുദ്ധമാകും. ആഗ്രഹസാഫല്യമുണ്ടാകും. ദാമ്പത്യത്തിലെ പൊരുത്തക്കേട് ഇല്ലാതാകും. പ്രണയസാഫല്യത്തിനും ഗൃഹ സംബദ്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മന:ശാന്തിക്കും സുബ്രഹ്മണ്യനെ ആരാധിക്കുന്നത് ഉത്തമമാണ്.

സ്കന്ദ സങ്കല്പത്തിൽ നിരവധി ആദ്ധ്യാത്മിക രഹസ്യങ്ങളുണ്ട്. ശിവൻ പരംപുരുഷനും പാർവ്വതി മൂലപ്രകൃതിയുമാണ്. പ്രകൃതി പുരുഷ സംയോഗത്തിൽ നിന്നുണ്ടാകുന്ന ജീവബോധത്തിന് സ്കന്ദനെന്ന്
വരാഹപുരാണം പറയുന്നു. അഹങ്കാരമാണ് അഹംബോധം. ഈ അഹംബോധത്തിൻ്റെ ആവാസ സ്ഥാനം ഹൃദയമാണ്. ഹൃദയഗുഹയിൽ അധിവസിക്കുന്നവൻ എന്ന അർത്ഥത്തിൽ സ്കന്ദന് ഗുഹൻ എന്ന പേരുമുണ്ട്. സ്കന്ദൻ കാലസ്വരൂപനാണ്. ഭഗവാൻ്റെ 6 മുഖങ്ങൾ 6 ഋതുക്കളും 12 കർമ്മങ്ങൾ 12 മാസങ്ങളുമാണ്. ജ്യോതിഷത്തിൽ പരമഗുരുവായി ശ്രീ മുരുകനെ ആരാധിക്കുന്നതിൻ്റെ കാരണം ഇതാണ്.

ചില ആചാര്യൻമാർ സ്കന്ദനെ വേദസ്വരൂപനായി പ്രകീർത്തിക്കുന്നു. മുരുകൻ്റെ 6 മുഖങ്ങൾ 6 വേദാംഗങ്ങൾ ആണ്. ചിലർ സ്കന്ദൻ ആത്മസ്വരൂപൻ ആണെന്നും കരുതുന്നു .ആത്മാവിന് വിഷയജ്ഞാനം കൈവരിക്കുന്നതിന് ആവശ്യമായ മനസ് ഉൾപ്പെടെയുള്ള 6 ഇന്ദ്രിയങ്ങളാണ് ഭഗവാൻ്റെ 6 മുഖങ്ങൾ. തന്ത്രശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന 6 ആധാരചക്രങ്ങളുടെ പ്രതീകങ്ങളാണ് സുബ്രഹ്മണ്യൻ്റെ 6 മുഖങ്ങളെന്നും ചിലർ പറയുന്നു.

സ്കന്ദന് അനേകം നാമങ്ങൾ പ്രചാരത്തിലുണ്ട്. ശിവ രേതസ് സ്ഖലിച്ച് ഉണ്ടായത് കൊണ്ട് സ്കന്ദനെന്നും അഗ്നിയുടെ പുത്രനായതുകൊണ്ട് മഹാസേനൻ എന്നും മഹത്തായ ജ്ഞാനം സ്വരൂപമായിരിക്കുന്നതു കൊണ്ട് സുബ്രഹ്മണ്യനെന്നും കൗമാര ഭാവത്തിൽ ഇരിക്കുന്നത് കൊണ്ട് കുമാരനെന്നും കൃത്തികാ ദേവിമാർ സ്ത്യന്യം നൽകി വളർത്തിയത് കൊണ്ട് കാർത്തികേയൻ എന്നും ശരവണ പൊയ്കയിൽ ജാതനായതുകൊണ്ട് ശരവണൻ എന്നും 6 മുഖങ്ങളോടു കൂടിയവൻ ആയതുകൊണ്ട് അറുമുഖൻ എന്നും പറയുന്നു. കുമാരൻ എന്നതിൻ്റെ പ്രാദേശിക രൂപമാണ് മുരുകൻ. പാർവ്വതി നൽകിയ ശക്തി എന്ന വേലായുധം എപ്പോഴും മാറോടു ചേർത്തു പിടിച്ചിരിക്കുന്നതു കൊണ്ട് ശക്തിധരൻ, വേലായുധൻ എന്നീ പേരുകൾ ഭഗവാനുണ്ട്.

സുബ്രഹ്മണ്യൻ്റെ ജൻമനക്ഷത്രം വിശാഖമാണ്. വിശാഖം നക്ഷത്രത്തിൽ സ്കന്ദനെ ആരാധിച്ചാൽ എതിരാളികൾ നിഷ്പ്രഭരാകും. ഏത് പ്രതിസന്ധിയേയും തരണം ചെയ്യുവാനുള്ള സാമർത്ഥ്യമുണ്ടാകും. കൃത്തികാ ദേവിമാർ എടുത്തു വളർത്തിയതുകൊണ്ട് കാർത്തികയും മുരുകന് പ്രധാനപ്പെട്ടതാണ്. അഗ്നിനക്ഷത്രമായ കാർത്തികയിൽ സ്കന്ദനെ ആരാധിക്കുകയാണെങ്കിൽ വിഘ്നങ്ങളെല്ലാം നശിക്കും. ജ്ഞാനവും വിവേകവും വർദ്ധിക്കും.

ഭൂമിയുടെ കാരകൻ ചൊവ്വയാണ്. അതിനാൽ ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും ആഗ്രഹിക്കുന്നവരും, ഭൂമി സംബന്ധമായ പ്രശ്നങ്ങളുള്ളവരും ഈ ദിവസം സുബ്രഹ്മണ്യനെ ഭജിക്കണമെന്ന് പറയുന്നത്. അങ്ങനെ ഭജിച്ചാൽ ഭൂമി സംബന്ധമായ എല്ലാ ദോഷഫലങ്ങളും അകന്നു പോകും. സുബ്രഹ്മണ്യനെ ഭജിക്കാൻ ഉത്തമമായ ചില മന്ത്രങ്ങൾ :

സുബ്രഹ്മണ്യമൂലമന്ത്രം

1
ഓം വചത്ഭുവേ നമഃ

(ഈ മൂല മന്ത്രം വളരെയധികം ഫലസിദ്ധി ഉള്ളതാണ്.
വിദ്യാവിജയത്തിനും അത്യുത്തമം. വ്രതനിഷ്ഠയോടെ ജപിക്കുക)

2
ഓം ശരവണഭവായ നമ:

(ഈ മന്ത്രം ദാമ്പത്യസൗഖ്യം വർദ്ധിപ്പിക്കും )

സുബ്രഹ്മണ്യഗായത്രികൾ

1
ഓം തത്പുരുഷായ വിദ്മഹേ
മഹാസേനായ ധീ മഹി
തന്നോ സ്കന്ദ പ്രചോദയാത്

(ഈ മന്ത്രം കർമ്മ തടസങ്ങൾ ഇല്ലാതാക്കും. നിത്യവും
36 തവണ ജപിക്കുക)

2
ഓം തത്കുമാരായ വിദ്മഹേ
കാർത്തികേയായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്

3
(ഈ മന്ത്രം ദാമ്പത്യ സൗഖ്യത്തേയും
സന്താനലാഭത്തെയും പ്രദാനം ചെയ്യും നിത്യം
41 തവണ ജപിക്കുക)

ഓം സനൽകുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്

(ഈ മന്ത്രം വിദ്യാവിജയം നൽകുന്നതാണ്
നിത്യവും 108 തവണ ജപിക്കുക)

അഭീഷ്ടസിദ്ധിക്കുള്ള മുരുക മന്ത്രങ്ങൾ

1
ഷഡാനനം കുങ്കുമരക്തവർണ്ണം
മഹാമതീം ദിവ്യമയൂര വാഹനം
രുദ്രസ്യസൂനും സുര സൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ

2
ശക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപുരോഗഘ്നം
ഭാവയേകുക്കുട ധ്വജം

(ഈ മന്ത്രങ്ങൾ വ്രതനിഷ്ഠകൂടാതെ ജപിക്കാം. ആപത്തിൽ നിന്നും മോചനവും ആഗ്രഹസാഫല്യവും ഉണ്ടാകും )

ജ്യോതിഷരത്നം ഏരൂർ ചന്ദ്രൻ നായർ, +91 944 786 5011

error: Content is protected !!