സർവാഭീഷ്ടസിദ്ധിക്ക് സ്ത്രീകൾ മകം തൊഴണം; പുരുഷന്മാർക്ക് പൂരം
കുംഭമാസത്തിലെ രോഹിണി നാളിൽ കൊടിയേറി
ഉത്രം നാളിൽ ആറാട്ടോടെ ഉത്സവം നടക്കുന്ന
സന്നിധിയാണ് ചോറ്റാനിക്കര ക്ഷേത്രം. ഉത്സവത്തിന്റെ ഒരോ ദിവസവും ആറാട്ട് നടക്കുന്ന ക്ഷേത്രം എന്ന സവിശേഷതയും ചോറ്റാനിക്കരയ്ക്ക് ഉണ്ട്. ചോറ്റാനിക്കര ഉത്സവത്തിന്റെ ഏഴാം നാളിലാണ് വിശ്വപ്രസിദ്ധമായ മകം തൊഴൽ. സാധാരണ പതിനായിക്കണക്കിന് സ്ത്രീകൾ മകം തൊഴാൻ എത്തുന്ന ചോറ്റാനിക്കരയിൽ ഇത്തവണ മഹാമാരി കാരണം ദർശനത്തിന് നിയന്ത്രണങ്ങളുണ്ട്. എങ്കിലും ഫെബ്രുവരി 26, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ മകം ദർശനം ഉണ്ട്.
ഈ ദിവസമാണ് വില്വമംഗലം സ്വാമി ക്ഷേത്രത്തിൽ എത്തിയതെന്നും ചോറ്റാനിക്കര അമ്മ വിശ്വരൂപ ദര്‍ശനം നല്‍കി അനുഗ്രഹിച്ചതെന്നും വിശ്വസിക്കുന്നു.
ആ സങ്കല്പത്തിലാണ് മകം തൊഴൽ ആഘോഷിക്കുന്നത്.
പൊതുവെ കുംഭത്തിലെ മകം ദേവീപ്രീതികരമായ പ്രാർത്ഥനകള്‍ക്ക് ഏറ്റവും നല്ലതാണ്. വരദാഭയ മുദ്രകളോടും നാലു തൃക്കൈകളോടും കൂടിയ ദേവിയുടെ ദിവ്യരൂപമാണ് കുംഭത്തിലെ മകം നാളിൽ ഭക്തര്‍ക്ക് ദര്‍ശന പുണ്യമേകുക. ഈ മുഹൂര്‍ത്തത്തില്‍ ഭക്തരില്‍ നിന്നുയരുന്ന അമ്മേ നാരായണ, ദേവീ നാരായണാ നാമജപങ്ങളാലും മണിനാദങ്ങളാലും ക്ഷേത്രസന്നിധി ഭക്തിലഹരിയില്‍ മുങ്ങും. അന്ന് ശ്രീകോവിലില്‍ തെളിയുന്നത് മുഴുവന്‍ നെയ് വിളക്കുകളാണ്. സഹസ്രനാമ മാല, ലക്ഷ്മി മാല, പുളിയിലത്താലി, കാശുമാല, വട്ടത്താലി എന്നീ ആഭരണങ്ങൾ ചാർത്തി പട്ടുടയാടകൾ അണിഞ്ഞ് ദേവീ സര്‍വ്വാലങ്കാരവിഭൂഷിത ആയിരിക്കും.
മകം തൊഴലിന് മുമ്പ് ഭഗവതിക്ക് ഓണക്കുറ്റി ചിറയിലെ തീര്‍ത്ഥക്കുളത്തില്‍ ആറാട്ട് നടത്തും. മകത്തിന്
ഉച്ച പൂജ കഴിഞ്ഞ് അടയ്ക്കുന്ന നട രണ്ടു മണിക്ക് തുറക്കുന്നത് മകം തൊഴലിനാണ്. തങ്കഗോളകയാണ് മകം തൊഴല്‍ ദിവസം ദേവിക്ക് ചാര്‍ത്തുന്നത്. സാധാരണ ദിവസങ്ങളില്‍ ദേവി ഇടതുകൈ കൊണ്ടാണ് ഭക്തരെ അനുഗ്രഹിക്കുന്നത്. മകം തൊഴല്‍ ദിവസം ദേവിക്ക് ചാര്‍ത്തുന്നത് വലതുകൈ കൊണ്ട് അനുഗ്രഹിക്കുന്ന തങ്കഗോളകയാണ്. മകം തൊഴല്‍ ദിവസം ദേവി ഭക്തരെ അനുഗ്രഹിക്കുന്നത് വലതു കൈ കൊണ്ടാണെന്ന് സാരം.
സര്‍വ്വാഭീഷ്ടസിദ്ധി, സാമ്പത്തിക ഉന്നതി, സന്താനഭാഗ്യം,
ശത്രുദോഷശാന്തി, മംഗല്യഭാഗ്യം, ബാധോപദ്രവശമനം തുടങ്ങിയ ഗുണങ്ങള്‍ മകം തൊഴലിനുണ്ട്.
സ്ത്രീകൾക്ക് മകം തൊഴൽ പോലെ പുരുഷന്മാർക്ക് പ്രധാനമാണ് പൂരം. അന്ന് ഭദ്രകാളി കുടികൊള്ളുന്ന കീഴ്ക്കാവിൽ നിന്ന് ദേവിയെ പൂരപ്പറമ്പിലേക്ക് ഏഴ് ആനപ്പുറത്ത് എഴുന്നള്ളിക്കും. ചാേറ്റാനിക്കര ദേവി, കീഴ്ക്കാവിൽ ദേവി, ഓണക്കൂർ ദേവി, കൂഴേറ്റിൽ ദേവി, വിഷ്ണു ഭഗവാന്റെ രണ്ട് രൂപത്തിലുള്ള തിടമ്പ്, ശാസ്താവിന്റെ തിടമ്പ് എന്നിവയാണ് ഏഴാനപ്പുറത്ത് എഴുന്നള്ളിക്കുന്നത്.
മുകാംബികാ ദേവിയുടെ ചൈതന്യം കുടികൊള്ളുന്ന മേൽക്കാവിൽ രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് ഭദ്രകാളിയായും വൈകിട്ട് ദുർഗ്ഗയായും ദേവിയെ സങ്കല്പിച്ച് പുജിക്കുന്നു. 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര. ദേവിക്ക് രാവിലെ വെളുപ്പും ഉച്ചയ്ക്ക് ചുവപ്പും വൈകിട്ട് നീലയും പട്ട് ചാർത്തി ആരാധിക്കുന്നു. ഭദ്രകാളി സന്നിധിയായ കീഴ്ക്കാവിൽ ചുണ്ണാമ്പും മഞ്ഞളും ചേർത്ത ഗുരുതിയാണ് വഴിപാട്. മാനസിക വിഭ്രാന്തി മാറാനും, ബാധാേപദ്രവം ഒഴിപ്പിക്കാനും പ്രസിദ്ധമാണ് കീഴ്ക്കാവ് .
പത്ത് വയസിന് താഴെയുള്ളവർ, അറുപത് കഴിഞ്ഞവർ, ഗർഭിണികൾ, അടുത്ത് കോവിഡ് മുക്തരായവർ, രോഗ ലക്ഷണം ഉള്ളവർ, കണ്ടെയ്ൻമെന്റ് സോണിൽ നിന്നും വരുന്നവർ, ക്വാറന്റയിനിൽ കഴിയുന്നവർ എന്നിവർക്ക് മകം തൊഴൽ ദർശനത്തിന് അനുമതിയില്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.
Copyright 2021 neramonline.com. All rights reserved.