Sunday, 29 Sep 2024
AstroG.in

സ്ത്രീകൾക്ക് ഇടതു കണ്ണ് തുടിച്ചാൽ ശുഭ വാർത്ത, തിരുനെറ്റി പിടച്ചാൽ ധനം

ശരീരഭാഗങ്ങളുടെ ലക്ഷണം നോക്കി വ്യക്തിയുടെ സവിശേഷതകളും ഭാവിയും പ്രവചിക്കുന്ന
സമ്പ്രദായമാണ് സാമുദ്രിക ശാസ്ത്രം. ഇതിലൂടെ നമ്മുടെ ഭാഗ്യ നിർഭാഗ്യങ്ങളെല്ലാം പ്രവചിക്കാൻ കഴിയുമെന്ന് ലക്ഷണശാസ്ത്രം പറയുന്നു.
അതിലോലമായ, പെട്ടെന്ന് പ്രതികരിക്കുന്ന, എന്ത് വികാരവും വായിച്ചെടുക്കാൻ കഴിയുന്നതാണ് ഓരോ ശരീരത്തിലെയും ഓരോ അണുവുമെന്ന് സാമുദ്രിക ശാസ്ത്രം പറയുന്നു. തലച്ചോർ നൽകുന്ന നിർദ്ദേശങ്ങൾ അല്ലെങ്കിൽ അവിടെ സംഭവിക്കുന്ന അനുരണങ്ങളാണ് ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് സ്വന്തം ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ സൂചനയാണെന്ന് സാമുദ്രിക ശാസ്ത്രം വ്യക്തമാക്കുന്നു. മുഖം, വ്യക്തിപ്രഭാവം, ശരീരഭാഗങ്ങൾ, നിമിഷനേരത്തേക്ക് ശരീരത്തിൽ സംഭവിക്കുന്ന തുടിപ്പുകൾ, അവയവങ്ങൾ, ദേഹത്തെ മറുകുകൾ ഇതെല്ലാം വിശകലനം ചെയ്ത് വ്യക്തിയുടെ പ്രകൃതമോ, ഭാവിയോ പറയുവാൻ സാമുദ്രിക ശാസ്ത്രത്തിന് സാധിക്കും.

ശ്രീരാമദൂതനായി ഹനുമാൻ സ്വാമി ലങ്കയിൽ
എത്തിയപ്പോൾ അശോകവനിയിൽ സീതയുടെയും രാവണന്റെയും ഇടതു വശം തുടിച്ചതായി കഥയുണ്ട്. സീത ശുഭവും രാവണൻ അശുഭവും അനുഭവിച്ചത് ഫലം. സാമുദ്രിക ശാസ്ത്രത്തിലും ഹനുമാൻ നിപുണനായിരുന്നു. ആ സിദ്ധി ഉപയോഗിച്ചാണ് ദേവിയെ തിരിച്ചറിഞ്ഞത്.

സാമുദ്രികശാസ്ത്രം ഉൾപ്പെടെ എല്ലാ ലക്ഷണ ശാസ്ത്രങ്ങളുടെയും മാതാവായ കോടാങ്കി ശാസ്ത്രം ശ്രീകൃഷ്ണ ഭഗവാന്റെ സമ്മാനമാണത്രേ. അജ്ഞാതവാസകാലത്ത് കൈനോട്ടക്കാരനായി ധർമ്മപുത്രരെ സമീപിച്ച ഭഗവാൻ വിവരിക്കുന്ന രീതിയിലാണ് കോടാങ്കി ശാസ്ത്രത്തിന്റെ രചന. ഗരുഡ പുരാണത്തിൽ പരാമർശിക്കുന്ന സാമുദ്രിക ശാസ്ത്രം വേദജ്യോതിഷത്തിലെ ഒരു സുപ്രധാന ശാഖയാണ്.

ശാസ്ത്രീയമായി മാംസപേശികളിലെ ചലനങ്ങൾ സ്വാഭാവികമായി സംഭവിക്കുന്നതാണ്. മനുഷ്യർക്ക് അതിൽ ഒരു നിയന്ത്രണവുമില്ല – എന്നാൽ മാംസപേശികളിലെ തുടിപ്പുകൾ നമ്മുടെ ഭാവി പറയും എന്നതാണ് സാമുദ്രിക ശാസ്ത്രത്തിന്റെ പ്രമാണം. അതിൽ ചിലത് പരിശോധിക്കാം. സ്ത്രീകൾക്ക് ഇടത് വശവും പുരുഷന്മാർക്ക് വലതുവശവും തുടിക്കുന്നത് ശുഭസൂചനയായി പൊതുവേ കണക്കാക്കുന്നു.

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നെറ്റിത്തടം
തുടിച്ചാൽ ഒട്ടും വൈകാതെ നിങ്ങൾ തീർച്ചയായും എന്തോ വലിയ ലൗകിക സുഖം അനുഭവിക്കും. തിരുനെറ്റിയിലെ ഈ തുടിപ്പ് കുറച്ചു നേരം നീണ്ടു നിന്നാൽ വലിയ സാമ്പത്തിക നേട്ടം വരുന്നു എന്നു കരുതിക്കൊള്ളണം.

പുരുഷന്മാരുടെ ഇടതു വശം നിരന്തരം തുടിച്ചാൽ എന്തോ അശുഭ വാർത്ത അവരെ കാത്തിരിക്കുന്നു എന്ന് സൂചന. തൊഴിൽ നഷ്ടം, പ്രിയപ്പെട്ട ആരുടെയോ അപ്രതീക്ഷിത വിയോഗം, പരാജയം എന്നിവ ഉദാഹരണം. എന്നാൽ തുടിക്കുന്നത് പുരുഷന്മാരുടെ വലത് വശമാണെങ്കിൽ തീർച്ചയായും അവർക്ക് ശുഭവാർത്ത ശ്രവിക്കാം.

സ്ത്രീകളെ സംബന്ധിച്ചാണെങ്കിൽ നേരെ തിരിച്ചാണ്. അവർക്ക് ഇടതുവശം തുടിച്ചാൽ ശുഭവാർത്തയും, വലതുവശം തുടിച്ചാൽ അശുഭ വാർത്തയും കേൾക്കേണ്ടി വരുമത്രേ. അതായത് തൊഴിൽ നഷ്ടം, പ്രിയപ്പെട്ടവരുടെ വിയോഗം എന്നിവയ്ക്ക് സാദ്ധ്യത.

സ്ത്രീകളുടെ ഇടതു കണ്ണാണ് തുടിക്കുന്നതെങ്കിൽ ഉടൻ ഒരു നല്ലവിശേഷം പ്രതീക്ഷിക്കാം. പുരുഷന്മാരുടെ
വലത് കണ്ണ് തുടിക്കുന്നത് നിങ്ങളുടെ സ്വപ്നങ്ങളെല്ലാം പൂവണിയാൻ പോകുന്നതിന്റെ സൂചനയായി കരുതുക. സ്ത്രീകളുടെ വലതു കണ്ണ് നിരന്തരം തുടിച്ചു കൊണ്ടിരുന്നാൽ സാരമായ എന്തോ രോഗം പിടികൂടാൻ പോകുന്നു എന്ന് കരുതണം. പരിശോധന
ഒട്ടും വൈകിപ്പിക്കരുത്.

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഇരു കവിളും
ഇടവിട്ട് തുടിച്ചാൽ പെട്ടെന്ന് തന്നെ വൻ ധനലാഭം പ്രതീക്ഷിക്കാം. ഇത് അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളു.അങ്ങനെ സംഭവിച്ചാൽ
ധനം നിങ്ങളുടെ ഗൃഹത്തിലേക്ക് ഒഴുകാൻപോകുന്നു എന്ന് എന്ന് മനസിലാക്കണം.

സംഭാഷണത്തിനിടയിൽ അധരം വല്ലാതെ
തുടിച്ചാൽ പുതിയ സൗഹൃദങ്ങളുടെ വേലിയേറ്റം തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഇത് തൊഴിൽ സ്ഥലത്തെ സൗഹൃദം ആകാം, അല്ലെങ്കിൽ പഴയ സുഹൃത്തുക്കളുടെ തിരിച്ചുവരവാകാം. എന്തായാലും അതീവ ഹൃദ്യമായ ഒരു കൂടിച്ചേരൽ നടക്കാൻ പോകുന്നതിന്റെ സൂചനയാണിത്.

പുരുഷന്മാരുടെ വലതുതോൾ ഇടക്കിടെ തുടിച്ചാൽ മനസിലാക്കുക ഉടൻ തന്നെ നിങ്ങൾ സാമ്പത്തിക സ്വാശ്രയം നേടും. പുതിയ ജോലി, ഉദ്യോഗക്കയറ്റം, ശമ്പളവർദ്ധന, ധനവർദ്ധന, വിദേശയാത്ര ഇതെല്ലാം പ്രതീക്ഷിക്കാം. സ്ത്രീകളുടെ ഇടതു തോൾ തുടിച്ചാൽ ഈ പറഞ്ഞ ഫലങ്ങളുണ്ടാകും. അവരുടെ ആരോഗ്യം മെച്ചപ്പെടുന്നതിന്റെയും സൂചനയാണിത്.

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ രണ്ടു വശത്തെയും തോളിലെ മാംസപേശികളാണ് തുടിക്കുന്നതെങ്കിൽ കടുത്ത കലഹത്തിൽ പെട്ട് നിങ്ങൾ നട്ടം തിരിയാൻ പോകുന്നതായി കരുതണം. ഇത് കോടതി വ്യവഹാരമാകാം. രോഗാരിഷ്ടതയാകാനും സാദ്ധ്യത.
കൈകൾ ക്രമാതീതമായി തുടിക്കുന്നത്, എന്തോ ഗുരുതരമായൊരു പ്രശ്നം കാത്തിരിക്കുന്നതിന്റെ സൂചനയാണ്. എന്നാൽ ഇത് പൂർണ്ണമായും ശരിയാകണമെന്നില്ല. എന്നാലും മുൻകരുതൽ എടുക്കുന്നത് നല്ലതാണ്.

തുടിക്കന്നത് വിരലുകളാണെങ്കിൽ അധികം വൈകാതെ ഒരു പഴയ ചങ്ങാതിയെ അല്ലെങ്കിൻ പ്രേമഭാജനത്തെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കണം. ആ കൂടിച്ചേരൽ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഹൃദ്യവും തരളിതവുമായിരിക്കും.

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വലതുകൈ മുട്ടാണ് തുടിക്കുന്നതെങ്കിൽ വലിയ കലഹം പ്രതീക്ഷിക്കുക. ചിലപ്പോൾ അത് വളരെ വേണ്ടപ്പെട്ട ഒരാളുമായി ആകാം. ആ കലഹം ഒഴിവാക്കാൻ കഴിഞ്ഞാൽ ഒരു സുഹൃത്തിനെ നഷ്ടമാകില്ല. ഇടത് കൈമുട്ടാണ് തുടിക്കുന്നതെങ്കിൽ പെട്ടെന്ന് സാമൂഹ്യ അംഗീകാരം ലഭിക്കും. പ്രധാന പദവികൾ തേടിയെത്തും.

നടുവിൻ്റെ ഭാഗം തുടിക്കുന്നത് നല്ല ലക്ഷണമല്ല. സാമ്പത്തികമോ ശാരീരികമോ വൈകാരികമോ ആയ കഷ്ടപ്പാടുകൾ ദീർഘകാലത്തേക്ക് വരാൻ പോകുന്നു, തയ്യാറെടുക്കുക എന്നാണ് ഇതിൻ്റെ സൂചന.

പുരുഷന്മാരുടെ ഇടതു തുട തുടിക്കുന്നത് പ്രവർത്തി
ദോഷം കാരണം അപവാദത്തിൽ അകപ്പെടാൻ പോകുന്നതിന്റെയും അപമാന സാദ്ധ്യതയുടെയും ലക്ഷണമാണ്. എന്നാൽ സ്ത്രീകൾക്ക് ഇത് ചിലപ്പോൾ
ആരോഗ്യ പുഷ്ടിയുടെ സൂചനയാകാം.

ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
+91 8848873088

error: Content is protected !!