Tuesday, 8 Oct 2024
AstroG.in

സർപ്പദൈവങ്ങൾ കനിഞ്ഞാൽ കുടുബൈശ്വര്യം താനേ വരും

ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി

നാഗങ്ങളെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ് സർപ്പാരാധന. പ്രാചീന കാലം മുതൽ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിൽക്കുന്നു. പുരാവൃത്ത പരമോ മതപരമാ ആയ ദേവതയായി അല്ലെങ്കിൽ പ്രതീകമായി ആണ് നാഗത്തെ കല്പിച്ചിട്ടുള്ളത്. തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ചെയ്യാനാവാത്ത പ്രകൃതി ശക്തികളെ, ജീവജാലങ്ങളെ മനുഷ്യർ ആരാധിച്ച് പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാകാം സർപ്പാരാധനയുടെ തുടക്കം.

സർപ്പക്കാവുകളിൽ നാഗദേവതയെ കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായം കേരളത്തിന്റെ സവിശേഷതയാണ്. സർപ്പപ്രീതിക്കായി അനവധി അനുഷ്ഠാന കലകൾ കേരളത്തിൽ രൂപം കൊണ്ടിട്ടുണ്ട്. ക്ഷേത്രങ്ങളോടും തറവാടുകളോടും അനുബന്ധിച്ചാണ് സർപ്പുകാവുകൾ. പ്രകൃതിയും മനുഷ്യരും തമ്മിൽ പരസ്പര സൗഹൃദത്തോടും പസ്പര സഹോദര്യത്തോടും കഴിഞ്ഞു പോരുന്ന അപൂർവ്വ ബന്ധത്തിന്റെ മാതൃക ആണ് കാവുകൾ.

പരുശുരാമനാണ് കേരളത്തിൽ നാഗാരാധനയ്ക്ക് തുടക്കം തുറിച്ചതെന്നാണ് ഐതിഹ്യം. കേരളം സൃഷ്ടിച്ചപ്പോൾ അവിടം വാസയോഗ്യമാകണമെങ്കിൽ സർപ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കണമെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമൻ, ഭൂമിയുടെ രക്ഷകരും കാവൽക്കാരുമായി സർപ്പങ്ങളെ പൂജിക്കുകയും അവർക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാം എന്ന് ഉറപ്പു കൊടുത്തു. പകരം സർപ്പങ്ങൾ ഉച്ഛ്വാസവായു കൊണ്ട് ജലത്തിലെ ലവണാംശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം. പ്രാചീന കേരളം അഹിഭൂമി (നാഗങ്ങളുടെ നാട്), നാഗലോകം എന്നൊക്കെയാണ് പല തമിഴ് സംസ്കൃത കൃതികളിലും പരാമർശിക്കപ്പെടുന്നത്. മേൽപറഞ്ഞ ഐതിഹ്യങ്ങളാകും ഈ പരാമർശങ്ങൾക്ക് പിന്നിൽ.

സർപ്പദൈവങ്ങൾ കനിഞ്ഞാൽ സൽസന്താനങ്ങളും കുടുബൈശ്യര്യവും താനേ വന്നു ചേരും. എന്നാൽ നാഗാരാധന മുടങ്ങിയാൽ സർപ്പശാപം കുടുംബങ്ങൾ ശിഥിലമാക്കും. അന്യാധീനപ്പെട്ടു കിടക്കുന്ന കാവുകൾ ശുദ്ധമാക്കി നാഗദേവതകളെ കുടിയിരുത്തി ആരാധന തുടരുമ്പോൾ മുമ്പത്തെക്കാൾ ചൈതന്യം വന്നു ചേരുകയും ചെയ്യും. സർപ്പാരാധന മുടങ്ങിയാൽ സന്തതി ദുരിതവും രോഗ ദുരിതങ്ങളും മാറില്ല. സർപ്പങ്ങൾക്ക് പൊതുവെ ഭൂമിയുമായി ബന്ധമുണ്ടല്ലോ.

ഈശേവാ ഫണിശാല മീനപഥകേ
ചാപേ നിര്യതാം സ്ഥിത
ഭ്യംഗേ വാ ഫണിശാലയോനി വൃഷഭം
മാർത്താണ്ഡ സൂത്രം ഭജേ
ഇച്ചൊല്ലീടിന രാശി യിങ്കലുരഗം
വാണീടുകിൽ
സന്തതി നീങ്ങാതുള്ളതാം ഗൃഹം

ഈ പറഞ്ഞ സ്ഥാനങ്ങളാണ് സർപ്പ പ്രതിഷ്ഠകൾക്ക് ഉത്തമം. വാസ്തു ശാസ്ത്ര പ്രകാരം വീട് നിർമ്മിക്കാൻ ഭൂമി പൂജ ചെയ്യുമ്പോൾ നാഗങ്ങൾക്ക് തൃപ്തി വരത്തക്ക വിധം പൂജിക്കണം. നാഗദേവതകളെ സന്തോഷിപ്പിക്കണം. സർപ്പങ്ങൾക്ക് വിധിച്ചിട്ടുള സ്ഥാനങ്ങളിൽ ആലയം ഉണ്ടാക്കി പ്രതിഷ്ഠിക്കുകയും പൂജകൾ മുടങ്ങാതെ ചെയ്യുകയും വേണം. പല കുടുംബങ്ങളിലും കാവ് അന്യാധീനപ്പെട്ടു കിടക്കാറുണ്ട്. അത് പാടില്ല. മറ്റു ദേവതകളെ അപേക്ഷിച്ച് സർപ്പദേവതകൾക്ക് ആരാധനാ കാര്യങ്ങളിൽ കൂടുതൽ കൃത്യനിഷ്ഠയുണ്ട്. സർപ്പാരാധന മുടങ്ങിയൽ അത് അതേ രീതിയിൽ പുനരുദ്ധരിക്കണം. അല്ലെങ്കിൽ സർപ്പ ദേവതകളെ സർപ്പബലി തുടങ്ങിയ കർമ്മങ്ങൾ ചെയ്ത് വെട്ടിക്കോട്, മണ്ണാറശാല തുടങ്ങിയ നാഗക്ഷേത്രങ്ങളിൽ സമർപ്പിക്കുകയുമാകാം.

നാഗദൈവങ്ങളുടെ അനുഗ്രഹം ഏറ്റവും അഭിവ്യദ്ധി ഉണ്ടാക്കുന്നതാണ്. അതുപോലെ കുലദേവതകൾക്കും പ്രത്യേക സ്ഥാനം പറയുന്നു. ഒരു കുലദേവതയെ ഒരു കുടുംബത്തിനു മാത്രമായി ആരാധിക്കണമെങ്കിൽ വീടിന് അഭിമുഖമായി ഈശാന കോൺ , അഗ്നി കോൺ, കിഴക്ക്, തെക്ക്, എന്നിവിടങ്ങളിൽ ചെറിയ ആലയം ഉണ്ടാക്കി പൂജിക്കാം. അങ്ങനെ ചെയ്യുമ്പോൾ ആ കുടുംബത്തിനു മാത്രമേ അതിന്റെ പ്രയോജനം ലഭിക്കൂ. ആ കുടുംബവുമായി ബന്ധപ്പെട്ട മറ്റ് കുടുംബാംഗങ്ങൾക്ക് പ്രയോജനം ഉണ്ടാകില്ല. എല്ലാ കുടുംബാംഗങ്ങൾക്കും പ്രയോജനം ലഭിക്കാൻ ഈ കുലദേവതയെ പ്രത്യേക സ്ഥാനം കൽപ്പിച്ച് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിക്കണം. അതിനു വേണ്ടുന്ന രീതിയിൽ പൂജ ചെയ്യുകയും വേണം. ഈ ക്ഷേത്രം മൂലകുടുംബം എവിടെ ആണോ അവിടെ ആണ് നിർമ്മിക്കേണ്ടത്. ക്ഷേത്രങ്ങൾ നിർമ്മിക്കാൻ സ്ഥാനക്കണക്ക് ശരിയായിരിക്കണം. എങ്കിലേ ക്ഷേത്രത്തിന്റെ പ്രയോജനം ലഭിക്കൂ. വാസ്തു ദോഷം വരാൻ പാടില്ല.

ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി,
മേൽശാന്തി, അനന്തൻ കാട് നാഗരാജ ക്ഷേത്രം.
+91 6282434247

Story Summary: Significance of Sarppa Preethi

error: Content is protected !!