13 എന്ന സംഖ്യ ആർക്കാണ് അശുഭകരം ?
ഡോ.ആർ ശ്രീദേവൻ രാമകൃഷ്ണൻ
വീണ്ടും 13 എന്ന സംഖ്യയുടെ ശുഭാശുഭങ്ങൾ ചർച്ചയാകുന്നു. പുതിയതായി സ്ഥാനമേറ്റ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങൾ ആരും തന്നെ 13-ാം നമ്പർ സ്റ്റേറ്റ് കാർ സ്വീകരിച്ചില്ല എന്ന വാർത്തയാണ് ഈ സംഖ്യയെക്കുറിച്ചുള്ള വിശ്വാസങ്ങൾ വീണ്ടും ചർച്ചയാക്കുന്നത്.
പൊതുവെ എല്ലാവരും ഭയക്കുന്ന സംഖ്യയാണ് 13. പ്രത്യേകിച്ച് പാശ്ചാത്യരും പാശ്ചാത്യ സ്വാധീനം ഉള്ളവരും. തിരുഅത്താഴത്തിൽ പതിമൂന്നാമനായി എത്തിയ ജൂദാസ് യേശുക്രിസ്തുവിനെ ഒറ്റുകൊടുത്തതോടെയാണ് ഈ സംഖ്യയെ പാശ്ചാത്യർ അശുഭകരമായി കണ്ടു തുടങ്ങിയത്. തിരുഅത്താഴത്തിൽ ആദ്യം 12 ശിഷ്യർ മാത്രമാണ് ഉണ്ടായിരുന്നത്. പതിമൂന്നാമനായി അവസാനത്തെ അത്താഴത്തിന് എത്തിയ ജൂദാസാണ് ക്രിസ്തുവിനെ ഒറ്റുകൊടുത്തത്. അതോടെ 13 അവർക്ക് ദുശകുനമായി മാറി. പിന്നീട് 13-ാം തീയതികളിൽ ലോകത്തെ നടുക്കിയ ഓരോരോ അഹിതങ്ങൾ സംഭവിക്കുക കൂടി ചെയ്തതോടെ 13 നെ ചുറ്റിപ്പറ്റി ധാരാളം ദുരൂഹതകൾ വളർന്നു; അതോടെ 13 നിർഭാഗ്യ സംഖ്യയായി മാറി. പതിമൂന്നാം നമ്പർ മുറിയിൽ ആളുകൾ താമസിക്കാതെയായി; വിമാന യാത്രയ്ക്ക് പതിമൂന്നാം നമ്പർ ടിക്കറ്റ് എടുക്കാതെയായി. ചിലർ ഫ്ളാറ്റുകളിൽ 13 എന്ന നമ്പർ ഒഴിച്ചിടുന്നു. 13-ാം നമ്പർ വാഹനങ്ങൾ ദൗർഭാഗ്യം ഭയന്ന് പലരും ഒഴിവാക്കുന്നു. അങ്ങനെ പതിമൂന്നുമായി ബന്ധപ്പെട്ട വസ്തുക്കൾ എല്ലാം പൊതുവേ നിർഭാഗ്യകരം എന്ന ചിന്ത പ്രബലമായി.
എന്നാൽ ഹിന്ദുക്കൾക്ക് 13 നല്ല സംഖ്യയാണ്. പതിമൂന്നാം തിഥിയായ ത്രയോദശി ഭഗവാൻ ശ്രീ മഹാദേവന്റെ പുണ്യദിനമാണ്. മാഘമാസത്തിലെ 13-ാം രാത്രിയാണ് മഹാശിവരാത്രി. തായ്‌ലാൻഡിൽ ഏപ്രിൽ 13നാണ് പുതുവർഷം ആരംഭിക്കുന്നത്. പണ്ടത്തെ ഗ്രീസിൽ ഏറ്റവും ശക്തനായ ദൈവം സീയൂസ് പതിമൂന്നാമത്തെ ദൈവമായിരുന്നു. മഹാഭാരതത്തിലെ നിസ്വാർത്ഥനായ ഭീമന്റെ ജന്മദിനം 13-ാം തീയതിയാണ്. അതുപോലെ പ്രശ്‌നത്തിൽ 13 വന്നാൽ മേടം രാശിയാണ്. ഇങ്ങനെ നോക്കുമ്പോൾ 13 എന്ന സംഖ്യയ്ക്കുള്ള പ്രാധാന്യം രണ്ടു സംഖ്യകളെ തമ്മിൽ ബന്ധിച്ചിക്കുന്ന ഒരു സംഖ്യ എന്നു മാത്രമെന്ന് കരുതാം.
സംഖ്യാശാസ്ത്രത്തിൽ 13 എന്നാൽ 1+3 = 4 ആണ്. 4 എന്നാൽ മനസ്, കുടുംബം, മാതാവ്, ധനനിക്ഷേപം, രാഹു എന്നിവയുമായി ബന്ധപ്പെടുന്നു. 4 ദുരിതങ്ങൾ സമ്മാനിക്കുന്ന രാഹു ഗ്രഹത്തിന്റെ സംഖ്യ ആയതിനാൽ അശുഭമായും ചിലർ കരുതുന്നു.
ഡോ.ആർ ശ്രീദേവൻ രാമകൃഷ്ണൻ
(കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ അസ്ട്രോളജിക്കൽ റിസർച്ച് ആൻഡ് ഡവലപ്പ്മെന്റിലെ ഡോ.ആർ ശ്രീദേവൻ രാമകൃഷ്ണനുമായി ഇപ്പോൾ വീഡിയോ കൺസൾട്ടേഷൻ നടത്താൻ സൗകര്യമുണ്ട്. www.astrog.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. മൊബൈൽ: 94460 06470 )
Story Summary: Why are we afraid of the number 13?