Friday, 22 Nov 2024
AstroG.in

16 ദിവസം, അയ്യന് 461 പുഷ്പാഭിഷേകം;
ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് ഉത്തമം

അയ്യപ്പ ദർശനത്തിന് ശബരിമല ശ്രീ അയ്യപ്പന്റെ തിരുസന്നിധിയില്‍ എത്തുന്ന ഭക്തര്‍ക്ക് ഏറെ പ്രിയപ്പെട്ട വഴിപാടാണ് പുഷ്പാഭിഷേകം. ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് സ്വാമി അയ്യപ്പന് സമർപ്പിക്കുന്ന നിത്യവും സമർപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണിത്.

തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ എല്ലാ ദിവസവും വൈകിട്ട് ഏഴ് മുതല്‍ ഒന്‍പത് മണി വരെയാണ് പുഷ്പാഭിഷേകം നടത്തുന്നത്. പുഷ്പാഭിഷേകം വഴിപാടു നടത്തുന്ന ഒരു സംഘത്തിലെ അഞ്ച് പേര്‍ക്ക് പ്രത്യേക ദര്‍ശനം ലഭിക്കും. ഇവർക്ക് വിശേഷ പൂജകളും നടത്തും. 12,500 രൂപയാണ് ഒരു പുഷ്പാഭിഷേകത്തിന് ചിലവ്.

എട്ടുതരം പൂക്കളാണ് പുഷ്പാഭിഷേകത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. താമര, തെറ്റി, തുളസി, കൂവളം, അരളി, ജമന്തി, മുല്ല, റോസ് ഇവയെല്ലാം കേരളത്തിന്റെ അതിര്‍ത്തി കടന്നാണ് സന്നിധാനത്ത് എത്തുന്നത്. കമ്പം, ദിണ്ടിഗല്‍, ഹോസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ തോട്ടങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിച്ച് പമ്പയില്‍ എത്തിക്കും. അവിടെ നിന്നും ട്രാക്ടറില്‍ അയ്യപ്പന്റെ തിരുസന്നിധിയിലേക്ക് കൊണ്ടു വരും.

ദിവസം തോറും ശരാശരി 12 പുഷ്പാഭിഷേകമാണ് സന്നിധാനത്ത് നടത്തുന്നത്. ഈ വർഷം നവംബര്‍ 17 മുതല്‍ ഡിസംബര്‍ മൂന്ന് വരെ 461 പുഷ്പാഭിഷേകം വഴിപാടായി ഭക്തർ നടത്തി.

പുഷ്പാഭിഷേകത്തിന് പുറമേ അഷ്ടാഭിഷേകം, കളഭാഭിഷേകം, നെയ്യഭിഷേകം, മാളികപ്പുറത്ത് ഭഗവതിസേവ എന്നിവയും ശബരിമലയിലെ പ്രധാന വഴിപാടുകളാണ്. അഷ്ടാഭിഷേകം രാവിലെ 5:30 മുതല്‍ 11:30 വരെയും, കളഭാഭിഷേകം 12:30 നും, നെയ് അഭിഷേകം പുലര്‍ച്ചെ 3.30 മുതല്‍ 7 വരെയുമാണ് നടത്തുന്നത്.

Story Summary: Significance and Benefits of Pushpabhishekam at Shabarimala

error: Content is protected !!