സർപ്പഭൂഷണനവാഹ മഹായജ്ഞം പള്ളിപ്പുറത്ത്; ഭക്തർക്ക് നേരിട്ട് അർച്ചനയും ഹവനവും നടത്താം
ജ്യോതിഷരത്നം വേണുമഹാദേവ്
കലികാലദോഷങ്ങളിൽ നിന്നും സർപ്പദോഷങ്ങളിൽ നിന്നും മോചനം നേടാൻ തിരുവനന്തപുരം പള്ളിപ്പുറം ശ്രീനാഗരാജ നാഗയക്ഷിയമ്മ ക്ഷേത്രം സർപ്പഭൂഷണ നവാഹ മഹായജ്ഞത്തിന് ഒരുങ്ങുന്നു.
2023 ജൂലൈ 28 മുതൽ ആഗസ്റ്റ് 6 വരെ നടക്കുന്ന ഈ മഹായജ്ഞത്തിന്റെ ഭാഗമായി ദ്വാദശ ജ്യോതിർലിംഗ പൂജയും നടക്കും. ആചാര്യ നിർദ്ദേശപ്രകാരം ഭക്തർക്ക് അർച്ചനയും മറ്റും ഹോമാഗ്നിയിൽ നേരിട്ട് സമർപ്പിക്കാൻ സാധിക്കുന്ന ശ്രീവിദ്യാ സമ്പ്രദായത്തിലാണ് 9 ദിവസം നീളുന്ന ഈ മഹായജ്ഞം സംഘടിപ്പിക്കുന്നത്.
അഷ്ടാദശപുരാണങ്ങളിൽ പ്രമുഖമായ ശിവപുരാണ പാരായണത്തോടൊപ്പമാണ് സർപ്പദോഷ പരിഹാരത്തിന് സഹായിക്കുന്ന നിരവധി പൂജാകർമ്മങ്ങൾ ഉൾപ്പെടുത്തി ഈ മഹായജ്ഞം നടത്തുക. പവിത്രമായ സർപ്പപൂജാ വിധികൾ കൃത്യമായി അനുഷ്ഠിക്കുന്ന ദേവസ്ഥാനമാണ് പള്ളിപ്പുറം കാവ്. ആയിരത്തി ഇരുനൂറിലേറെ വർഷമായി അണയാത്ത ഹോമാഗ്നി സൂക്ഷിക്കുന്ന തൃശൂർ വെള്ളത്തിട്ട് കിഴക്കേടത്ത് മനയിലെ ബ്രഹ്മശ്രീ വി ബി മാധവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. താന്ത്രികവിദ്യ, വിഷചികിത്സ എന്നിവയിൽ കീർത്തികേട്ട കിഴക്കേടത്ത് മനയിലെ മഹർഷി വിരൂപാക്ഷൻ നമ്പൂതിരി, വി കെ വി നീലകണ്ഠൻ നമ്പൂതിരി എന്നിവരുടെ പിൻഗാമിയായ മാധവൻ നമ്പൂതിരി നിരവധി മഹായജ്ഞങ്ങൾ നടത്തി ശ്രദ്ധേയനായ ആചാര്യനും വാഗ്മിയും കവിയുമാണ്.
മഹാശിവപുരാണത്തിലെ 24000 ശ്ലോകങ്ങൾ ഒൻപത് ദിവസം കൊണ്ട് പാരായണം ചെയ്യുകയും പുരാണ കഥാസന്ദർഭത്തിനനുസരണമായി നിരവധി പൂജകൾ സമർപ്പിക്കുകയും ചെയ്യുന്നതാണ് ഈ മഹായജ്ഞം.
ഒൻപത് ദിവസവും രാവിലെ 6.00 ന് യജ്ഞശാല ഉണരും. സമൂഹഗണപതി ഹോമത്തോടെയാണ് ഒരു ദിവസത്തെ യജ്ഞകർമ്മങ്ങൾ ആരംഭിക്കുക. ഗണപതിഹവനത്തിൽ ഭക്തർക്ക് നേരിട്ട് പങ്കെടുക്കാവുന്ന തരത്തിലാണ് ക്രമീകരണം. ഹോമദ്രവ്യങ്ങൾ, കറുക, നെയ് എന്നിവകൾ ഹോമാഗ്നിയിൽ പകർന്ന ശേഷം ഭക്തർ കൈയ്യിൽ കരുതുന്ന നാളികേരം യജ്ഞാചാര്യൻ ചൊല്ലുന്ന മന്ത്രം ഏറ്റുചൊല്ലി ഹോമാഗ്നിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന രീതി സാധാരണ പൂജാരീതികളിൽ പതിവില്ലാത്തതാണ്.
കിഴക്കേടത്ത് മനയിലെ യജ്ഞസമ്പ്രദായം വേറിട്ടു നിൽക്കുന്നത് ഇത്തരം ആരാധനാരീതി പിൻതുടരുന്നതു കൊണ്ടാണ്. മഹർഷി വിരൂപാക്ഷൻ നമ്പൂതിരിയുടെ താന്ത്രിക രീതികളാണ് ഇന്നും യജ്ഞവേദികളിൽ പിൻതുടർന്ന് പോരുന്നത്. ഗണപതി ഹോമം കഴിഞ്ഞാണ് ഗ്രന്ഥപൂജ, സമൂഹപ്രാർത്ഥന, ഗ്രാസ്ഥാർച്ചന, ശിവപുരാണ പാരായണം എന്നിവ നടക്കുന്നത്. ഓരോ സമയവും സംസ്കൃതത്തിൽ പാരായണം ചെയ്യുന്ന ഭാഗങ്ങൾ കഥാനുഗത പ്രാധാന്യത്തോടെ യജ്ഞാചാര്യൻ വേദിയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് അന്നദാനത്തിന് മുൻപായി പ്രസാദ വിതരണം നടക്കും. ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന മഹാശിവപുരാണപാരായണം വൈകിട്ട് 5.30 വരെ തുടരും. പാരായണം ചെയ്യുന്നതായ ഭാഗങ്ങൾ ലളിതമായ ഭാഷയിൽ യജ്ഞാചാര്യൻ ഭക്തർക്ക് പാരായണശേഷം വിവരിക്കും. നിത്യവും വൈകുന്നേരം ആറരമണിയോടെ ദീപരാധനയും കലശം പ്രദക്ഷിണവും കലശാഭിഷേകവും നടക്കും. ഓരോ ദിവസത്തെയും വിശേഷാൽ കലശ ദ്രവ്യങ്ങൾ വൈകിട്ട് കലശപൂജയ്ക്ക് ശേഷം, കലശം വാദ്യഘോഷം വായ്ക്കുരവ, മന്ത്ര ജപം എന്നിവയോടെ ആഘോഷപൂർവ്വം ക്ഷേത്ര ശ്രീലകത്തെ മൂന്നുവട്ടം വലം വച്ച ശേഷം യജ്ഞവേദിയിൽ എത്തി കലശാഭിഷേകം നടക്കും. ദിവസവും യജ്ഞത്തിന്റെ സുപ്രധാന ചടങ്ങാണിത്. ദർശനത്തിന് ഏറ്റവുമധികം പ്രാധാന്യമുള്ള ഈ സമയം ആചാര്യൻ ചൊല്ലുന്ന മന്ത്രം ഏറ്റുചൊല്ലി കുടുംബശ്രേയസ്സിനായി ഭക്തർക്ക് പ്രാർത്ഥിക്കാം. കലശാഭിഷേക ശേഷം അന്നേ ദിവസം വായിച്ച പാരായണ ഭാഗത്തിന്റെ സുപ്രധാനമായ കാര്യങ്ങളെക്കുറിച്ച് യജ്ഞാചാര്യൻ പ്രഭാഷണം നടത്തും. സംസ്കൃത പാരായണത്തിന്റെ സംക്ഷിപ്ത മലയാള വിവരണം അതാ സന്ദർഭങ്ങളെക്കുറിച്ച് അറിവ് പകരും. പതിനെട്ടു പുരാണങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്ന മഹാശിവപുരാണത്തിന്റെ യജ്ഞ രൂപത്തിലുള്ള ചടങ്ങുകൾക്ക് നിരവധി അനുബന്ധ ചടങ്ങുകളുണ്ട്.
ഓരോ ദിവസത്തെ പാരായണ ഭാഗത്തിന്റേയും സവിശേഷമായ പ്രാധാന്യത്തിനനുസരിച്ച് പ്രത്യേക പൂജ ചടങ്ങുകൾ നടക്കും. ശിവപാർവ്വതി പരിണയവേളയിൽ ശിവപാർവതി വേഷത്തിലെത്തുന്നവർ ഒരു വിവാഹ അന്തരീക്ഷം സൃഷ്ടിക്കും. ഓരോ കഥാസന്ദർഭങ്ങൾക്കും പ്രത്യേക ചടങ്ങുകൾ ഉണ്ട്. ശ്രീവിദ്യാപൂജ, കുമാരിപൂജ, തുടങ്ങിയവ ഇത്തരത്തിൽ യജ്ഞത്തിന്റെ ഭാഗമായി നടക്കും. യജ്ഞാരംഭത്തിനു മുൻപ് രണ്ടുദിവസത്തെ യജ്ഞ ജ്യോതിപ്രയാണം ഉണ്ടാകും. ദക്ഷിണ കേരളത്തിൽ ആദ്യമായി നടക്കുന്ന സർപ്പപ്രീതികരമായ മഹായജ്ഞത്തിന്റെ പ്രത്യേകതകൾ നാടാകെ അറിയിക്കുകയാണ് ലക്ഷ്യം. അലങ്കരിച്ച രഥത്തിൽ ക്ഷേത്രസന്നിധിയിലെ ശ്രീലകത്ത് നിന്നും കൊളുത്തുന്ന ദീപം ജില്ലയിലെ നൂറുകണക്കിന് ക്ഷേത്രങ്ങളിൽ സഞ്ചരിച്ച് ആരതി ഏറ്റുവാങ്ങി യജ്ഞാരംഭത്തിന് മുൻപ് ക്ഷേത്രസന്നിധിയിൽ മടങ്ങിയെത്തും. യജ്ഞജ്യോതി പ്രയാണം അവസാനിക്കുന്ന ഘട്ടത്തിൽ ജൂലൈ 28 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സാംസ്കാരിക സമ്മേളനത്തിൽ യജ്ഞത്തിന് സമാരംഭം കുറിക്കും.
ജൂലൈ 29 ന് ശനിയാഴ്ച രാവിലെ ആറുമണിക്ക് സമൂഹ ഗണപതിഹോമത്തോട് കൂടി ആരംഭിക്കുന്ന സർപ്പഭൂഷണ നവാഹമഹായജ്ഞം ആഗസ്റ്റ് മാസം ആറാം തീയതി അവഭൃഥ സ്നാനത്തോടെ സമാപിക്കും.
നവാഹത്തിന്റെ ഭാഗമായി നിത്യവും ഹോമാഗ്‌നിയിൽ നൂറുകണക്കിന് ഔഷധചമതകൾ, നെയ്യ്, തേൻ, തുടങ്ങി നിരവധിദ്രവ്യങ്ങൾ ഹോമിക്കും. നിരവധി അർച്ചന ഹവനാദികൾ യജ്ഞത്തിന്റെ ഭാഗമായി നടക്കും. സർപ്പദോഷ പരിഹാരത്തിനും സർപ്പ പ്രീതിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന നിരവധി പൂജകൾ യജ്ഞത്തിന്റെ ഭാഗമായി ഉണ്ടാവും. ഗണപതിഹോമം, സൂക്താർച്ചനകൾ, നവഗ്രഹഹോമം, മംഗല്യപൂജ, സന്താന സൗഭാഗ്യ പൂജ, ധന്വന്തരിപൂജ കുടുംബ ഐശ്വര്യപൂജ, തുടങ്ങി നിരവധി പൂജകളും മഹാഹോമങ്ങളും നടക്കും.
നാഗയക്ഷിയമ്മയും നാഗരാജാവായ വാസുകിദേവനും ഏക ശ്രീകോവിലിൽ വാണരുളുന്ന വളരെ സവിശേഷ പ്രധാന്യമുള്ള നാഗരാജ സന്നിധിയായ പള്ളിപ്പുറം കാവ് മഹാശിവപുരാണത്തിന്റെ യജ്ഞത്തിന് വേദിയാകുന്നത്
ഇതാദ്യമാണ്. തൃശൂർ പാമ്പുംമേക്കാട്ടുമനയുടെ താന്ത്രിക വിശുദ്ധിയാൽ ചൈതന്യവത്തായ ഈ നാഗ സന്നിധിയിൽ നിത്യപൂജയുണ്ട്. എന്നും രാവിലെ 6 30ന് നട തുറന്ന് പതിനൊന്ന് മണിക്ക് ദീപാരാധനയോടുകൂടി നടയടക്കുന്ന ക്ഷേത്രത്തിൽ ഞായർ, തിങ്കൾ, ആയില്യം ,പഞ്ചമി നാളുകളിൽ വിശേഷമാണ്.
യജ്ഞത്തിന്റെ വിശദ വിവരങ്ങൾക്ക് :
+91 9960626035, 9633707963, 0471- 2757575
ജ്യോതിഷരത്നം വേണുമഹാദേവ്, +91 8921709017
Story Summary: Pallippuram Sree Nagaraja Nagyakshiyamma Temple is gearing for 10 days Sarppabhushana Navaha Mahayagna from 2023 July 28 to August 6