Saturday, 21 Sep 2024
AstroG.in

സർപ്പപൂജയ്ക്ക് അതിവേഗം ഫലം ;
സന്താനഭാഗ്യം ദാമ്പത്യസൗഖ്യം, ധനം

രാജേഷ് പോറ്റി
വളരെ വേഗത്തിൽ ഫലസിദ്ധി ലഭിക്കുന്ന ആരാധനയാണ് സർപ്പപൂജ. സർപ്പദൈവങ്ങൾ സംതൃപ്തരായാൽ സന്താനഭാഗ്യം ദാമ്പത്യസൗഖ്യം, ധനസമ്പത്ത് എന്നിവ ഉണ്ടാകും. കോപിച്ചാൽ സന്താനനാശം, ധനനഷ്ടം, കുലക്ഷയം, മാറാരോഗങ്ങൾ എന്നിവ സംഭവിക്കുകയും ചെയ്യും. സർപ്പങ്ങളെ വൈഷ്ണവമെന്നും, ശൈവമെന്നും രണ്ടു രീതിയിൽ തിരിച്ചിട്ടുണ്ട്. എങ്കിലും പൂജാവിധികളിലും ആരാധനയിലും കാര്യമായ വ്യത്യാസങ്ങൾ ഒന്നുമില്ല. വെട്ടിക്കോട് നാഗരാജക്ഷേത്രം, മണ്ണാറശാലക്ഷേത്രം, പാമ്പുംമേക്കാട്ട് മന, ആമേടക്ഷേത്രം, അനന്തൻകാട്‌ നാഗരാജക്ഷേത്രം, നാഗർകോവിൽ ക്ഷേ ത്രം തുടങ്ങിയവയാണ് പ്രധാനപ്പെട്ട നാഗാരാധനാകേന്ദ്രങ്ങൾ. ഇതിന് പുറമെ എല്ലാ ക്ഷേത്രങ്ങളിലും ഉപദേവതയായോ കാവായോ നാഗങ്ങളെ ആരാധിക്കാറുണ്ട്. ആയില്യമാണ് നാഗങ്ങൾക്ക് വിശേഷപ്പെട്ട ദിവസം.

ആയില്യപൂജ, നൂറുംപാലും, സർപ്പബലി, സർപ്പപൂജ, കളമെഴുത്തും സർപ്പപാട്ടും, നാഗരൂട്ട്, ആശ്ലേഷബലി, തുടങ്ങിയവയാണ്‌ നാഗർക്ക് നടത്തുന്ന പ്രധാന വഴിപാടുകൾ. പാൽ അഭിഷേകം, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയും നടത്തുന്നു. സർപ്പദോഷം, രാഹൂർദേഷം എന്നിവ അകലുന്നതിനും സന്താനഭാഗ്യം, മംഗല്യഭാഗ്യം എന്നിവ സിദ്ധിക്കുന്നതിനുമാണ് ഈ വഴിപാടുകൾ നടത്തുന്നത്.

മണ്ണാറശാല ക്ഷേത്രത്തിൽ സന്താനലാഭത്തിനു വേണ്ടി ഉരുളികമിഴ്ത്തൽ എന്നൊരു വിശേഷ വഴിപാട് നടത്താറുണ്ട്. അറിഞ്ഞോ അറിയാതെയോ സർപ്പക്കാവുകൾ നശിപ്പിക്കുകയോ സർപ്പങ്ങളെ കൊല്ലുകയോ ചെയ്തതിന്റെ പരിഹാരമായാണ് സർപ്പബലി, ആശ്ലേഷബലി എന്നിവ നടത്തുന്നത്.

കന്നിമാസത്തിലെ ആയില്യം വെട്ടിക്കോട് ആയില്യമെന്നും തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യമെന്നും പറയുന്നു. ഈ ദിവസങ്ങളിൽ ആയില്യപൂജ, നാഗരൂട്ട് എന്നിവ നടത്തുന്നതിന് വളരെയധികം ഫലസിദ്ധിയുണ്ട്. രാഹുദശാദോഷങ്ങൾ ഇല്ലാതാകുന്നതിന് നാഗർക്ക് നൂറും പാലും, നാഗരൂട്ട് തുടങ്ങിയ വഴിപാടുകൾ നടത്തുന്നത് നല്ലതാണ്.

എല്ലാ മാസവും ആയില്യം നക്ഷത്രമാണ് നാഗങ്ങൾക്ക് വിശേഷദിവസം. ആയില്യപൂജ, നൂറുംപാലും, സർപ്പബലി, സർപ്പപൂജ, കളമെഴുത്തും സർപ്പപ്പാട്ടും, നാഗരൂട്ട്, ആശ്ലേഷബലി എന്നിവയാണ് അന്ന് നടത്തുന്ന പ്രധാന വഴിപാടുകൾ.

രാജേഷ് പോറ്റി, +91 90377 48752
Story Summary: Significance of Naga Pooja

error: Content is protected !!