Saturday, 23 Nov 2024
AstroG.in

സർവ്വ ഐശ്വര്യത്തിന്റെ സ്വർഗ്ഗവാതിൽ ഏകാദശിക്ക് ഇക്കുറി ഇരട്ടിഫലം

ജ്യോതിഷരത്നം വേണു മഹാദേവ്

വ്രതങ്ങളിൽ ശ്രേഷ്ഠം ഏകാദശി എന്നാണ് വിശ്വാസം. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും വരുന്ന പതിനൊന്നാമത്തെ തിഥിയാണ് മഹാവിഷ്ണു ഭഗവാന് ഏറ്റവും പ്രിയപ്പെട്ട ഏകാദശി വ്രതമായി ആചരിക്കുന്നത്. ഒരു വർഷത്തെ എല്ലാ ഏകാദശികളും ഒരേ പോലെ വിശിഷ്ടമാണെങ്കിലും ഏറ്റവും ദിവ്യമായി വിഷ്ണുഭക്തർ കണക്കാക്കുന്ന ഏകാദശിയായി ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ്. സ്വർഗ്ഗവാതിൽ ഏകാദശി, മോക്ഷദ ഏകാദശി, വൈകുണ്ഠ ഏകാദശി എന്നെല്ലാം അറിയപ്പെടുന്ന പുണ്യ ദിനമാണിത്.

അന്ന് വിഷ്ണു ക്ഷേത്രത്തിൽ ഒരു നടയിലൂടെ പ്രവേശിച്ച് ശ്രീഹരി വിഷ്ണുവിനെ തൊഴുത് മറ്റൊരു നടയിൽ കൂടി പുറത്തു വന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിച്ച ഫലമുണ്ടാകും എന്നാണ് വിശ്വാസം. ഈ ദിവസം മരണമടയുന്നവർക്ക് മോക്ഷം ലഭിക്കും എന്നും കരുതുന്നു. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഉൾപ്പടെ എല്ലാ വിഷ്ണു ക്ഷേത്രങ്ങളിലും ഏറെ വിശേഷമാണ് ഈ ദിനം. തൃശൂർ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, നെല്ലുവായ് എന്നിവിടങ്ങളിൽ ഇത് ആഘോഷപൂർവം ആചരിക്കുന്നു.

2022 ജനുവരി 13, ധനു 29 വ്യാഴാഴ്ചയാണ് ഇത്തവണ സ്വർഗ്ഗവാതിൽ ഏകാദശി. വിഷ്ണു പൂജയ്ക്ക് ഏറ്റവും നല്ല ദിവസമായ വ്യാഴാഴ്ച ഇത്തവണ സ്വർഗ്ഗവാതിൽ ഏകാദശി വരുന്നത് ഇതിന്റെ ഫലദാന ശേഷി ഇരട്ടിയായി വർദ്ധിപ്പിക്കും. സർവഐശ്വര്യ ലബ്ധിയും സർവ രോഗ ശമനവും സർവ പാപമുക്തിയുമാണ് സ്വർഗ്ഗവാതിൽ ഏകാദശി വ്രതഫലം. ശകവർഷത്തിൽ മാർഗ്ഗശീർഷ മാസത്തിലോ പൗഷമാസത്തിലോ ആണ് ഭക്തർക്കായി സ്വർഗ്ഗം തുറക്കുന്ന ഈ ദിവസം വരുന്നത്. ചന്ദ്രമാസം കണക്കാക്കിയാൽ ഒരു വർഷം 24 ഏകാദശികളും സൂര്യമാസ പ്രകാരം 26 ഏകാദശികൾ വരും.

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ അടിസ്ഥാനമാക്കിയാണ് വെളുത്തപക്ഷം, കറുത്തപക്ഷം എന്ന രണ്ടു പക്ഷങ്ങൾ. ഓരോ പക്ഷത്തിനും പതിനാലു തിഥികളുണ്ട്. പ്രതിപദം മുതൽ ഇത് തുടങ്ങുന്നു. പത്താം ദിവസം ദശമി. പിറ്റേദിവസം ഏകാദശി എന്നറിയപ്പെടുന്ന പതിനൊന്ന്. അടുത്ത ദിവസം ദ്വാദശി. ഈ മൂന്ന് ദിവസമാണ് ഏകാദശി വ്രതാനുഷ്ഠാനത്തിൽ ശ്രേഷ്ഠം. സൂര്യോദയ വേളയിൽ ദശമി സംബന്ധമുള്ള ഏകാദശി ഭൂരിപക്ഷ ഏകാദശിയാണ്. അരുണോദയത്തിൽ ദ്വാദശി ബന്ധമുള്ള ഏകാദശിയെ ആനന്ദപക്ഷ ഏകാദശി എന്നും പറയുന്നു.

ഏകാദശി വ്രതവിധി ഇപ്രകാരമാണ്: ദശമി ദിവസം ഒരുനേരം മാത്രമേ ഭക്ഷണം കഴിക്കാവൂ. ഏകാദശി ദിവസം രാവിലെ കുളിച്ച്, കഴിയുമെങ്കിൽ വെള്ള വസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദർശനം നടത്തുക. ആദിവസം മുഴുവനും വിഷ്ണു ക്ഷേത്രത്തിൽ ഈശ്വരഭജനവുമായി കഴിച്ചുകൂട്ടുന്നതാണ് ഉത്തമം. ഊണും ഉറക്കവും ആ ദിവസം തീർത്തും വർജ്ജ്യമാണ്.

ഏകാദശിക്ക് പൂർണ്ണോപവാസം കഴിയാത്തവർക്ക് ഒരു നേരം പഴങ്ങളോ മറ്റോ കഴിക്കാം. നെല്ലരിച്ചോറ്, അരികൊണ്ടുള്ള പലഹാരങ്ങൾ ഇവ അന്ന് തീർത്തും വർജജ്യമാണ്. ഏകാദശിവ്രതം അനുഷ്ഠിക്കുന്നവർ ആ ദിവസങ്ങളിൽ അരിയാഹാരം നിർബന്ധമായും ഉപേക്ഷിക്കണം. ഹരിവാസരസമയത്ത് അതായത് ഏകാദശി തിഥിയുടെ അവസാന 15 നാഴികയും ദ്വാദശി തിഥിയുടെ ആദ്യ 15 നാഴികയും വരുന്ന 12 മണിക്കൂർ വിഷ്ണു നാമങ്ങളും മന്ത്രങ്ങളും കഴിയുന്നത്ര തവണ ജപിക്കണം. ഹരിവാസര വേളയിൽ അന്നപാനാദികൾ തീർത്തും ഒഴിവാക്കണം. വിഷ്ണു സാമീപ്യം ഏറ്റവും കൂടുതൽ ഭൂമിയിൽ നിറയുന്ന സമയമായ ഹരിവാസര വേളയിലെ വിഷ്ണുപൂജയ്ക്ക് പൂർണ്ണ ഫലം ലഭിക്കും.

ദ്വാദശി ദിവസം കാലത്ത് കുളികഴിഞ്ഞ് ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിക്കുക. അതിനു ശേഷം അരിഭക്ഷണം കഴിക്കാം. അന്ന് ഉച്ചക്ക് ഉറങ്ങരുത്.

ജ്യോതിഷരത്നം വേണു മഹാദേവ്

91 9847475559

Story Summary : Significance Of Swargavathil Ekadeshi, Date Time and Rituals

error: Content is protected !!