Friday, 20 Sep 2024
AstroG.in

12 ആയില്യം വ്രതം കന്നിയിൽ തുടങ്ങാം; ഫലം
ദുരിത ശമനം, സന്താനങ്ങൾക്ക് അഭിവൃദ്ധി

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

സർപ്പാരാധനയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ കന്നിമാസ ആയില്യം 2021 ഒക്ടോബർ 2 ശനിയാഴ്ചയാണ്. ഈ ദിവസം ആയില്യം പൂജ തൊഴുതാൽ ഒരു വർഷം ആയില്യം ദിവസം നാഗദേവതകളെ തൊഴുന്നതിന് തുല്യമാണ്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന 12 ആയില്യ വ്രതം ആരംഭിക്കേണ്ട ദിവസവുമാണ് കന്നി മാസത്തിലെ ആയില്യം. തുടർച്ചയായി 12 ആയില്യം നാളില്‍ ഒരിക്കലോടെ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗങ്ങള്‍, ദുരിതങ്ങള്‍ എന്നിവയ്ക്ക് ശമനമുണ്ടാകും. സർപ്പപ്രീതിയിലൂടെ സന്താനഭാഗ്യം, സന്താനങ്ങൾക്ക് അഭിവൃദ്ധി, ഐശ്വര്യം, ദാമ്പത്യ ക്ഷേമം എന്നിവയെല്ലാം ലഭിക്കും. 12 വ്രതം തികയും മുമ്പായി സൗകര്യംപോലെ ഒരു ദിനം നാഗരാജാവിനെ പത്മത്തില്‍ പൂജിച്ച് തൃപ്തിപ്പെടുത്തന്നതും ശ്രേയസ്‌കരമാണ്.

നാഗരാജാവിന്റെ തിരുനാൾ മാത്രമല്ല നാഗങ്ങൾ ചതുർമാസ്യ വ്രതം കഴിഞ്ഞ് ഉണരുന്ന ദിവസവുമായ കന്നിമാസ ആയില്യം നാളിലെ നാഗാരാധനയ്ക്ക് വിശേഷഫലം ലഭിക്കും. ഈ ദിവസം എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും, സർപ്പബലിയും വഴിപാടുകളും ഉണ്ടാകും. വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം, അനന്തൻകാട്, പാമ്പുമ്മേയ്ക്കാട്, പാമ്പാടി പാമ്പുംക്കാവ്, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, പാതിരിക്കുന്ന്, ഉദയംപേരൂർ, ആമേടമംഗലം, തിരുവില്വാമല, ഞാങ്ങാട്ടിരി മുക്കാരത്തിക്കാവ്, നാഗർകോവിൽ എന്നിവിടങ്ങളിൽ എല്ലാം ഈ ദിവസം വിശേഷാൽ പൂജകൾ നടക്കും. നൂറും പാലും ആണ് ആയില്യപൂജയിലെ പ്രധാന വഴിപാട്. സർപ്പദോഷം മാറാൻ അന്ന് സർപ്പബലിയും നടത്താറുണ്ട്. പാൽപായസ നിവേദ്യമാണ് മറ്റൊരു വഴിപാട്. ക്ഷേത്രങ്ങളിൽ ഈ ദിനത്തിൽ പ്രത്യേക പുള്ളുവൻ പാട്ടുമുണ്ടാകും.

നാഗശാപം മൂലം കഷ്ടപ്പെടുന്നവര്‍ കന്നി, തുലാം മാസങ്ങളിൽ മാത്രമല്ല ഏതൊരു ആയില്യത്തിനും വ്രതമെടുത്ത് നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് നല്ലതാണ്. സര്‍പ്പക്കാവില്‍ അഭിഷേകത്തിന് പാലും മഞ്ഞള്‍പ്പൊടിയും നല്കുന്നതും, നിവേദിക്കുന്നതിന് പാലും, പഴവും, കരിക്കും കൊടുക്കുന്നതും നാഗശാപമകറ്റും. പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുകയും ചെയ്യണം. ഓം ശ്രീം അനന്തായനമ:, ഓം ശ്രീം വാസുകയേ നമ:, ഓം ശ്രീം തക്ഷകായ നമ:, ഓം ശ്രീം കാര്‍ക്കോടകായ നമ: ഓം ശ്രീം ഗുളികായനമ:, ഓം ശ്രീം പത്മായ നമ: ഓം ശ്രീം മഹാപത്മായ നമ:, ഓം ശ്രീം ശംഖപാലായ നമ:, എന്നീ 8 മന്ത്രങ്ങള്‍ 12 പ്രാവശ്യം വീതം ആദ്യം മുതല്‍ അവസാനം വരെ ചൊല്ലുക. ഉപവാസമോ, ഒരിക്കലൂണോ ആകാം. നാഗക്ഷേത്രങ്ങളില്‍ നൂറും പാലും വഴിപാട് നടത്തുന്നതും ഗുണകരമാണ്.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

Story Summary : Significance of Kanni Masa Aayilyam

error: Content is protected !!