Sunday, 6 Oct 2024
AstroG.in

ഹൃദയാഭിലാഷങ്ങൾ സാധിച്ചുതരുന്ന വാഞ്ച കല്പലത ഗണപതി

ജ്യോതിഷരത്നം വേണു മഹാദേവ്

ഹൃദയാഭിലാഷങ്ങളെല്ലാം സാധിച്ചു തരുന്ന ഒരു അത്ഭുത മൂർത്തിയാണ് വാഞ്ച കല്പലത ഗണപതി. തന്ത്രശാസ്തത്തിൽ വർണ്ണിക്കുന്ന ഈ അപൂർവ മൂർത്തി ഗണപതിയിൽ ലളിതാംബികയുടെ രൂപത്തിൽ കൂടി കൊള്ളുന്ന ശക്തിചൈതന്യമാണ്. ഗണപതി ഭഗവാന്റെ അതിശക്തവും രഹസ്യാത്മകവും അനുഗ്രഹപരവുമായ ശ്രീവിദ്യോപാസനയാണ് വാഞ്ച കല്പലത ഗണപതി പൂജ. മുഖ്യമായും ശ്രീവിദ്യാ ഉപാസകരുടെ ആരാധ്യമൂർത്തിയായ ശ്രീവാഞ്ച കല്പലത ഗണപതി ക്ഷിപ്ര പ്രസാദിയാണ്. പ്രാർത്ഥിച്ച് പ്രീതിപ്പെടുത്തിയാൽ നിമിഷാർദ്ധം കൊണ്ട് ഈ മൂർത്തി തടസങ്ങൾ എല്ലാം അകറ്റും. നല്ല ആരോഗ്യം, തൊഴിൽ, വിവാഹം, ധനമേന്മ ഇതെല്ലാം നൽകും. ദാമ്പത്യ വിഷമങ്ങൾ, രാഹു – കേതു ദോഷങ്ങൾ എന്നിവ പരിഹരിക്കും. ആകർഷകത്വം വർദ്ധിക്കും. പ്രതികൂലമായതെല്ലാം അകന്ന് ഐശ്വര്യം ലഭിക്കും. 

ശ്രീവാഞ്ചകല്പലത ഗണപതി മൂലമന്ത്രത്തിൽ ഋക്ക് വേദസ്തുതികളും വല്ലഭ ഗണപതി മന്ത്രം, ഗായത്രി മന്ത്രം, ഉച്ഛിഷ്ട ഗണപതിയുടെ ബീജാക്ഷരങ്ങൾ, ശ്രീവിദ്യാമന്ത്രം തുടങ്ങിയവ ചേർന്നിരിക്കുന്നു. ഈ അത്ഭുത മന്ത്രങ്ങളുടെ കൂടിച്ചേരലാണ് വാഞ്ചകല്പലത ഗണപതിയെ അതിശക്തമായ വിശേഷ ഭാവമാക്കി തീർക്കുന്നത്. 11 ഭേദങ്ങൾ വാഞ്ചകല്പലത മന്ത്രത്തിനുണ്ട്.

ശിരസ്സ് ഗണപതിയും ശരീരം ശ്രീവിദ്യയും കയ്യിൽ  ആയുധങ്ങളും 16 ദേവതമാരുടെ ശക്തിയും ചേർന്നുള്ള വളരെ രഹസ്യാത്മകമായ സ്വരൂപമാണ്വാഞ്ചകല്പലത ഗണപതി. അഗ്നി, സൂര്യൻ, ലളിതാംബിക, ബാലത്രിപുര സുന്ദരി, മഹാമൃത്യുഞ്ജയ, കുബേര, ലക്ഷ്മി, വിഷ്ണു, രുദ്ര, ദുർഗ്ഗ, കാമേശ്വര, കാമേശ്വരി പരാ, ഗായത്രി, യോഗിനി, ഗണപതി എന്നിവയാണ് 16 ദേവതമാർ. ചുരുക്കിപ്പറഞ്ഞാൽമൂലശക്തി ആയ ഗണപതി മുതൽ പ്രപഞ്ച ബോധമായ ശ്രീവിദ്യ മന്ത്രം വരെ ഉയർന്നു നിൽക്കുന്ന പരബ്രഹ്മ സ്വരൂപമാണ് വാഞ്ച. ശ്രീവിദ്യ ഉപാസനയിലെ ഉയർന്ന അവസ്ഥയായി വാഞ്ചകല്പലത സാധനയെ വിശേഷിപ്പിക്കുന്നു. വാഞ്ചകല്പലത ഗണപതി മന്ത്രം ഒരു തവണ ജപിക്കുന്നത് മഹാഗണപതി  മന്ത്രത്തിന്റെ 4444 തവണ ജപത്തിന് തുല്യമാണ്. ഈ മന്ത്രത്തിൽ ക്ഷിപ്രപ്രസാദ ഗണപതി, ഉച്ഛിഷ്ട ഗണപതി, ശ്രീവിദ്യാ വല്ലഭ ഗണപതി, അഗ്നി, സൂര്യൻ, ലളിതാംബിക, ബാലാ, കുബേര, ലക്ഷ്മി, വിഷ്ണു, രുദ്രശക്തികൾ സമ്മേളിക്കുന്നു. ഭൗതിക ആവശ്യങ്ങൾ നിറവേറ്റി അവസാനം പരമപദം പ്രദാനം ചെയ്യുന്ന ഈ മൂർത്തിയുടെ മന്ത്രം ഉത്തമനായ ഒരു ഗുരുവിൽ നിന്ന് മന്ത്രദീക്ഷ വാങ്ങി മാത്രമേ  ജപിക്കാവൂ.


ജ്യോതിഷരത്നം വേണു മഹാദേവ്, +91-984 747 5559

error: Content is protected !!