Saturday, 23 Nov 2024
AstroG.in

സർവ്വാഭീഷ്ടദായകം, സർവ്വപാപഹരം
ഈ ഞായറാഴ്ചത്തെ വിഷ്ണുപൂജ

മംഗള ഗൗരി
വിഷ്ണു ഭഗവാൻ യോഗനിദ്രയെ പ്രാപിക്കുന്ന ശയന ഏകാദശി കഴിഞ്ഞ് വരുന്ന കൃഷ്ണപക്ഷത്തിലെ ഏകാദശിയാണ് കാമികാ ഏകാദശി. ശ്രാവണത്തിലെ പുത്രദ ഏകാദശിക്ക് മുൻപായി വരുന്ന ഈ ഏകാദശിക്ക് വ്രതം നോറ്റ് മഹാവിഷ്ണുവിനെ പൂജിച്ചാൽ സ്വന്തം പാപങ്ങളും പിതൃക്കളുടെ പാപങ്ങളും തീർന്ന് മോക്ഷം ലഭിക്കും. ജന്മജന്മാന്തര പാപങ്ങൾ കഴുകിക്കളയാൻ അത്യുത്തമമായ കാമിക ഏകാദശി വ്രതം സർവ്വാഭീഷ്ട ദായകവുമാണ്.

കാമിക ഏകാദശി ദിവസം ശ്രീഹരിക്ക് നെയ്‌വിളക്ക് കത്തിക്കുന്നത് ഒരു നൂറ് വിളക്ക് കൊളുത്തുന്നതിന് തുല്യമത്രേ. ഈ ദിവസം ശംഖചക്ര ഗദാധാരിയായ ഭഗവാന് തുളസീദളം, തുളസിഹാരം എന്നിവ സമർപ്പിച്ച് വഴിപാടുകൾ നടത്തി പൂജിച്ചാൽ ഇരട്ടി ഫലം ലഭിക്കും. ശ്രീകൃഷ്ണ കൃഷ്ണ പൂജ ചെയ്യുന്നതും ശ്രേഷ്ഠമാണ്.

ദശമി ദിവസം ഉച്ചനേരത്ത് സസ്യാഹാരം മാത്രം കഴിക്കുകയും രാത്രി ആഹാരം ഉപേക്ഷിക്കുകയുമാണ് ഏകാദശി വ്രതമനുഷ്ഠിക്കുന്നവർ ആദ്യം ചെയ്യേണ്ടത്. സത്യവും നല്ല കാര്യങ്ങളും മാത്രം പറയുക, ആരേയും ദുഃഖിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാതിരിക്കുക എന്നിവ അത്യാവശ്യമാണ്. ദശമി, ഏകാദശി, ദ്വാദശി ദിനങ്ങളിൽ ബ്രഹ്മചര്യം പാലിക്കണം. എങ്കിൽ മാത്രമേ വ്രതത്തിനും വഴിപാടുകൾക്കും പൂർണ്ണ ഫലം ലഭിക്കൂ. വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും ഏകാദശി വ്രതം അനുഷ്ഠിക്കാം.

ആരോഗ്യം അനുവദിക്കുമെങ്കിൽ ജലപാനം പോലും കഴിക്കാതെ വ്രതമെടുക്കുന്നതാണ് നല്ലത്. ഇതിനെ നിർജ്ജല വ്രതമെന്ന് പറയും. പകൽ ഉറക്കം പാടില്ല. വിഷ്ണു കഥ കേൾക്കണം. ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങളും വിഷ്ണുസഹസ്രനാമം, അഷ്ടോത്തരം തുടങ്ങിയവയും കഴിയുന്നത്ര ജപിക്കുന്നത് ഉത്തമം. നാരായണീയം, ഭാഗവതം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ വേണം. വിഷ്ണു ക്ഷേത്ര ദർശനമോ വിഷ്ണുവിന്റെ അവതാര മൂർത്തികളുടെ ക്ഷേത്ര ദർശനമോ നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചനയും മറ്റ് വഴിപാടുകളും ചെയ്യുക.

ഏകാദശിവ്രതം നോൽക്കുന്നവർ ദശമി, ഏകാദശി, ദ്വാദശി ദിനങ്ങളിൽ അതിരാവിലെ ഉണർന്ന് കുളിച്ച് ശുദ്ധമായി കഴുകി വൃത്തിയാക്കിയ വസ്ത്രം ധരിച്ചു വേണം വ്രതവും പ്രാർത്ഥനയും ക്ഷേത്ര ദർശനവും നടത്തേണ്ടത്. ഹരിവാസര വേള കഴിഞ്ഞ് ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം മലരും ഉണക്കലരിയും തുളസിയിലയും, അല്പം ചന്ദനവും ഇട്ട തീർത്ഥം ഭഗവത് സ്മരണയോടെ സേവിച്ച് പാരണ വിടുക.

ഏകാദശി ഒരിക്കൽ
23/07/2022 ശനിയാഴ്ച

ഏകാദശി വ്രതം
24/07/2022 ഞായറാഴ്ച

ഹരിവാസര സമയം
24/07/2022
രാവിലെ 07:11 മുതൽ 08:23 വരെ

ഏകാദശി തിഥി ആരംഭം
23/07/2022 പകൽ 11:27

ഏകാദശി തിഥി അവസാനം
24/07/2022 പകൽ 01:45

പാരണ സമയം
25/07/2022 തിങ്കളാഴ്ച
രാവിലെ 06:12 മുതൽ 08:48 വരെ

മംഗള ഗൗരി

Story Summary: Significance, date and timings of Kamika Eakadashi Vritham 2022


error: Content is protected !!