Saturday, 23 Nov 2024
AstroG.in

ഹനുമദ് പ്രീതിക്ക് ചൊവ്വാഴ്ച വ്രതമെടുത്താൽ മംഗല്യഭാഗ്യം, ദാമ്പത്യ ദുരിതമോചനം

നിറഞ്ഞ ഭക്തിയോടെ, നല്ല മനസോടെ ആശ്രയിക്കുന്നവരെയെല്ലാം അനുഗ്രഹിക്കുന്ന ഹനുമാന്‍ സ്വാമിയുടെ
പ്രീതിനേടാൻ സഹായിക്കുന്ന സവിശേഷമായ അനുഷ്ഠാനമാണ് ചൊവ്വാഴ്ച വ്രതം. ഈ വ്രതമെടുത്താൽ എല്ലാ മംഗല്യദോഷങ്ങളും ദാമ്പത്യദുരിതങ്ങളും അവസാനിക്കും.  മത്സ്യവും മാംസവും ശാരീരിക ബന്ധവും ഉപേക്ഷിച്ച് തികഞ്ഞ ബ്രഹ്മചര്യത്തോടെ വേണം ഹനുമദ് പ്രീതിനേടാൻ ചൊവ്വാഴ്ച വ്രതമെടുക്കാൻ. അന്ന്ഉച്ചയ്ക്ക് ഒരു നേരം ലളിതമായ അരിഹാരംകഴിച്ച് സാധാരണ വ്രതനിഷ്ഠ പാലിക്കുന്നതിനൊപ്പം ചൊവ്വാഴ്ച സന്ധ്യയ്ക്ക് ശേഷം ഉപ്പു ചേർത്ത ഭക്ഷണം കൂടി ഒഴിവാക്കിയാൽ ഈ വ്രതാനുഷ്ഠാനം പൂർണ്ണമാകും. ചൊവ്വാദോഷപരിഹാരം, ദാമ്പത്യകലഹ മോചനം, ദീർഘമംഗല്യസിദ്ധി എന്നിവയ്ക്ക് ഈ വ്രതമെടുക്കുന്നത് ഏറ്റവും നല്ലതാണ്. ചൊവ്വാഴ്ച വ്രതമെടുക്കുന്നതിനൊപ്പം  ഹനുമദ് സാന്നിദ്ധ്യമുള്ള ക്ഷേത്രത്തിൽ ദർശനം നടത്തണം. കഴിവിനനുസരിച്ച്  വഴിപാട് കഴിക്കണം; നിവേദ്യം മറ്റുള്ളവർക്ക് പ്രസാദമായി നൽകണം. പറ്റുമെങ്കിൽ ഒരാൾക്കെങ്കിലും  അന്നദാനം നടത്തണം. നിഷ്ഠയോടെ ഹനുമാന്‍ സ്വാമിയെ ഉപാസിച്ചാല്‍ സങ്കടമോചനം ഉറപ്പാണെന്നു മാത്രമല്ല ആഗ്രഹ ലബ്ധിയുമുണ്ടാകും. ശ്രീരാമഭക്തിയുടെ അവസാനവാക്കാണ് ശ്രീഹനുമാന്‍. ഭഗവാൻ നാരായണനോട് പ്രദര്‍ശിപ്പിച്ച ഭക്ത്യാതിരേകത്തില്‍ സന്തോഷവതിയായ സീതാദേവിയാണ് ശ്രീഹനുമാനെ ഏഴ് ചിരഞ്ജീവികളിൽ ഒരാളായി  അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം എന്നും എപ്പോഴും ഹനുമാന്‍ സന്നിഹിതനാകുമെന്നാണ് വിശ്വാസം. ഹനുമദ് പ്രീതി ആർജ്ജിച്ചവരുടെ എല്ലാ ദു:ഖങ്ങളും  വേദനകളും  അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരിക ക്‌ളേശങ്ങളും ഒഴിയും. മന്ത്രജപം, നാമജപം, രാമായണപാരായണം എന്നിവയിലൂടെ ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്താം.വെണ്ണചാര്‍ത്തല്‍, വടമാല, വെറ്റിലമാല, സിന്ദൂരം ചാര്‍ത്തല്‍ എന്നിവയാണ് ഹനുമാന്‍ സ്വാമിക്കുള്ള പ്രധാന വഴിപാടുകള്‍.

ഹനുമാന്റെ മൂലമന്ത്രങ്ങൾ
1 ഓം ഹം ഹനുമതേ നമഃ
2 ഓം നമോ ഭഗവതേ  ആഞ്ജനേയായ    മഹാ ബലായ സ്വാഹാ

പ്രാർത്ഥനാ മന്ത്രം
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ  

ഹനുമാൻസ്വാമിയെ മനസ്സിൽ  ധ്യാനിച്ച് ഈ മന്ത്രങ്ങൾ  വ്രതമെടുക്കുന്ന ദിവസം ഉൾപ്പെടെ എന്നും രാവിലെ കുറഞ്ഞത് പതിനൊന്നു തവണചൊല്ലുന്നത് ഉത്തമമാണ്. 

– സരസ്വതി ജെ.കുറുപ്പ് 
+91 90745 80476

error: Content is protected !!