സർവ്വകാര്യവിജയത്തിന് മൂലം നാളിൽ ഹനുമദ് ദർശനം
ശ്രീരാമദേവന്റെ തീവ്രഭക്തനും ഏഴു ചിരഞ്ജീവികളിൽ ഒരാളുമായ ഹനുമാന്റെ ജന്മനക്ഷത്രമായ മൂലം നാളിൽ ഹനുമാൻ സന്നിധിയിൽ ചെന്ന് പ്രാർത്ഥിച്ചാൽ സർവ്വവിധദോഷങ്ങളും അകന്ന് സർവ്വകാര്യ വിജയം വരും. 2019 ഡിസംബർ 26 വ്യാഴാഴ്ചയും മൂലം നക്ഷത്രവുമാണെന്ന് മാത്രമല്ല ദക്ഷിണേന്ത്യക്കാർ ഹനുമദ് ജയന്തിയായി കൊണ്ടാടുന്ന ധനുമാസത്തിലെ അമാവാസിയുമാണ്. ഭക്തിയോടെയും സമർപ്പണത്തോടെയും പ്രാർത്ഥിക്കുന്ന എല്ലാ ഭക്തരെയും സകല ദു:ഖദുരിതങ്ങളിൽ നിന്നും ഹനുമാൻ സ്വാമി കാത്തു രക്ഷിക്കും. മൂലം നക്ഷത്ര ദിവസം ഹനുമദ് ക്ഷേത്ര ദർശനം നടത്തി യഥാവിധി വഴിപാട് കഴിച്ച് പ്രാർത്ഥിച്ചാൽ അളവറ്റ അനുഗ്രഹമുണ്ടാകും.
ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായ ഹനുമാൻ സ്വാമിയുടെ പേര് കേൾക്കുന്ന മാത്രയിൽ ദുഷ്ടശക്തികൾ അകലെ പോകുമെന്ന് രാമായണം പറയുന്നു. ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി കാലത്തും ഹനുമാനെ പ്രാർത്ഥിച്ചാൽ അതിന്റെ ദോഷകാഠിന്യത്തിൽ നിന്ന് ഹനുമാൻ ഭക്തരെ കാത്തു രക്ഷിക്കും.
ഹനുമാന് ചില പ്രത്യേക വഴിപാടുകളുണ്ട്; അതിലൊന്ന് വെറ്റിലമാല ചാർത്തലാണ്. ഈ വഴിപാടു നൽകി പ്രാർത്ഥിച്ചാൽ സമൃദ്ധിയുണ്ടാകും. വിവാഹ തടസങ്ങൾ മാറി പെട്ടെന്ന് വിവാഹം നടക്കും. വടമാലയാണ് ആഞ്ജനേയന് സമർപ്പിക്കുന്ന മറ്റൊരു വഴിപാട്. ഇത് രോഗ ദുരിതങ്ങൾ മാറുന്നതിനും ആയൂരാരോഗ്യത്തിനും ഉത്തമമാണ്. സിന്ദൂരക്കാപ്പ് മന:സന്തോഷത്തിനും വെണ്ണക്കാപ്പ് കാര്യവിജയത്തിനും നല്ലതാണ്. ഹനുമാന് തുളസിമാല അണിയിച്ച് പ്രാർത്ഥിച്ചാൽ തീരാവ്യാഥികൾ മാറും. ശ്രീരാമജയം എന്ന് കടലാസിൽ എഴുതി മാലകോർത്ത് ഹനുമാന്റെ കഴുത്തിൽ അണിയിച്ചു പ്രാർത്ഥിച്ചാൽ സർവ്വകാര്യവിജയമാണ് ഫലം. ആയിരക്കണക്കിന് ഭക്തർ ഇത്തരത്തിൽ ലിഖിത ജപം നടത്താറുണ്ട്.
– പാലക്കാട് ടി.എസ് ഉണ്ണി,
: +91 9847118340