സ്കന്ദഷഷ്ഠി ഇത്തവണ വൃശ്ചികത്തിൽ; സന്തതി ശ്രേയസിന് വ്രതം ഉത്തമം
ഡോ. രാജേഷ്
സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഷഷ്ഠിവ്രതം. ശ്രീപരമേശ്വരന്റെയും പാര്‍വതീദേവിയുടെയും പുത്രനായി സുബ്രഹ്മണ്യന്‍ അവതരിക്കാൻ ഇടയായ സാഹചര്യം ഇങ്ങനെ: ദക്ഷ യാഗവേദിയില്‍ വച്ച് സതീദേവി ശരീരം വെടിഞ്ഞു. ഇതിനുശേഷം ശിവന്‍ ദക്ഷിണാമൂര്‍ത്തീ ഭാവം സ്വീകരിച്ച് കഠിന തപസ് തുടങ്ങി. ഈ സമയത്ത് ശുക്രാചാര്യരുടെ ശിഷ്യയും അസുരേന്ദ്രന്‍ എന്ന അസുരരാജാവിന്റെ പുത്രിയുമായ കുമാരി മായ കശ്യപമുനിയെ പ്രലോഭിപ്പിച്ച് ശൂരപദ്മാസുരന്‍, സിംഹവക്ത്രന്‍, താരകന്‍ എന്നീ മൂന്ന് പുത്രന്‍മാര്‍ക്ക് ജന്മമേകി. ഈ അസുര പുത്രന്മാർ തപസ് ചെയ്ത് ശിവനെ പ്രീതിപ്പെടുത്തി ശിവപുത്രനില്‍ നിന്ന് മാത്രമേ മൃത്യു സംഭവിക്കാവൂ എന്ന വരം നേടി.
ശിവന്‍ പത്‌നി വിയോഗത്തില്‍ തപസിൽ കഴിയുന്നതു കൊണ്ട് പുത്രന്‍ ജനിക്കുക അസാദ്ധ്യമാണ് എന്ന് കരുതി ഈ വരം നേടിയ മൂന്ന് അസുരന്‍മാരും അഹങ്കാരം മൂത്ത് ദേവലോകം കീഴടക്കി ഭരിച്ചു. എന്നാൽ ദേഹത്യാഗം ചെയ്ത സതി ഹിമവാന്റെയും മേനയുടെയും പുത്രി പാര്‍വതിയായി അവതരിച്ചു. പിന്നീട് കാമദേവന്റെ ഇടപെടലിലൂടെ ശിവപത്‌നിയായി. അസുരന്മാരുടെ ദ്രോഹം കാരണം കഷ്ടപ്പെടുന്ന ദേവന്മാരെ രക്ഷിക്കുവാൻ വേണ്ടിയാണ് ശിവന്റെ തപസ് മുടക്കി
പാർവ്വതിയുമായി ഒന്നിപ്പിച്ചത്. ദേവന്മാരുടെ ദു:ഖത്തിന് ശമനമുണ്ടാക്കണമെന്ന് ബ്രഹ്മാവ് ശ്രീപരമേശ്വരനോട് അഭ്യര്‍ത്ഥിച്ചപ്പോൾ ഭഗവാന്റെ തൃക്കണ്ണില്‍ നിന്നും ഒരു ദിവ്യതേജസ് ആവിര്‍ഭവിച്ചു. വായുദേവനും അഗ്‌നിദേവനും കൂടി ആ ദിവ്യതേജസിനെ ഗംഗയില്‍ എത്തിച്ചു. ഗംഗാദേവി ആ തേജസ് ശരവണ പൊയ്കയില്‍ നിക്ഷേപിച്ചു. അതില്‍നിന്ന് ഒരു ബാലന്‍ അവതരിച്ചു. ശിവതേജസില്‍ നിന്നുണ്ടായതു കൊണ്ട് ആ ബാലന് സ്‌കന്ദന്‍ എന്ന പേര് ലഭിച്ചു.
വിഷ്ണുഭഗവാന്റെ അഭ്യര്‍ത്ഥന പ്രകാരം കാര്‍ത്തിക നക്ഷത്രത്തിന്റെ അധിദേവതമാരായ ആറ് കൃത്തികാ ദേവിമാര്‍ സ്‌കന്ദന് മുലയൂട്ടി. ഓരോ ദേവിയോടും ഒപ്പം നില്‍ക്കാന്‍ സ്‌കന്ദന് ഓരോ മുഖം ഉണ്ടായി. അങ്ങനെ മുരുകന്‍ ഷൺമുഖനായി. കൃത്തികാ ദേവിമാര്‍ പാലൂട്ടി വളര്‍ത്തിയത് കൊണ്ടു സ്‌കന്ദന് കാര്‍ത്തികേയന്‍ എന്ന പേരും ലഭിച്ചു. ശരവണ പൊയ്കയില്‍ ജാതനായത് കൊണ്ട് ശരവണഭവനുമായി. സ്‌കന്ദനെ കണ്ട് ബ്രഹ്മാദികള്‍ സന്തുഷ്ടരായി. അവര്‍ മുരുകനെ ദേവന്മാരുടെ സേനാപതിയായി വാഴിച്ചു. ഇന്ദ്രിയങ്ങൾ ആകുന്ന സേനകളുടെ പതിയായിരിക്കുന്നത് കൊണ്ട് ദേവസേനാപതി എന്ന പേരും ലഭിച്ചു. തുടര്‍ന്ന് സ്‌കന്ദന്‍ ഘോരയുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്ത്രനെയും വധിച്ചു. അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരനുമായി സ്‌കന്ദന്‍ അനേക കാലം യുദ്ധം ചെയ്തു. മായാവിയായ ശൂരപദ്മാസുരന്‍ തന്റെ മായ കൊണ്ട് സ്‌കന്ദനെ മറച്ചു. ഇത് കണ്ടു ദേവന്മാരും അമ്മ പാര്‍വ്വതിയുമെല്ലാം വളരെയധികം ദു:ഖിച്ചു. അവര്‍ കഠിന വ്രതനിഷ്ഠയോടെ ഷഷ്ഠിവ്രതം അനുഷ്ഠിച്ചു.
തൽഫലമായി സ്‌കന്ദന്‍ ശൂരപദ്മാസുരന്റെ മായയെ ഇല്ലാതാക്കി അവനെ നിഗ്രഹിച്ചു. അങ്ങനെയാണ് ഷഷ്ഠിവ്രതത്തിന് വലിയ പ്രാധാന്യം ലഭിച്ചത്. സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ ഈ വ്രതമെടുത്താൽ പാർവ്വതി ദേവിയുടെ അനുഗ്രഹവും ലഭിക്കും. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. 1196 തുലാം മാസത്തെ ഷഷ്ഠി 2020 ഒക്ടോബർ 21, 22 തീയതികളിലാണ് . ഒക്ടോബർ 21 രാവിലെ 9.08 മുതൽ ഒക്ടോബർ 22 രാവിലെ 7.40 വരെയാണ് ഷഷ്ഠി തിഥി. 21ന് രാവിലെ 7 നാഴിക പഞ്ചമിയുള്ളതിനാൽ ചില ആചാര്യന്മാർ അന്ന് പഞ്ചമിയും അടുത്ത ദിവസം ഷഷ്ഠിയുമായി രേഖപ്പെടുത്തുന്നു. എന്നാൽ 22 ന് 3 നാഴിക 31 വിനാഴിക മാത്രമേ ഷഷ്ഠി തിഥി വരൂ. അതിനാൽ 21 ന് ഷഷ്ഠിവ്രതം ആചരിക്കുകയാകും ഉത്തമം.സാധാരണ തുലാമാസത്തിലാണ് സ്ക്ന്ദഷഷ്ഠി വരുന്നത്. ഇത്തവന്ന അത് വൃശ്ചികം 5 നാണ്. കാരണം തുലാമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന ആറാം തിഥിയാണ് സ്ക്ന്ദഷഷ്ഠി. തുലാം 30, നവംബർ 15 നാണ് കറുത്തവാവ്. അതിനാലാണ് വൃശ്ചികം 5 നവംബർ 20 ന് സ്ക്ന്ദഷഷ്ഠി വരുന്നത്. 6 ദിവസം വ്രതമാണ് ഏറ്റവും ഉത്തമം. നവംബർ 15 മുതൽ വ്രതമെടുക്കുക.
ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവര്‍ പഞ്ചമിനാളില്‍ ഉപവസിക്കുകയും, ഷഷ്ഠിനാളില്‍ പ്രഭാതസ്‌നാനം, ക്ഷേത്രദര്‍ശനം മുതലായവ ചെയ്യുകയും വേണം. ഷഷ്ഠിനാളില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍നിന്നും ലഭിക്കുന്ന നിവേദ്യച്ചോറ് ഭക്ഷിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്. ഷഷ്ഠിവ്രതത്തിന് അതിന്റെ തലേദിവസമായ പഞ്ചമിക്ക് വലിയ പ്രാധാന്യമുണ്ട്. അന്നും ഉപവസിക്കണം. എന്നാൽ പഞ്ചമിനാളില്‍ ഉപവസിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരുനേരം മാത്രം അരിയാഹാരം കഴിച്ചു കൊണ്ടും വ്രതം അനുഷ്ഠിക്കാം. വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ ഷഷ്ഠി വരെയുള്ള ആറ് ദിവസവും മല്‍സ്യമാംസാദികള്‍ വെടിഞ്ഞ് ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് ബ്രഹ്മചര്യം പാലിച്ച് വ്രതം അനുഷ്ഠിക്കുന്നത് ഏറ്റവും ഉത്തമം. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രത അനുഷ്ഠാനത്തിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഏറെ ഉത്തമമാണ്. വ്രതമെടുക്കുന്നവർ സുബ്രഹ്മണ്യസ്വാമിയുടെ മൂല മന്ത്രമായ ഓം വചത്‌ഭുവേ നമ: കഴിയുന്നത്ര തവണ ജപിക്കണം.