Friday, 20 Sep 2024
AstroG.in

സുബ്രഹ്മണ്യ രായം എന്നും ജപിച്ചോളൂ,
സർവ്വാഭീഷ്ടസിദ്ധി തേടി വരും

അനിൽ വെളിച്ചപ്പാടൻ
ഭക്തകോടികൾ നൂറു കണക്കിന് നാമങ്ങൾ ജപിച്ച് ശ്രീമുരുകനെ ആരാധിക്കുന്നുണ്ടെങ്കിലും കുമാര തന്ത്രം പറയുന്നതനുസരിച്ച് 16 ഭാവങ്ങളാണ് ഭഗവാനുള്ളത്: ശക്തിധരൻ, സ്കന്ദൻ, സേനാപതി, സുബ്രഹ്മണ്യൻ, ഗജവാഹനൻ, ശരവണഭവൻ, കാർത്തികേയൻ, കുമാരൻ, ഷൺമുഖൻ, താരകാരി, സേനാനി, വള്ളി കല്യാണസുന്ദരമൂർത്തി, ബ്രഹ്മശാസ്താ, ബാലസ്വാമി, ക്രൗഞ്ച ദേവത, ശിഖിവാഹനൻ എന്നിവയാണ് ആ 16 ഭാവങ്ങൾ.

ശത്രുക്കളെ നേരിട്ട് എതിരിടുന്നവനായതു കൊണ്ടാണ് സ്കന്ദനായത്. ശരവണ പൊയ്കയിൽ ജനിച്ചതിനാൽ ശരവണഭവനായ ഭഗവാനെ ഏത് സുബ്രഹ്മണ്യമന്ത്രം കൊണ്ടും 21, 000 തവണ ആരാധിച്ചാൽ ആ അനുഗ്രഹം ലഭിച്ചു തുടങ്ങുന്നത് ഏത് ഭക്തർക്കും തിരിച്ചറിഞ്ഞ് അനുഭവിക്കാൻ കഴിയും.

ഏത് ഭാവത്തിലും ആരാധിക്കാവുന്ന ഭഗവാനാണ് ശിവപാർവതീ പുത്രനായ ശ്രീമുരുകൻ. ദേവസേനയുടെ നായകനായ സുബ്രഹ്മണ്യനെ ദക്ഷിണേന്ത്യയിലാണ് ഏറ്റവും കൂടുതൽ ഭക്തർ പൂജിക്കുന്നത്. തമിഴ്നാട്ടിലെ പഴനിമല ഉൾപ്പടെയുള്ള ഭഗവാന്റെ ആറുപടൈ വീടുകൾ വിശ്വ പ്രസിദ്ധമാണ്. ഹരിപ്പാട്, പെരുന്ന, പയ്യന്നൂർ, പെരളശ്ശേരി, ഉദയനാപുരം, കിടങ്ങൂർ, പന്മന, ചെറിയനാട്, ഉള്ളൂർ, തിരുവഞ്ചൂർ, ഉമയനെല്ലൂർ, വൈറ്റില, പാലക്കാട് കൊടുമ്പിൽ തുടങ്ങിവ കേരളത്തിലെ പ്രസിദ്ധമായ മുരുക സന്നിധികളാണ്.

പൊതുവേ മുരുകമന്ത്രങ്ങൾ 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. 21,000 ജപസംഖ്യ പൂര്‍ത്തിയാകുന്നത് എന്നാണോ അന്നു മുതല്‍ സാക്ഷാല്‍ സുബ്രഹ്മണ്യന്‍റെ കൃപാകടാക്ഷം കൈവരും. ഓം ശരവണ ഭവ: എന്ന മന്ത്രത്തെ സുബ്രഹ്മണ്യ രായം എന്ന് വേലായുധ സ്വാമികളുടെ ഭക്തർ പറയാറുണ്ട്. ഇത് 21,000 തവണ ജപിച്ചാൽ സർവ്വാഭീഷ്ടസിദ്ധിയാണ് ഫലം.

സുബ്രഹ്മണ്യ പ്രീതിക്കുള്ള മന്ത്രങ്ങളും ജപങ്ങളും ഒരു ചൊവ്വാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ചൊവ്വാ ‍കാലഹോരയിൽ ഭക്തിയോടെ ജപിച്ചു തുടങ്ങണം.

ഓം വചത്ഭുവേ നമ: എന്നതാണ് സുബ്രഹ്മണ്യ മൂലമന്ത്രം. ഗുരുവിന്‍റെ മന്ത്രോപദേശം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഈ മൂലമന്ത്രം ജപിക്കണം എന്ന് അതിയായ ആഗ്രഹം തോന്നിയാല്‍ ശ്രീ പരമേശ്വരനെ ഗുരുവായി സങ്കല്പിച്ച് നിഷ്ഠകൾ പാലിച്ച് ഇത് ജപിച്ചുതുടങ്ങാം.

മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍ക്കും, ഒരു ജാതകത്തില്‍ ചൊവ്വ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം, രണ്ട്, ഏഴ്, എട്ട് എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍ക്കും സ്ഥിരമായി ജപിക്കാൻ ഉത്തമമാണ് സുബ്രഹ്മണ്യ ഗായത്രി.

രാഹൂര്‍ദശയില്‍ ചൊവ്വയുടെ അപഹാരകാലം രാഹൂര്‍ദശയുടെ അവസാനകാലം അഥവാ ദശാസന്ധിക്കാലം ഉള്ളവരും ഇത് ജപിക്കുന്നത് അതീവ ഗുണപ്രദം ആയിരിക്കും. സന്താനങ്ങളുടെ സ്നേഹവും കരുതലും ലഭിക്കാനും അവരുടെ ഉയര്‍ച്ചയ്ക്കായും സുബ്രഹ്മണ്യ ഗായത്രി ജപിക്കാം.

സുബ്രഹ്മണ്യ ഗായത്രി
സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്

അനിൽ വെളിച്ചപ്പാട്
(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം, കരുനാഗപ്പള്ളി)
www.uthara.in
+919497134134, 0476-296 6666

Story Summary : Subramaniya Rayam Japam for getting immense blessings of Lord Murugas


error: Content is protected !!