സർവ്വദുഃഖവും തീർത്ത് ധനസമൃദ്ധി നൽകും ഈ ദിവസത്തെ ശിവഭജനം
ജോതിഷി പ്രഭാസീന സി.പി
മഹാബുദ്ധിശാലിയായ ശുകമഹർഷി ഒരിക്കൽ വേദവ്യാസനോട് ഒരു ചോദ്യം ചോദിച്ചു: ദേവാദികളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ശിവനോ, വിഷ്ണുവോ ദേവിയോ?
ഭക്തരെ വിഷമവൃത്തത്തിലാക്കുന്ന ഈ ചോദ്യത്തിന് വ്യാസൻ പറഞ്ഞ മറുപടി ഇങ്ങനെ:
ശിവന്റെ വലതു ഭാഗം സൂര്യനും ബ്രഹ്മാവും, ഗാർഹപത്യ ദക്ഷിണ ആഹവനീയാഗ്നികളും ഇടതു പകുതി ഉമയും വിഷ്ണുവും സോമനുമാണ്. ചുരുക്കത്തിൽ മൂന്നുപേരും ശിവനിലടങ്ങിയിരിക്കുന്നു എന്നാണ് വ്യാസൻ പറഞ്ഞത്. അചഞ്ചലനും നിർവികാരനും നിർമ്മലനുമായ പുരുഷൻ ശിവനാണ്. ശിവന്റെ ചലനശക്തി പരാശക്തിയായ പരമേശ്വരിയാണ്. സർവ്വദേവതാ ഭാവങ്ങളുടെയും ദേവീ സങ്കൽപ്പങ്ങളുടെയും തത്ത്വം ശിവശക്തി ഐക്യം ആണെന്ന് രുദ്രഹൃദയോപനിഷത്ത് വ്യക്തമാക്കുന്നു.
അതിനാൽ നമ്മുടെ പ്രപഞ്ച സൃഷ്ടിക്ക് ആധാരവും സർവ്വദേവതാ സ്വരൂപവുമായ ശിവനെ മനമലിഞ്ഞ് പ്രാർത്ഥിച്ചാൽ എല്ലാ ദേവതമാരുടെയും അനുഗ്രഹം ലഭിക്കും. ക്ഷിപ്രസാദിയായതിനാൽ പ്രാർത്ഥിച്ചാൽ പെട്ടെന്ന് അനുഗ്രഹിക്കും. സർവ ഐശ്വര്യവും മന്ത്രതന്ത്രങ്ങളും അറിവും സൃഷ്ടിയും പ്രളയവും കുടികൊള്ളുന്നതാകയാൽ സർവ്വാനുഗ്രഹകാരിയായ കാമധേനുവാണ് ശിവൻ. ആയുരാരോഗ്യത്തിനും
സമ്പൽ സമൃദ്ധിക്കും ഈ കാലകാലനെ തന്നെ ശരണം പ്രാപിച്ചാലേ രക്ഷയുള്ളൂ.
ശിവപൂജയിലൂടെ മാത്രമേ കടങ്ങൾ നീങ്ങി ധനവും ഐശ്വര്യവും നിലനിൽക്കൂ. ധനേശ ശിവൻ കുബേരനും ലക്ഷ്മീദേവിക്കും സ്വർണ്ണരത്നാദി ധനം ചൊരിയുന്നു. യക്ഷരാജനായ കുബേരനും ലക്ഷ്മിദേവിയും ലോകത്തിന് ധനം വിതരണം ചെയ്യുന്നു. ലക്ഷ്മിദേവിയുടെ വാസസ്ഥാനമാണ് ശിവപ്രിയകരമായ വില്വവൃക്ഷമെന്നതും ശ്രദ്ധേയമാണ്. പ്രസിദ്ധമായ ദാരിദ്ര്യദഹന ശിവസ്തോത്രം ചൊല്ലിയാൽ ദാരിദ്ര്യത്തെ ഭസ്മീകരിക്കുമെന്നത് അനുഭവ സാക്ഷ്യമാണ്. ത്രിസന്ധ്യകളിലും (പ്രഭാതം, മദ്ധ്യാഹ്നം, സന്ധ്യാകാലം) ഭക്ത്യാദരവോടെ ദാരിദ്ര്യദഹന ശിവസ്തോത്രവും ശക്തി പഞ്ചാക്ഷരിയും (ഓം ഹ്രീം നമ: ശിവായ)
ജപിക്കുന്നിടത്ത് മൂധേവി ഒഴിഞ്ഞ് ശ്രീദേവി വാഴുമെന്നത് സത്യമാണ്. രോഗ ദുരിതങ്ങളൊഴിയാനും ഈ സ്തോത്രം ഉത്തമമാണ്.
ദാരിദ്ര്യദഹന ശിവസ്തോത്രം
വിശ്വേശ്വരായ നരകാര്‍ണ്ണവതാരണായ
കര്‍ണ്ണാമൃതായ ശശിശേഖരധാരണായ
കര്‍പ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ
ഗൗരീപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപകങ്കണായ
ഗംഗാധരായ ഗജരാജവിമര്‍ദ്ദനായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ
ഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ ദുര്‍ഗ്ഗഭവസാഗരതാരണായ
ജ്യോതിര്‍മ്മയായ ഗുണനാമസുനൃത്യകായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ
ചര്‍മ്മാംബരായ ശവഭസ്‌മവിലേപനായ
ഫാലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ
പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ തമോമയായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ
ഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ
രാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയായ നരകാര്‍ണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാര്‍ച്ചിതായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ
മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
മാതംഗചര്‍മ്മവസനായ മഹേശ്വരായ
ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ
ശിവഭജനത്തിന് ഏറ്റവും ഉത്തമമായ ദിവസമാണ് ശിവരാത്രി. ഈ ദിവസം നടത്തുന്ന ഏത് ശിവഭജനയും വഴിപാടും അതിവേഗം ഫലം നൽകുമെന്നത് അനുഭവമാണ്. 2021 മാർച്ച് 11 (1196 കുംഭം 27) നാണ് മഹാശിവരാത്രി. അതിന്റെ തലേന്ന് മുതൽ സാധാരണ വ്രതനിഷ്ഠകൾ പാലിച്ച് ശിവക്ഷേത്ര ദർശനവും
ശിവമന്ത്ര ജപവുമായി കഴിയണം.
ജോതിഷി പ്രഭാസീന സി.പി,
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി ഒ, പിണറായി, കണ്ണൂർ
Email ID prabhaseenacp@gmail.com)