Wednesday, 18 Dec 2024
AstroG.in

ഇത് ജപിച്ച് ശനിപ്രീതി നേടിയാൽ എല്ലാ ആഗ്രഹങ്ങളും നടക്കും

മംഗള ഗൗരി
ശനിദോഷം അകറ്റുന്നതിന് അനേകം മാർഗ്ഗങ്ങൾ പ്രചാരത്തിലുണ്ട്. അതിൽ എറ്റവും പ്രധാനം ശൈവ, വൈഷ്ണവ ചൈതന്യം ഒന്നിച്ച താരക ബ്രഹ്മമായ ധർമ്മ ശാസ്താവിനെ ഭജിക്കുകയാണ്. ശനിദോഷം തീർക്കുന്നതിനുള്ള അധികാരികൾ ശിവഭഗവാനും ശിവപുത്രന്മാരുമാണ്. ശിവനെയോ ശിവാംശമുള്ള മൂർത്തികളായ ശാസ്താവ്, ഗണപതി, ഹനുമാൻ തുടങ്ങിയ ദേവതകളെയോ യഥാശക്തി പൂജിച്ചാൽ തീർച്ചയായും ശനിദോഷങ്ങൾ ശമിക്കും. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ശനീശ്വരന് എള്ളെണ്ണ ഒഴിച്ച് ദീപം തെളിച്ച് യഥാവിധി വഴിപാടു നടത്തി ആരാധിച്ചാലും ശനിദോഷം മാറും. ശനിയാഴ്ചതോറും വ്രതശുദ്ധിയോടെ ശനീശ്വരനോ ശിവൻ, അയ്യപ്പൻ, ഹനുമാൻ, ഗണപതി എന്നിവർക്കോ നീരാജനം പോലുള്ള വഴിപാടു നടത്തി പ്രാർത്ഥിച്ചാലും ശനി ദോഷങ്ങൾ ശമിക്കും. അയ്യപ്പക്ഷേത്ര ദർശനവും എള്ളുപായസം വഴിപാടും ഉത്തമ പരിഹാരമാണ്. താഴെ ചേർത്തിരിക്കുന്ന ശനീശ്വരന്റെ പത്തു നാമങ്ങൾ എന്നും ഭക്തിപൂർവം ജപിക്കുന്നതും ശനി പീഢകൾ അകറ്റും. ശനി അനിഷ്ട രാശിയിൽ ചാരവശാൽ വരുന്ന കാലത്താണ് ശനിദോഷം ശക്തമാകുന്നത്. നമ്മുടെ ജന്മക്കൂറിന്റെ 4, 7, 10 കൂറുകളിൽ വരുന്ന കാലം കണ്ടക ശനി, ജന്മരാശിയിലും രണ്ടിലും പന്ത്രണ്ടിലും വരുന്നത് ഏഴരശനി, എട്ടിൽ വരുന്നത് അഷ്ടമ ശനി.

ഇതുനുസരിച്ച് ഇപ്പോൾ വൃശ്ചികം, ചിങ്ങം, ഇടവം കൂറുകളിൽ പിറന്ന നക്ഷത്രക്കാർക്ക് കണ്ടകശനി
കാലമാണ്. മകരം, കുംഭം മീനം രാശിക്കാർ ഏഴരശനിയും കർക്കടകക്കൂറുകാർക്ക് അഷ്ടമശനിയും പിന്നിടുന്നു.

കുംഭം രാശിയിലാണ് ഇപ്പോൾ ശനി. 2025 മാർച്ച് 29 വരെ ശനി കുംഭം രാശിയിൽ നിൽക്കും. അത് കഴിഞ്ഞ് മീനത്തിലാകും. അപ്പോൾ ധനു, കന്നി, മിഥുനം കൂറുകളിൽ പിറന്ന നക്ഷത്രക്കാർക്ക് കണ്ടകശനി കാലമാകും. കുംഭം, മീനം, മേടം രാശിക്കാർക്ക് ഏഴരശനിയാകും. ചിങ്ങക്കൂറുകാരെ അഷ്ടമശനി ബാധിക്കും. ഇത് ഗോചരാലുള്ള ഫലമാണ്. എന്നാൽ ജാതകാൽ 19 വർഷമുളള ശനിദശയിലും മറ്റ് ദശകളിലെ ശനി അപഹാര കാലത്തും ശനി പീഢകൾ ചിലപ്പോൾ ചിലർക്ക് ഇതിലും വർദ്ധിക്കും.

പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രങ്ങളിൽ ജനിക്കുന്നവർ ആദ്യം അനുഭവിക്കുന്നത് ശനിദശയാണ്. സൂര്യപുത്രനായത് കൊണ്ടാണ് ശനിയെ സൗരി എന്ന് വിളിക്കുന്നത്. മുടന്ത് ഉള്ളതു കൊണ്ട് മന്ദനായി നീങ്ങുന്നു – അതിനാൽ മന്ദൻ എന്ന് പറയുന്നു. മരണം, രോഗം, ദുഃഖം എന്നിവയുടെ കർത്തൃത്വം ശനിക്കാണ്. മകരം, കുംഭം രാശികൾ സ്വക്ഷേത്രം. കുംഭം മൂലക്ഷേത്രം. ഉച്ചരാശി തുലാം. അതിന്റെ 20 ഡിഗ്രി വരെ പരമോച്ചം. മേടം നീച രാശി. അതിന്റെ 20 ഡിഗ്രി വരെ പരമ നീചം. ഓരോ രാശിയിലും 30 മാസം വീതമാണ് ശനി നിൽക്കുന്നത്. ശനിയാഴ്ച ശനിക്ക് ആധിപത്യമുള്ള ദിവസമാണ്. ശനീശ്വരനെ വീടുകളിൽ പൂജിച്ചു കൂടാ ക്ഷേത്രത്തിൽ തന്നെ പൂജിക്കണം എന്നും വിധിയുണ്ട്.

ശനീശ്വരന്റെ പത്തു നാമങ്ങൾ
കോണസ്ഥ: പിംഗളോ ബഭ്രു:
കൃഷ്ണ, രൗദ്രോ അന്തകോ യമ:
സൗരി, ശനൈശ്ചരോ മന്ദ: പിപ്പലാദേന
സംസ്തുത: ഏതാനി ദശ നാമാനി
പ്രാതരുത്ഥായ യ: പഠേത് ശനൈശ്ചരകൃതാ
പീഡാ ന കദാചിത് ഭവിഷ്യതി

കോണസ്ഥൻ, പിംഗളൻ, ബഭ്രു, കൃഷ്ണ, രൗദ്രൻ, അന്തകായൻ, സൗരി, ശനീശ്വരൻ, മന്ദൻ, പിപ്പലാദൻ –
ഈ പത്തുനാമങ്ങൾ നിത്യവും ഉരുവിട്ടാൽ
ശനീശ്വരന്റെ പീഢകൾ ഒഴിയും. ദശരഥൻ രചിച്ച ശനീശ്വരാഷ്ടകത്തിൽ ഉള്ളതാണ് ഈ ശ്ലോകം. ശനീശ്വരൻ ദേവതയും ത്രിഷ്ടുപ്പ് ഛന്ദ:സുമായ
ഈ മന്ത്രം ജപിച്ച് ശനിപ്രീതി നേടിയാൽ എല്ലാ ആഗ്രഹങ്ങളും അതായത് സർവാഭീഷ്ടസിദ്ധിയാണ്
ഫലം. ദിവസവും രാവിലെയാണ് ജപിക്കേണ്ടത്.

Story Summary: 10 names of Shani bhagvan, Shani Mantra benifits and impact

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!