Sunday, 6 Oct 2024
AstroG.in

ഹനുമദ് ധ്യാനം കഠിനദോഷം തീർക്കും; ഈ 5 നാളുകാർ ഉപാസന മുടക്കരുത്

എസ്. സുരേഷ് ചാറ്റർജി

എത്ര കഠിനമായ ദോഷവും ഹനുമദ് ഭജനത്തിലൂടെ മാറ്റിയെടുക്കാം. നക്ഷത്രദോഷങ്ങൾ മാറുവാനും
തടസങ്ങളും ദുരിതങ്ങളും അകലുവാനും നവഗ്രഹപ്രീതിക്കും ഗ്രഹദോഷ പരിഹാരത്തിനും ഹനുമദ്ധ്യാനം ഉത്തമമാണ്. പ്രത്യേകിച്ച് കണ്ടകശനി, ഏഴരശനി, അഷ്ടമ ശനിദോഷങ്ങൾ അനുഭവിക്കുന്നവർക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ
തടസം കൂടാതെ നടന്ന് കിട്ടുന്നതിന് ഹനുമദ് ധ്യാനം വളരെ ഫലപ്രദമാണ്. ദുർബാധകൾ നശിപ്പിക്കുന്നതിനും ശനി, ചൊവ്വാ ദോഷ ശാന്തിക്കും മന:ശുദ്ധിയോടെ ഹനുമദ് സ്വാമിയെ പ്രാർത്ഥിച്ചാൽ മതി. പെട്ടെന്ന് ഫലം കിട്ടാൻ ബ്രഹ്മചര്യം പാലിച്ച്,
മത്സ്യമാംസാദികൾ ത്യജിച്ച് മനോമാലിന്യങ്ങളില്ലാതെ നിഷ്ഠയോടെ പ്രാർത്ഥിക്കണം.

പൂയം, അനിഴം, ഉത്തൃട്ടാതി, ചോതി, മൂലം നക്ഷത്രക്കാർ പതിവായി ഹനുമാൻ സ്വാമിയെ ഉപാസിക്കുന്നത് നല്ലതാണ്. ചോതി നക്ഷത്രക്കാരുടെ ആരാധനാ മൂർത്തി ആഞ്ജനേയ സ്വാമിയാണ്. ഇവർ ഓം വായവേ നമ: എന്ന് പതിവായി ജപിക്കണം. മൂലമാണ് ഹനുമാൻ സ്വാമിയുടെ നക്ഷത്രം. അതിനാൽ മൂലം നക്ഷത്ര ജാതരും ഹനുമാനെ പ്രാർത്ഥിക്കുന്നത് ഉത്തമമാണ്.

പ്രാർത്ഥിക്കുമ്പോൾ ഒരു കാര്യം മനസിൽ വയ്ക്കണം.
ആഞ്ജനേയന്റെ സ്വാമിയായ ശ്രീരാമഭഗവാനെ സ്തുതിച്ചതിന് ശേഷമേ ഹനുമാനെ സ്തുതിക്കാവൂ.
എങ്കിലേ ഹനുമാൻ സ്വാമി സന്തുഷ്ടനാകൂ. സങ്കട നാശകനാണ്, ക്ഷിപ്രപ്രസാദിയാണ്, ഹനുമാൻ സ്വാമി. പക്ഷെ ചിട്ടയായ ഭജനത്തിലൂടെയേ ആഞ്ജനേയന്റെ അനുഗ്രഹം നേടാനാകൂ.

ഹനുമാനിൽ അചഞ്ചലമായ ഭക്തി വളർത്തുന്നതിനും ഹനുമദ് ധ്യാനത്തിന്ശക്തിയുണ്ടാകുന്നതിനും ശ്രീരാമധ്യാനം അത്യാവശ്യമാണ്.
തന്നെ വിളിച്ചില്ലെങ്കിലും ശ്രീരാമ ജയം എന്ന് പ്രാർത്ഥിച്ചാൽ മതി ഹനുമാൻ സ്വാമി തൃപ്തനാകും.

ശ്രീരാമധ്യാനമന്ത്രം
ധ്യായേദാജാനുബാഹും
ധൃതശരധനുഷം
ബദ്ധപത്മാസനസ്ഥം
പീതം വാസോ വസാനം
നവ കമലദള
സ്പർദ്ധി നേത്രം പ്രസന്നം
വാമാങ്കാരൂഢ സീതാമുഖ
കമലവിലോചനം
നീരാദാഭം
നാനാലങ്കാര ദീപ്തം
ദധതമുരുജഡാമണ്ഡലം
രാമചന്ദ്രം

(അർത്ഥം: കാൽമുട്ടോളം നീളമുള്ള കൈകളോട് കൂടിയവനും അമ്പും വില്ലുമേന്തിയിരിക്കുന്നവനും ബദ്ധപദ്മാസനത്തിൽ സ്ഥിതി ചെയ്യുന്നവനും മഞ്ഞ വസ്ത്രം ധരിച്ചവനും പുതുതായി വിരിഞ്ഞ താമരപ്പൂവിതളിനെ വെല്ലുന്ന കണ്ണുകളോടു കൂടിയവനും പ്രസന്നനും ഇടതു മടിത്തട്ടിലിരിക്കുന്ന സീതയുടെ മുഖമാകുന്ന താമരപ്പൂവിനോടു ചേർന്നിരിക്കുന്ന കണ്ണുകളോടു കൂടിയവനും മേഘത്തിന്റെശോഭയോടു കൂടിയവനും വിവിധ അലങ്കാരങ്ങളാൽ ദീപ്തനും വിശാലമായ
ജടാമണ്ഡലത്തോടു കൂടിയവനുമായ ശ്രീരാമചന്ദ്രനെ ഞാൻ ധ്യാനിക്കുന്നു)

വളരെ ഭക്തിയോടു കൂടിവേണം ഈ ധ്യാനമന്ത്രം ചൊല്ലുവാൻ. അതിനുശേഷം ഇരുപത്തിയൊന്ന് പ്രാവശ്യം ഹനുമദ് ധ്യാനം ചൊല്ലണം. കണ്ടകശനി, ഏഴരശനി, അഷ്ടമശനി, ശനി ദശകളിൽ ഹനുമദ് ധ്യാനം ഏതൊരാൾക്കും മാനസിക കരുത്തും ദോഷ ദുരിത ശാന്തിയും നൽകും.

ഹനുമദ് ധ്യാനം
ഖ്യാത : ശ്രീരാമദൂത:
പവനതനുഭവ:
പിംഗളാഭ ശിഖാവാൻ
സീതാശോകാപഹാരീ
ദശമുഖവിജയീ
ലക്ഷ്മണ പ്രാണദാതാ
ആ നേതാ ഭേഷ ജാദ്രേ:
ലവണ ജലനിധേ:
ലംഘനേ ദീക്ഷിതോ യ:
വീരശ്രീമാൻ ഹനുമാൻ
മമമനസി വസന്
കാര്യസിദ്ധിം തനോതു

അസാദ്ധ്യസാധക സ്വാമിൻ
അസാദ്ധ്യം തവകിംവദ
രാമദൂത കൃപാസിന്ധോ
മത്കാര്യം സാധയ പ്രഭോ

ഈ ധ്യാനമന്ത്രങ്ങൾ ഭക്തിപൂർവ്വം നിത്യവും ജപിക്കുന്നവർക്ക് ശ്രീരാമന്റെയും ശ്രീരാമക്തനായ ഹനുമാൻ സ്വാമിയുടെയും അനുഗ്രഹം ലഭിക്കും. ദോഷങ്ങൾ ആപത്തുകൾ ഇവയിൽ നിന്നും മുക്തിയും ലഭിക്കും.

പ്രാർത്ഥനയോടൊപ്പം ക്ഷേത്രത്തിൽ വഴിപാട് കൂടി കഴിച്ചുകൊണ്ട് ഹനുമാൻ സ്വാമിയെ ആരാധിച്ചാൽ പത്തിരട്ടി ഫലം കിട്ടുന്നു. അഭിഷേകം, ചന്ദനച്ചാർത്ത്, നിവേദ്യം, അർച്ചന, വിളക്ക് എന്നിങ്ങനെ ആറ് രീതിയിലുള്ള വഴിപാട് ഹനുമാന് നടത്തിയാൽ സർവ്വകാര്യസിദ്ധിയും ഉദ്ദിഷ്ടഫലപ്രാപ്തിയും ലഭിക്കും.

എസ്. സുരേഷ് ചാറ്റർജി,

+91 9847124664

error: Content is protected !!