സർവ്വഐശ്വര്യവും ദുരിതമുക്തിയും നൽകുന്ന ഋഷിപഞ്ചമി ബുധനാഴ്ച
അരവിന്ദ് അശോകൻ
ഭാദ്രപദമാസത്തിലെ ശുക്ലപക്ഷപഞ്ചമിയാണ് ഋഷി പഞ്ചമിയായി ആചരിക്കുന്നത്. ഋഷിപഞ്ചമിയുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളുമുണ്ട്. അതിലൊന്ന് ബ്രഹ്മവിഷ്ണു മഹേശ്വരന്മാരും സൂര്യ – ചന്ദ്രനക്ഷത്രാദി ഗ്രഹങ്ങളും ഇന്ദ്രാദി ദേവതകളും മറ്റും വിശ്വകർമ്മാവിനെ സ്മരിച്ചിരുന്ന ദിവസമാണിതെന്നാണ്. സപ്തർഷികളെ പൂജിക്കേണ്ട ദിവസമാണിത് എന്ന് മറ്റൊരു വിശ്വാസവും ഉണ്ട്. കർമ്മങ്ങളിൽ വന്നുപോയ പിഴവുകളിലൂടെ സംഭവിച്ച പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുന്നതിന് ശ്രേഷ്ഠമായ ദിവസവുമാണിത്.
ആദിമൂലസ്വരൂപനും സർവ്വചരാചരങ്ങളെയും സൃഷ്ടിച്ച, സർവ്വത്തിന്റെയും അധിപതിയായ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെയും, ദേവാസുര മനുഷ്യഗണങ്ങളെയും സൃഷ്ടിച്ച ജഗത്പിതാവായ സ്വയംഭൂഃ വിശ്വകർമ്മദേവനെ വേദമന്ത്ര സ്തുതിഗീതങ്ങളാൽ സർവ്വദേവതകളും ആരാധിച്ച് സന്തോഷിപ്പിച്ച് സർവ്വാഭീഷ്ട വരം നേടുന്ന പുണ്യദിനമായാണ് ഋഷിപഞ്ചമിയെ സങ്കല്പിക്കുന്നത്.
ത്രിമൂർത്തികൾ എപ്പോഴും ധ്യാനനിമഗ്‌നരാണ്. പിതാവും ഗുരുവുമായ ശ്രീവിരാട് വിശ്വരൂപത്തെയാണ് ഇവർ സദാ ധ്യാനിക്കുന്നത്. ദേവന്മാരുടെ നിത്യവുമുള്ള ധ്യാന തപസ്സിന്റെ ഫലമായി ജഗദീശ്വരൻ ഭാദ്രപദമാസത്തിലെ ശുക്ലപക്ഷത്തിലെ പഞ്ചമിയിൽ വിരാട് പുരുഷനായി ഇവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് സർവ്വ അനുഗ്രഹവും ചൊരിയുന്നു. ഈ ദിവസം ഭഗവാനെ വേണ്ടും വിധത്തിൽ ആരാധിച്ചാൽ സർവ്വ ദുഃഖങ്ങളും മാറി സർവ്വഐശ്വര്യവും ലഭിക്കും. ഋഷി പഞ്ചമി ദിവസം ക്ഷേത്രദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തണം. ഈ ദിവസം മത്സ്യമാംസാദികൾ വർജ്ജിച്ച് വിഷ്ണു, ലക്ഷ്മി, ശിവപാർവ്വതി ക്ഷേത്രങ്ങളിൽ ആരാധനനടത്തുന്നതും ഉത്തമമാണ്. ഇഷ്ടഭർത്തൃലബ്ധിക്കും ദാമ്പത്യദുരിത മോചനത്തിനും സന്താനസൗഭാഗ്യത്തിനും ഋഷിപഞ്ചമി അനുഷ്ഠാനം ശ്രേഷ്ഠമാണ്. കന്നി 3 (2023 സെപ്റ്റംബർ 20) ബുധനാഴ്ചയാണ് ഈ വർഷത്തെ ഋഷി പഞ്ചമി.
വിശ്വകർമ്മദേവന്റെ ഉത്ഭവത്തെപ്പറ്റി വേദപുരാണങ്ങൾ ങ്ങളിൽ പറയുന്നുണ്ട്. വിശ്വം സൃഷ്ടിച്ച വിശ്വകർമ്മാവ് എന്നതിനെക്കാൾ ഉപരി വിശ്വരക്ഷകനും പരമാത്മാവും പരബ്രഹ്മവും എല്ലാം വിശ്വകർമ്മാവാണ്. പ്രപഞ്ചത്തിൽ ഒന്നുമില്ലാതിരുന്ന, സർവ്വശൂന്യമായ അവസ്ഥയിൽ ജലം, ഭൂമി, അഗ്‌നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളും ചിത്തം, ബുദ്ധി, അഹങ്കാരം, മനസ് എന്നീ നാല് അന്ത:ക്കരണങ്ങളും പഞ്ചേന്ദ്രിയങ്ങളും ബ്രഹ്മവിഷ്ണു രുദ്രന്മാരും സൂര്യചന്ദ്രനക്ഷത്രാദി ഗ്രഹങ്ങളുമൊന്നും ഇല്ലതിരുന്നപ്പോൾ ഒന്നിനേയും ആശ്രയിക്കാതെ ശ്രീവിശ്വകർമ്മാവ് സ്വയംഭൂജാതനായി എന്ന് പുരാണം പറയുന്നു. സർവ്വതിനെയും സൃഷ്ടിച്ച ആ ജഗദീശ്വരൻ ബ്രഹ്മ, വിഷ്ണു, രുദ്രന്മാർക്കും ഗ്രഹങ്ങൾക്കും ഓരോരോ കർമ്മങ്ങൾ കല്പിച്ചു നൽകി അനുഗ്രഹിച്ചു. ശേഷം ദേവൻ അപ്രത്യക്ഷനായി. ഒരിക്കൽ ത്രിമൂർത്തികൾക്കും എല്ലാ ജീവജാലങ്ങൾക്കും ജഗത് പിതാവിനെ ദർശിക്കണമെന്ന് തോന്നി. അതിനായി അവർ പഞ്ചഋഷീശ്വരന്മാരെ അഭയം പ്രാപിച്ചു. ആ വിരാട് സ്വരൂപത്തെ ദർശിക്കുക എളുപ്പമല്ല. അതിനായി ഒരുമിച്ച് തപസ്സനുഷ്ഠിച്ച് യാഗാദിയജ്ഞങ്ങൾ നടത്തണം. ഭാദ്രപദത്തിലെ ശുക്ലപക്ഷമാണ് അതിന് ഉത്തമം. അങ്ങനെ ഋഷീശ്വരന്മാരുടെ നിർദ്ദേശ പ്രകാരം യാഗകർമ്മങ്ങൾ ആരംഭിച്ചു. പ്രഥമ തൊട്ട് പഞ്ചമിവരെ. പഞ്ചമിദിവസം യാഗാഗ്നിയിൽ ഒരു ജ്യോതിർഗോളം പ്രത്യക്ഷപ്പെട്ടു. അതിൽ വിരാട് പുരുഷനായി ശ്രീവിശ്വ കർമ്മാവ് പ്രത്യക്ഷനായി. ജഗദീശ്വരനെ ദർശിച്ച സമസ്ത ജീവജാലങ്ങളും കീർത്തനം പാടി ഭഗവാനെ സ്തുതിച്ചു. സന്തുഷ്ടനായ ഭഗവാൻ അവർക്ക് വരങ്ങൾ നൽകി അനുഗ്രഹിച്ചു. ദേവതകളുടെ അപേക്ഷ പ്രകാരം എല്ലാ ഭാദ്രപദത്തിലുമുള്ള ശുക്ലപക്ഷ പഞ്ചമിനാളിൽ ദർശനം നൽകാമെന്ന് അനുഗ്രഹവും നൽകി. അങ്ങനെ
പഞ്ചഋഷിമാരുടെ ഉപദേശത്താൽ വിശ്വകർമ്മാവിനെ
ദർശിച്ച ഈ ദിവസം ഋഷി പഞ്ചമിയായി അറിയപ്പെട്ടു.
Story Summary: Significance of Rishi Panchami, Viswakarma Jayanti