Sunday, 29 Sep 2024
AstroG.in

സർവ്വൈശ്വര്യങ്ങളും നൽകുന്ന കൃഷ്ണപക്ഷ പ്രദോഷം ചൊവ്വാഴ്ച

മംഗള ഗൗരി
ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. മാസത്തില്‍ രണ്ട് ത്രയോദശി തിഥി വരും. അതിനാൽ രണ്ട് പ്രദോഷ വ്രതമുണ്ട്. കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും. ഈ രണ്ടു പ്രദോഷവും വ്രതം അനുഷ്ഠിക്കാം. കറുത്തപക്ഷ പ്രദോഷമാണ് പ്രധാനം. 2024 ജനുവരി 9 ചൊവ്വാഴ്ച ധനു മാസത്തിലെ കൃഷ്ണപക്ഷ പ്രദോഷമാണ്.

സാധാരണ പ്രദോഷ ദിവസങ്ങളെ അപേക്ഷിച്ച് തിങ്കൾ പ്രദോഷവും, ശനി പ്രദോഷവും ശ്രേഷ്ഠമാണ്. ഇതിന് ഇരട്ടിഫല സിദ്ധിയുണ്ട്. ശിവശക്തിപ്രീതിക്ക് ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം. തികഞ്ഞ ഭക്തിയോടെ ഇത് നോറ്റാൽ സർവ്വപാപവും നശിച്ച് എല്ലാ ആഗ്രഹങ്ങളും നിറവേറിയ ശേഷം ശിവപദം പുൽകാം.

ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, സത്കീർത്തി, സന്തുഷ്ട കുടുംബം, വിവാഹലബ്ധി, സന്താനസൗഭാഗ്യം തുടങ്ങി സർവ്വൈശ്വര്യങ്ങളും സമ്മാനിക്കുന്നതാണ് പ്രദോഷ വ്രതം. മഹാദേവന്റെ അനുഗ്രഹത്തിനു വിവിധ വ്രതങ്ങൾ ഉണ്ടെങ്കിലും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണ് പ്രദോഷം.

പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടുന്നു എന്നാണ് സങ്കല്പം. ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു. അങ്ങനെ പ്രദോഷ സന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. അതിനാൽ ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യാവേളയില്‍ ശിവ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ തികച്ചും സന്തോഷവതിയായ ആദിപരാശക്തിയുടെയും മഹാദേവന്റെയും മറ്റ് എല്ലാ ദേവീദേവന്മാരുടെയും കടാക്ഷവും അനുഗ്രഹവും കിട്ടും.

പ്രദോഷവ്രതം ഉപവാസമായി അനുഷ്ഠിക്കണം. തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ നാളിൽ രാവിലെ കുളിച്ച് മനഃശുദ്ധിയോടെ ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകിട്ട് കുളിച്ച് പ്രദോഷ പൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പൂജയിൽ പങ്കെടുത്ത് ഭഗവാന് കരിക്ക് നേദിക്കണം. പഞ്ചാക്ഷരീമന്ത്രം 108 തവണയോ ജപിക്കണം. അന്ന് ബ്രാഹ്മമുഹൂർത്തിൽ കൂടി ജപിച്ചാൽ അത്യുത്തമം. പഞ്ചാക്ഷരീസ്തോത്രം, ശിവാഷ്ടോത്തരം, സഹസ്രനാമം, ശിവ സ്വരൂപ വർണ്ണനയായ ശങ്കര ധ്യാന പ്രകാരം, ഉമാമഹേശ്വര സ്തോത്രം, ശിവാഷ്ടകം, ശിവപുരാണ പാരായണം, ശിവ സ്തുതികൾ, ഭജനകൾ എന്നിവയും ഭക്തിപൂർവ്വം ചൊല്ലുക. പ്രദോഷപൂജ, ദീപാരാധന ഇവയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും അവിലോ, മലരോ, പഴമോ കഴിച്ച് പാരണ വിടുക. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാം. മാസന്തോറും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിച്ചാൽ എല്ലാ സങ്കടങ്ങളും ശമിക്കും.

Story Summary: Significance of Krishna Paksha Pradosha Vritham on January 9, 2024

error: Content is protected !!