Sunday, 6 Oct 2024
AstroG.in

സ്വന്തം വീട്ടില്‍ പൂജ വയ്ക്കുമ്പോൾ
ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

അനിൽ വെളിച്ചപ്പാടൻ
പൂജവയ്പ്പും വിദ്യാരംഭവും ക്ഷേത്രത്തില്‍ മാത്രമല്ല സ്വന്തം വീട്ടിലും ചെയ്യാവുന്നതാണ്. വീട്ടിൽ പൂജ വയ്ക്കുന്ന രീതി : ഒരു പീഠത്തില്‍ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വയ്ക്കണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില്‍ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില്‍ നാല് സ്വസ്തികവും ഇടണം. വ്യത്യസ്തമായി
ഇത് ചെയ്യുന്നവരുമുണ്ട്. നടുക്ക് സരസ്വതീദേവിക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്ക് ഗണപതിയ്ക്കും ദക്ഷിണാമൂര്‍ത്തിയ്ക്കും പൂജിക്കണം. പൂജ പൂര്‍ത്തിയായാല്‍ പുസ്തകങ്ങള്‍ പത്മത്തില്‍ സമര്‍പ്പിക്കാം.
2022 ഒക്ടോബര്‍ 02 ഞായറാഴ്ച: ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവയ്ക്കാം. ക്ഷേത്രത്തില്‍ പൂജ വയ്ക്കുന്നവര്‍ രാവിലെയും വൈകിട്ടും ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനകളും നടത്തണം. പ്രത്യേക ദേവീ മന്ത്രങ്ങള്‍ അറിയാത്തവര്‍ ഈ ദിവസങ്ങളില്‍ ഗായത്രീമന്ത്രം ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും കുളി കഴിഞ്ഞ് ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം. ക്ഷേത്രദര്‍ശനസമയത്തും ജപിക്കാവുന്നതാണ്.

ഗായത്രിമന്ത്രം
ഓം ഭൂര്‍ ഭുവ സ്വ:
തത്സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്

(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത്‌ മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാല്‍ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും)

സരസ്വതി പ്രാര്‍ത്ഥനാമന്ത്രം
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ

സരസ്വതി ധ്യാനം
യാ കുന്ദേന്ദുതുഷാരഹാരധവളാ
യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർദ്ദേവൈ:
സദാ പൂജിതാ സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷജാഡ്യാപഹാ
ശ്രീ മഹാസരസ്വത്യെ നമഃ

സരസ്വതി മൂലമന്ത്രം
ഓം സം സരസ്വത്യൈ

സരസ്വതീഗായത്രി
ഓം സരസ്വത്യെ വിദ്മഹേ
ബ്രഹ്മപുത്ര്യെ ധീമഹി
തന്വോ സരസ്വതി: പ്രചോദയാത്

സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രമോ ധ്യാനമോ മൂലമന്ത്രമോ ഗായത്രിയോ അല്ലെങ്കില്‍ ഇവയെല്ലാമോ ഭക്തിയോടെ ജപിക്കാവുന്നതാണ്.

വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ അതീവ ഫലസിദ്ധിയുള്ള വിദ്യാലാഭമന്ത്രവും ജപിക്കാവുന്നതാണ്. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നത് അതീവ ദുഷ്ക്കരമാകയാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ജപിക്കാന്‍ തയ്യാറാകാവൂ. ക്ഷേത്രങ്ങളിലെ വിദ്യാമന്ത്രാര്‍ച്ചനകള്‍ക്കായി മിക്ക കര്‍മ്മികളും ഉപയോഗിക്കുന്നത് ചുവടെ എഴുതുന്ന ഈ മന്ത്രമാണ്.

വിദ്യാലാഭമന്ത്രം
ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:
സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:
അമീഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേ വര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം”

എന്നാണ് പൂജയെടുപ്പ്
2022 ഒക്ടോബര്‍ 05 ബുധനാഴ്ച, വിജയദശമി ദിവസം രാവിലെ പൂജാദികർമ്മങ്ങൾക്കുശേഷം പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം. അന്ന് പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണയും നല്‍കി വാങ്ങണം. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഇരുന്ന് മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ ന മഃ അവിഘ്നമസ്തു എന്നും പിന്നെ അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടര്‍ന്ന്, ദേവിയുടെ അനുവാദവും ആശീര്‍വാദവും വാങ്ങി വീടുകളിലേക്ക്‌ മടങ്ങണം.

വിദ്യാരംഭത്തിന് ജന്മനക്ഷത്രം കൊള്ളാമോ?
ക്ഷേത്രത്തില്‍ വെച്ച്, സകലപൂജാദികര്‍മ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്റെ ജന്മനക്ഷത്രം വര്‍ജ്ജ്യമല്ല. മാത്രവുമല്ല, ഈ വര്‍ഷത്തെ വിദ്യാരംഭ മുഹൂര്‍ത്തം അത്യുത്തമം ആകയാല്‍ ക്ഷേത്രത്തിലോ സ്വന്തം വീട്ടിലോ ഈ വര്‍ഷം തിരുവോണം നക്ഷത്രക്കാര്‍ക്കും വിദ്യ ആരംഭിക്കാം.

ഏവര്‍ക്കും നവരാത്രി, വിജയദശമി ആശംസകള്‍ നേര്‍ന്നുകൊണ്ട്,

അനിൽ വെളിച്ചപ്പാടൻ

  • 91 94971 34134
    (Anil Velichappadan, Uthara Astro Research Center
    https://uthara.in/ )

Story Summary: Vidyarambham Ceremony 2022: Date and Time


error: Content is protected !!