Saturday, 23 Nov 2024
AstroG.in

12 ഷഷ്ഠികൾക്കും ഫലം വ്യത്യസ്തം; സന്താനലാഭം, ആഗ്രഹപ്രാപ്തി, ശത്രുനാശം

ഡോ. രാജേഷ്

സുബ്രഹ്മണ്യപ്രീതി  നേടാനുള്ള ഉത്തമമായഅനുഷ്ഠാനമാണ്  ഷഷ്ഠിവ്രതം. വെളുത്ത പക്ഷത്തിലെ ഷഷ്ഠിക്കാണ് വ്രതമെടുക്കേണ്ടത്. എല്ലാ വ്രതങ്ങള്‍ക്കും അത് അനുഷ്ഠിക്കുന്ന ദിവസത്തിനാണ് പ്രാധാന്യം. എന്നാല്‍ ഷഷ്ഠിവ്രതത്തിന്  തലേദിവസമായ പഞ്ചമിക്കും പ്രാധാന്യമുണ്ട്. അന്ന് പൂർണ്ണ ഉപവാസത്തോടെ അല്ലെങ്കിൽ ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് സാധാരണ വ്രതനിഷ്ഠകളെല്ലാം പാലിച്ച്  വ്രതമെടുക്കണം. ഷഷ്ഠിനാളില്‍ കുളിച്ച് ശുദ്ധിയായി സുബ്രഹ്മണ്യ  മന്ത്രങ്ങൾ ജപിച്ച്  ശ്രീമുരുക ക്ഷേത്രദര്‍ശനം നടത്തണം. അവിടെ നിന്നും ലഭിക്കുന്ന നിവേദ്യം കഴിച്ച് വ്രതം മുറിക്കണം.

ഷഷ്ഠിവ്രതം അനുഷ്ഠിച്ചാല്‍ സുബ്രഹ്മണ്യന്റെമാത്രമല്ല  ശിവപാര്‍വ്വതിമാരുടെ അനുഗ്രഹവുംലഭിക്കും. ഈ വ്രതത്തിന്റെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്ന നിരവധി ഐതിഹ്യങ്ങളുണ്ട് . അതില്‍  പ്രധാനം തുലാമാസത്തിൽ  പാര്‍വതി ദേവി അനുഷ്ഠിച്ച ഷഷ്ഠി വ്രതമാണ്.  ഒരു വർഷത്തെ 12 ഷഷ്ഠികളും ഓരോ തരത്തിൽ പ്രധാനമാണ്; ഫലവും വ്യത്യസ്തമാണ്.

സ്കന്ദഷഷ്ഠി

ശിവതേജസില്‍ നിന്നും അവതാരമെടുത്ത സുബ്രഹ്മണ്യന്റെ  പ്രധാനദൗത്യം ദേവന്മാരുടെ പൊറുതി മുട്ടിച്ച ശൂരപദ്മാസുര നിഗ്രഹമായിരുന്നു.ഒടുവിൽ ആ ഘോരയുദ്ധം സംഭവിച്ചു. യുദ്ധം മുറുകുന്നതിനിടയിൽ അസുരൻ  മായാശക്തിയാൽ മുരുകനെയും തന്നെയും അദൃശ്യമാക്കി. മകനെ കാണാഞ്ഞ് ദു:ഖിതയായ പാര്‍വതിയും ദേവന്മാരും അന്നപാനാദികൾ ഉപേക്ഷിച്ച് ഷഷ്ഠിവ്രതം അനുഷ്ഠിച്ചു.  തുടർന്ന്  തുലാമാസത്തിലെ സ്കന്ദഷഷ്ഠി നാളില്‍ ഭഗവാന്‍ ശൂരപദ്മനെ നിഗ്രഹിച്ചു. ശൂരസംഹാരം നടന്ന ദിവസമായത് കൊണ്ടാണ് തുലാത്തിലെ ഷഷ്ഠിക്ക് വലിയ പ്രാധാന്യം വന്നത്. ശത്രുനാശവും സന്താനലാഭവുമാണ് തുലാമാസത്തിൽ സ്കന്ദഷഷ്ഠി  അനുഷ്ഠിച്ചാലുള്ള ഫലം.

സുബ്രഹ്മണ്യ ഷഷ്ഠി

പ്രണവത്തിന്റെ അര്‍ത്ഥമറിയാത്ത ബ്രഹ്മാവിനെസുബ്രഹ്മണ്യന്‍  കാരാഗൃഹത്തിലടച്ചു. പിന്നെ ശ്രീപരമേശ്വരന്റെ ഉപദേശപ്രകാരം കുമാരന്‍ ബ്രഹ്മാവിനെ മോചിപ്പിച്ചു. ബ്രഹ്മാവിനെ കാരാഗൃഹത്തിലടച്ചത് ബ്രഹ്മഹത്യാപാപത്തിന് കാരണമായി. ആ  തെറ്റിന്റെ പ്രായശ്ചിത്തമായി സ്‌കന്ദന്‍ സര്‍പ്പരൂപിയായി സഞ്ചരിക്കുവാന്‍ തുടങ്ങി. പുത്രന്റെ ദോഷങ്ങള്‍ ശമിക്കാന്‍ പാര്‍വതീദേവി മഹാദേവന്റെ ഉപദേശപ്രകാരം ഒന്‍പതുവര്‍ഷം കൊണ്ട് 108 ഷഷ്ഠിവ്രതം അനുഷ്ഠിച്ചു. അതിന്റെ ഫലമായി സര്‍പ്പരൂപിയായ സുബ്രഹ്മണ്യന്‍ വിഷ്ണുഭഗവാന്റെ സ്പര്‍ശനത്താല്‍  പൂര്‍വ്വാവസ്ഥ പ്രാപിച്ചു. വൃശ്ചികത്തിലെ ഷഷ്ഠിനാളില്‍ കര്‍ണാടകയിലെ സുബ്രഹ്മണ്യത്ത് വച്ചാണ് ഇപ്രകാരം സംഭവിച്ചതെന്നാണ് ഐതിഹ്യം. അതിനാൽ സര്‍പ്പശാപം, കുഷ്ഠം തുടങ്ങിയ മഹാരോഗങ്ങള്‍, സന്തതിദുഃഖം മുതലായവയില്‍ നിന്ന് മോചനം ലഭിക്കുവാന്‍ ഭക്തര്‍ വൃശ്ചിക മാസത്തിൽഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നു. പാപമോചനമാണ് വൃശ്ചികത്തിലെ ഷഷ്ഠിവ്രതാനുഷ്ഠാനം കൊണ്ടുള്ള മറ്റൊരു ഫലം.

ചമ്പാഷഷ്ഠി
സ്‌കന്ദന്‍ താരകാസുരനെ വധിച്ചത് കണ്ട് ബ്രഹ്മാവ് സ്തുതിച്ചത് മാര്‍ഗ്ഗശീര്‍ഷ (വൃശ്ചികം – ധനു) മാസത്തിലെ ഷഷ്ഠിനാളില്‍ ആയിരുന്നു. അന്ന് സ്‌കന്ദനെ പൂജിച്ചാല്‍ കീര്‍ത്തിമാനാകുമെന്നാണ് വിശ്വാസം. ഷഷ്ഠി തിഥി ഞായറാഴ്ചയോടോ, ചതയം നക്ഷത്രത്തോടോ ചേര്‍ന്നുവന്നാല്‍ അതിനെ ചമ്പാഷഷ്ഠി എന്ന് പറയുന്നു. അന്ന് ശിവനെക്കൂടി പൂജിച്ചാല്‍ ആഗ്രഹസാഫല്യം സിദ്ധിക്കും. ആ ദിവസം പുണ്യതീര്‍ത്ഥങ്ങളില്‍ സ്‌നാനം നടത്തുന്നതും ദാനം ചെയ്യുന്നതും ആഗ്രഹസഫല്യമേകും.

മകര ഷഷ്ഠി
പൗഷത്തിലെ (ധനു – മകരം) ഷഷ്ഠിതിഥിയില്‍ സൂര്യന്‍ വിഷ്ണുരൂപത്തെ പ്രാപിച്ചു. അന്ന് ദിവസം സൂര്യനാരായണനെയും സ്‌കന്ദനെയും പൂജിച്ചാല്‍ ജ്ഞാനപ്രാപ്തിയുമുണ്ടാകും.

വരുണഷഷ്ഠി
മാഘത്തിലെ (മകരം – കുംഭം) ശുക്‌ളപക്ഷ ഷഷ്ഠി വരുണഷഷ്ഠിയെന്ന് അറിയപ്പെടുന്നു. അന്ന് ദിവസം വരുണനെയും സ്‌കന്ദനെയും പൂജിച്ചാല്‍ ധനസമൃദ്ധി ഉണ്ടാകും.

കപിലഷഷ്ഠി
ഫല്‍ഗുണത്തിലെ (കുംഭം – മീനം) ശുക്‌ളപക്ഷ ഷഷ്ഠിയില്‍ ശിവനെയും സ്‌കന്ദനെയും പൂജിച്ചാല്‍ കൈലാസവാസമാണ് ഫലം.രോഹിണി നക്ഷത്രത്തിലോ ചൊവ്വാഴ്ചയോ ഷഷ്ഠി വന്നാല്‍ അതിന് കപിലഷഷ്ഠി എന്നും പറയും.

മേടഷഷ്ഠി
ചൈത്രത്തിലെ (മീനം – മേടം) ഷഷ്ഠിനാളില്‍ വ്രതമനുഷ്ഠിച്ചു സ്‌കന്ദനെ പൂജിച്ചാല്‍ സല്‍പുത്രലാഭവും രോഗശാന്തിയും സിദ്ധിക്കും. ഈവ്രതം അനുഷ്ഠിച്ചാല്‍ സ്‌കന്ദനെ പോലെ തേജസ്വിയും ദീര്‍ഘായുഷ്മാനുമായ പുത്രനെസിദ്ധിക്കും. സുബ്രഹ്മണ്യന്‍ താരകാസുരനെ വധിച്ചതോടെ അവന്റെ രക്തം പ്രവഹിച്ച് നിരവധി മുനിമാര്‍  മരിച്ചു. ഇത് കണ്ടു സ്‌കന്ദന്‍ അമൃത് കൊണ്ട് അവരെ പുനര്‍ജനിപ്പിക്കുകയും താരകാസുരന്റെ ശരീരത്തില്‍ നിന്നും ഉത്ഭവിച്ച രക്തത്തെ ഒരു പര്‍വ്വതമാക്കി മാറ്റുകയും ചെയ്തു. ആ പര്‍വ്വതത്തിന് സ്‌കന്ദപര്‍വ്വതം എന്ന് പേര് വരികയും സ്‌കന്ദന്‍ ആ പര്‍വ്വതത്തില്‍ സ്ഥിരവാസം ആകുകയും ചെയ്തു. ഇപ്രകാരം ചെയ്തത് ചൈത്രമാസത്തിലെ ഷഷ്ഠി തിഥിക്കായിരുന്നു. അന്ന്  തന്നെ പൂജിക്കുന്നവര്‍ക്കു രോഗശാന്തി സിദ്ധിക്കുമെന്നും സുബ്രഹ്മണ്യന്‍ അരുളിച്ചെയ്തു.

* ഇടവത്തിലെ ഷഷ്ഠിയില്‍ വ്രതമെടുത്ത് സ്‌കന്ദനെ പൂജിച്ചാല്‍ മാതൃസൗഖ്യം ഫലം.
*  മിഥുനത്തിലെ ഷഷ്ഠിയില്‍ വ്രതമെടുത്ത് സ്‌കന്ദനെയും സൂര്യനെയും പൂജിച്ചാല്‍ പുണ്യലോക പ്രാപ്തി ഫലം.

കുമാരഷഷ്ഠി
കര്‍ക്കടകത്തിലെ ഷഷ്ഠിനാളില്‍ വ്രതം അനുഷ്ഠിച്ച് യഥാവിധി സ്‌കന്ദനെ പൂജിച്ചാല്‍ ശിവപാര്‍വ്വതിമാരുടെ അനുഗ്രഹം സിദ്ധിക്കും, സന്തതികള്‍ക്ക് അഭിവൃദ്ധി.ഈ ഷഷ്ഠിയെ കുമാര ഷഷ്ഠിയെന്ന് അറിയപ്പെടുന്നു.

ചന്ദനഷഷ്ഠി
ചിങ്ങത്തിലെ ഷഷ്ഠി നാളില്‍ വ്രതം അനുഷ്ഠിച്ച് സ്‌കന്ദനെയും ലളിതാദേവിയെയും പൂജിച്ചാല്‍ ഫലം ആഗ്രഹസാഫല്യം –  ഈ ഷഷ്ഠി ചന്ദനഷഷ്ഠി എന്നറിയപ്പെടുന്നു. സൂര്യ ഷഷ്ഠിയെന്നും ചില പുസ്തകങ്ങളിൽ കാണപ്പെടുന്നു.

കപിലഷഷ്ഠി
കന്നിയിലെ ഷഷ്ഠി പൊതുവേ വരുന്നത് നവരാത്രികാലത്താണ്. അപ്പോൾ  സ്‌കന്ദനെയും കാത്യായനീ ദേവിയെയും പൂജിച്ചാല്‍ ഫലം ഭര്‍ത്തൃലാഭം, സന്താന ലാഭം. ഈ ഷഷ്ഠിയെ  കപിലഷഷ്ഠി എന്നും അറിയപ്പെടുന്നു.

ദ്വാദശനാമ മന്ത്രം

ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ സുബ്രഹ്മണ്യന്റെ  ദ്വാദശനാമ മന്ത്രം ജപിക്കുന്നത് ഉത്തമമാണ് :
1 ഓം സേനാന്യൈ നമഃ
2 ഓം ക്രൗഞ്ചരയേ നമഃ
3 ഓം ഷണ്‍മുഖായ നമഃ
4 ഓം ഗുഹായ നമഃ
5 ഓം ഗാംഗേയായ നമഃ
6 ഓം കാര്‍ത്തികേയായ നമഃ
7 ഓം സ്വാമിനെ നമഃ
8 ഓം ബാലരൂപായ നമഃ
9 ഓം ഗ്രഹാഗ്ര ൈണ്യ നമഃ
10 ഓം ചാടപ്രിയയായ നമഃ
11 ഓം ശക്തിധത്യാരായ നമഃ
12 ഓം ദൈത്യാരയേ  നമഃ

അടുത്ത ഷഷ്ഠികൾ

മേടം – ഏപ്രിൽ 29, ബുധൻ
ഇടവം – മേയ് 28, വ്യാഴം മിഥുനം – ജൂൺ 26, വെള്ളി കർക്കടകം – ജൂലൈ 26 ഞായർ ചിങ്ങം – ആഗസ്റ്റ് 23 ഞായർ

– ഡോ. രാജേഷ്, +91 9895502025(ജ്യോതിഷ നിലയം, ചന്തവിള, സൈനിക്  ‌സ്‌കൂള്‍.പി ഒ
കഴക്കൂട്ടം,   തിരുവനന്തപുരം – 695585) 

error: Content is protected !!