ഹനുമാൻ ചാലിസ ജപിക്കാൻ വ്രതംവേണോ, മത്സ്യമാംസാദികൾ കഴിക്കാമോ?
വേദാഗ്നി അരുൺ സുബ്രഹ്മണ്യം, സൂര്യഗായത്രി
ശ്രീരാമഭക്തിയിലൂടെ പ്രസിദ്ധനായ ദേവനാണ് ഹനുമാൻസ്വാമി. സീതാദേവിയുടെ അനുഗ്രഹത്താലാണ് ഹനുമാൻ ചിരഞ്ജീവിയായത്. ഇപ്പോഴും രാമമന്ത്രങ്ങൾ ജപിക്കുന്നിടത്തെല്ലാം ഹനുമാന്റെ സാന്നിദ്ധ്യം ഉണ്ടാകും. രാമായണത്തിന്റെയും ഹനുമാൻ ചാലീസയുടെയുമെല്ലാം ഒരു മാഹാത്മ്യം അതാണ്.
അത്ഭുതശക്തിയുള്ള മന്ത്രമാലയാണ് ഹനുമാൻ ചാലീസ. ഇതിഹാസകവി തുളസിദാസ് രചിച്ച ഹനുമാൻ ചാലീസയിൽ 40 ശ്ലോകങ്ങളുണ്ട്. ശ്രീരാമഭക്തനായ ചിരഞ്ജീവിയായ ഹനുമാൻ സ്വാമിയെ സ്മരിക്കുന്ന ഈ ശ്ലോകങ്ങളിൽ അത്ഭുതകരമായ മന്ത്രസിദ്ധിയാണ് ഒളിഞ്ഞിരിക്കുന്നത്. ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയെല്ലാം നൽകുന്ന നിഗൂഢശക്തികൾ ഹനുമാൻ ചാലിസയിൽ നിറഞ്ഞിരിക്കുന്നു.
ഹനുമാൻ ചാലീസയ്ക്ക് അസാധാരണമായ ദിവ്യത്വവും കല്പിക്കുന്നുണ്ട്. ഏതാനും തവണ ഭക്തിപൂർവം ജപിച്ചാൽ മാത്രം മതി ഏതൊരാളുടെയും സ്മൃതി പഥത്തിൽ ഈ ചാലിസകൾ രേഖപ്പെടുത്തും. ഹനുമാൻ സ്വാമിയുടെ മഹത്വങ്ങൾ വർണ്ണിക്കുന്ന ഈ ശ്ലോകങ്ങൾ വൃത്തിയും ശുദ്ധിയും പാലിച്ച് ആർക്കും നിത്യവും ജപിക്കാം. ഇത് ജപിക്കുന്നതിന് വ്രതനിഷ്ഠ വേണ്ട. മത്സ്യമാംസാദികൾ ഉപേക്ഷിക്കണ്ടാ. ബ്രഹ്മചര്യം അനുഷ്ഠിക്കേണ്ട കാര്യമില്ല. പ്രത്യേക കാര്യസിദ്ധിക്കും ജപിക്കാം. ആഴ്ചയിൽ ഒരു ദിവസം ചൊല്ലിയാലും ഫലം കിട്ടും. ഏത് സമയത്തും ഇത് ജപിക്കാം. പ്രത്യേകം ഫലസിദ്ധി ആഗ്രഹിച്ചാണെങ്കിൽ ഹനുമാൻ ചാലിസ 8 തവണ അല്ലെങ്കിൽ 12, 18 തവണ വ്രതം പാലിച്ച് ജപിച്ചാൽ നല്ലത്. അതിവേഗം ഫലം കിട്ടും. സ്ത്രീകൾക്ക് ഹനുമാൻ ചാലിസ ജപിക്കുന്നതിന്
വിലക്കില്ല. എന്നാൽ അശുദ്ധി ഉള്ളപ്പോൾ ജപിക്കരുത്.
വിവിധകാര്യസിദ്ധിക്ക് ഹനുമാൻ ചാലിസ ജപം വളരെ ഫലപ്രദമാണ്. ഇതിലെ ഓരോ ശ്ലോകത്തിനും മാന്ത്രിക ഫലസിദ്ധിയുണ്ട്. ഒരോ ശ്ലോകം ജപിക്കുന്നതിന്റെയും ഫലം വളരെ പെട്ടെന്ന് അനുഭവത്തിൽ വരും. കാരണം ഇത് ജപിക്കുന്നവരിൽ ഹനുമാൻ സ്വാമി പെട്ടെന്ന് പ്രസാദിക്കുമെന്നതാണ്. ഇത് ജപിക്കും മുമ്പ് നിലവിളക്ക് കത്തിച്ച് ശ്രീരാമസ്വാമിയെയും ഹനുമാൻ സ്വാമിയെയും ധ്യാനിക്കണം. സ്വന്തം കഴിവിനൊത്ത പൂജകൾ കൂടി ചെയ്ത ശേഷം ജപം നടത്തുന്നത് ഏറെ ഉത്തമം. കേവല നിയമങ്ങളേക്കാൾ ആചാരവും ഹനുമാൻ സ്വാമിയോടുള്ള ഭക്തിയും വിശ്വാസവും ആദരവുമാണ് പ്രധാനം. ആർത്തവം, ദുഃഖം, ശവസംസ്കാരം തുടങ്ങിയ സമയത്ത് ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണം. ദിവസത്തിലെ ഏത് സമയത്തും സുഖമായി ഇരിക്കാൻ കഴിയുന്ന ശാന്തവും വൃത്തിയും ഉള്ള ഒരു സ്ഥലത്തിരുന്ന് ഹനുമാൻ ചാലിസ ജപിക്കാം. മനസ്സിനെ ശുദ്ധമാക്കണം. ഏകാഗ്രതയും സമർപ്പണ മനോഭാവവും വേണം. ചൊവ്വ, വ്യാഴം, ശനി തുടങ്ങിയ പ്രത്യേക ദിവസങ്ങളിൽ ഭക്തർ പലപ്പോഴും ഹനുമാൻ ചാലിസ ചൊല്ലാറുണ്ട്. എത്ര തവണ വേണമെങ്കിലും ചൊല്ലാം. ഒരു ശ്ലോകമായും കൂടുതൽ ശ്ലോകങ്ങളായും ചൊല്ലാം. ഭക്തിയും അനുഷ്ഠാനങ്ങളും വളരെ വ്യക്തിഗതമായതിനാൽ അതിന് സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ ഹനുമാൻ ചാലിസ ജപം മാത്രമല്ല എന്ത് ഉപാസനയും നടത്തുകയാണ് മിക്കവരും ചെയ്യുക. പാരായണം ചെയ്യുമ്പോഴുള്ള ആത്മാർത്ഥതയും അതിനുള്ള അഭിനിവേശവുമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ. എന്തായാലും ഹനുമാൻ ചാലിസ ജപം പൂർത്തിയായാൽ സ്വാമിയുടെ അനുഗ്രഹത്തിന് നന്ദി പറയണം. ജപത്തിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ക്ഷമയും ചോദിക്കണം.
എന്നാൽ മറ്റ് പ്രധാന ഹനുമദ് മന്ത്രങ്ങൾ ആദ്യമായാണ് ജപിക്കുന്നതെങ്കിൽ ആദ്യത്തെ 41 ദിവസം വ്രതം എടുക്കുന്നതായിരിക്കും നല്ലത്. സ്ത്രീകൾ അശുദ്ധി ഉള്ളപ്പോൾ ജപിക്കരുത്. അവർ അശുദ്ധി മാറിയ ശേഷം തുടർന്ന് ജപിച്ച് 41 ദിവസം ജപം പൂർത്തിയാക്കണം. ആദ്യത്തെ 41 ദിവസം കഴിഞ്ഞ് ജപിക്കുമ്പോൾ നമ്മുടെ ഇഷ്ടാനുസരണം ഭക്ഷണം കഴിക്കാം. ദാമ്പത്യ ജീവിതം നയിക്കാം. 41 ദിവസം കഴിഞ്ഞ് രാവിലെയാണ് എന്നും മന്ത്രം ജപിക്കുന്നതെങ്കിൽ കുളിച്ച് ശുദ്ധമായ ശേഷം മന്ത്രം ജപിക്കുക. രാവിലെത്തെ ആഹാരത്തിൽ മാത്രം ഇവ ഉൾപ്പെടുത്താതിരിക്കുക. ശേഷം ഉച്ചഭക്ഷണത്തിനും രാത്രിയിലുമെല്ലാം കഴിക്കാം. സ്ഥിരമായി പൂജ ചെയ്യുന്ന ശാന്തിക്കാരും ഉപാസകരും അല്ലെങ്കിൽ ഇപ്രകാരം ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. ആദ്യത്തെ 41 ദിവസം എല്ലാ രീതിയിലും ശുദ്ധമായിരുന്ന് ജപം നടത്തണം. പ്രത്യേക കാര്യസിദ്ധിക്ക് ജപിക്കുന്ന ഘട്ടത്തിലും ഈ നിബന്ധന പാലിക്കണം.
ജയ് ശ്രീ റാം, ജയ് ഹനുമാൻ
വേദാഗ്നി അരുൺ സുബ്രഹ്മണ്യം, സൂര്യഗായത്രി,
+91 99958 54802
Story Summary: Significance and Rules of Hanuman Chalisa Recitation
Copyright 2024 Neramonline.com. All rights reserved