Sunday, 29 Sep 2024
AstroG.in

സർവൈശ്വര്യങ്ങളും തരും ഏഴരപ്പൊന്നാന ദർശനം

ശ്രീകുമാർ ശ്രീ ഭദ്ര
ഏഴരപ്പൊന്നാന ദർശനത്തിന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഒരുങ്ങി. തിരുവുത്സവത്തിന്റെ എട്ടാം ദിവസമായ കുംഭത്തിലെ രോഹിണി നക്ഷത്രത്തിലാണ് ഭക്തർക്ക് അനുഗഹമേകാൻ ഭഗവാൻ ഏഴരപ്പൊന്നാന്നപ്പുറത്ത് എഴുന്നള്ളുന്നത്. 2022 മാർച്ച് 10 ന് രാത്രി 11 മണിക്ക് ഇവിടെ വിശ്വപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും നടക്കും. തിരുവിതാംകൂർ മഹാരാജാവ് നടയ്ക്ക് വച്ച ഏഴ് വലിയ ആനകളുടെയും ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന എന്ന പേരിൽ അറിയപ്പെടുന്നത്. വലിയ ആനകൾക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. പ്ലാവിൻ തടിയിൽ നിർമ്മിച്ച് സ്വർണ്ണ പാളികൾ പൊതിഞ്ഞ പ്രതിമകളാണ് ഇവ. എട്ടാംഉത്സവത്തിന് ക്ഷേത്രത്തിന്റെ മതിൽക്കകത്തെ പടിഞ്ഞാറേ മൂലയിൽ ആസ്ഥാന മണ്ഡപത്തിലാണ് ഏഴരപ്പൊന്നാന ദർശനം നൽകി എഴുന്നള്ളിയിരിക്കുന്നത്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ ഭഗവാന് വലിയ കാണിക്ക സമർപ്പിക്കുന്ന വേളയിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ഭഗവാന്റെ തിടമ്പ് കൊണ്ടുവന്ന് വയ്ക്കും. ഇതിന്റെ വലത് ഭാഗത്ത് മൂന്നും ഇടത് വശത്ത്നാലും പൊന്നാനകളെ ഇരുത്തും. തിടമ്പിന്റെ താഴെയാണ് അരപ്പൊന്നാനയുടെ സ്ഥാനം.

എട്ട് ദിക്കിലെ ഗജങ്ങളെയാണ് ഏഴരപ്പൊന്നാന പ്രതിനിധീകരിക്കുക. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൗമൻ, വാമനൻ എന്നിവയാണ് അഷ്ടദിക് ഗജങ്ങൾ. വാമനനൻ ചെറുത് ആയതിനാൽ അരപൊന്നാനയായി.
തിരുവിതാംകൂർ മഹാരാജാവ് അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ്മയുടെ നേര്‍ച്ചയാണ് ഏഴരപ്പൊന്നാന. പക്ഷേ ഗജ വിഗ്രഹങ്ങളുടെ പണി തീര്‍ക്കുന്നതിന് മുമ്പേ തിരുമനസ്‌ നാടുനീങ്ങി. കാര്‍ത്തികതിരുനാള്‍ തിരുമന‌സിനായിരുന്നു തുടര്‍ന്ന് രാജപദവി. അദ്ദേഹം അനന്തഗോപാലന്‍ എന്നുപറയുന്ന ജീവനുള്ള ആനയെ ശ്രീപത്മനാഭനന്റെ നടയ്ക്ക് വച്ച ശേഷം ഏഴരപ്പൊന്നാനയെ ഏറ്റുമാനൂരിൽ നടയ്ക്ക് വച്ചു.

കുംഭ മാസത്തിലെ രോഹിണി നാളിൽ മഹാദേവൻ ശരഭ മൂർത്തിയായി വന്ന് ഇന്ദ്രന്റെ ബ്രഹ്മഹത്യാപാപം തീർത്തു എന്നാണ് വിശ്വാസം. ഈ സമയത്ത് എല്ലാ ദേവതകളും
ഇവിടെ സന്നിഹിതരാകുന്നതിനാൽ സർവ ദേവീ ദേവന്മാരുടെയും അനുഗ്രഹത്തിന് ഏഴരപ്പൊന്നാന ദർശനം അത്യുത്തമം ആണത്രേ. അതിനാൽ ഈ സന്ദർഭത്തിൽ ശ്രീ പരമേശ്വരനെ ദർശിച്ച് കാണിക്ക സമർപ്പിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ്
എത്തുന്നത്. എട്ടും പത്തും ഉത്സവ ദിനങ്ങളിൽ ഏഴരപ്പൊന്നാനയെ പുറത്തെഴുന്നള്ളിക്കും. വിഷു ദിവസം അരപ്പൊന്നാനയെ ദർശനത്തിന് വയ്ക്കും.

ശ്രീകുമാർ ശ്രീ ഭദ്ര
+91 94472 23407
Story Summary :

Story Summary: Significance of Ezhara Ponnana Dershanam at Ettumanoor Mahadeva Temple

Copyright 2021 Neramonline.com. All rights reserved


error: Content is protected !!