Sunday, 6 Oct 2024
AstroG.in

18 വ്യാഴാഴ്ച പരിശ്രമിച്ചാൽ ഐശ്വര്യവും സമ്പത്തും ലഭിക്കും

അളവറ്റ ഐശ്വര്യവും സമ്പത്തും സമ്മാനിക്കുന്ന അനുഷ്ഠാനമാണ് വ്യാഴാഴ്ച വ്രതം. വിഷ്ണുഭഗവാനെ തൃപ്തിപ്പെടുത്തുന്നതിനുള്ള ഈ വ്രതം എല്ലാവിധ പാപങ്ങളും ദഹിപ്പിച്ച് കളയും. ദരിദ്രരെ ധനികരാക്കും. ഐശ്വര്യം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, ധനലബ്ധി, മന:ശാന്തി എന്നിവയ്‌ക്കെല്ലാം വ്യാഴാഴ്ച വ്രതം ഫലപ്രദമാണ്. 18 വ്യാഴാഴ്ചയാണ് വ്രതമെടുക്കേണ്ടത്. ബുധനാഴ്ച തുടങ്ങുന്ന വ്രതം വെള്ളിയാഴ്ച രാവിലെ പൂര്‍ത്തിയാക്കണം. മത്സ്യ മാംസാദികള്‍ ത്യജിച്ച് വ്യാഴാഴ്ച ഒരിക്കലൂണ് ആകാം. മഞ്ഞവസ്ത്രം ധരിച്ച് പൂജാ മുറിയില്‍ നെയ് വിളക്ക് കൊളുത്തി വച്ച് ദ്വദശാക്ഷര മന്ത്രം കുറഞ്ഞത് 108 തവണ ജപിക്കണം. പറ്റുമെങ്കില്‍ 336, 1008 തവണ ജപിക്കുക. വിഷ്ണു അഷ്ടോത്തര മഹാമമന്ത്രം, വിഷ്ണു സഹസ്രനാമം എന്നിവ ജപിക്കുന്നത്  കൂടുതല്‍ ഫലസിദ്ധിക്ക് ഉത്തമമാണ്. പ്രാര്‍ത്ഥനാ വേളയില്‍ വിഷ്ണു ഭഗവാന് തുളസിയില സമര്‍പ്പിക്കണം. ക്ഷേത്ര ദര്‍ശനം, അരയാല്‍ പ്രദക്ഷിണം എന്നിവയാണ് മറ്റ് ആചരണങ്ങള്‍. ഭാഗവതം, ഭഗവത്  ഗീത എന്നിവ പാരായണം  ചെയ്യുന്നതും ഉത്തമമാണ്. വ്രതധാരണത്തില്‍ ഏറ്റവും പ്രധാനം മന:ശുദ്ധി തന്നെയാണ്. മനസ്സിനെയും വിചാര വികാരങ്ങളെയും അടക്കി ഈശ്വര ചൈതന്യത്തോട് പ്രാര്‍ത്ഥനകളിലൂടെ കുറച്ചുനേരമെങ്കിലും ചേര്‍ന്നു നില്ക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന അനുകൂല ഊര്‍ജ്ജം തന്നെയാണ് പുണ്യം. ഉപവസിച്ച് പട്ടിണികിടന്നത് കൊണ്ട് മാത്രം യാതൊരു കാര്യവുമില്ല. നല്ല ചിന്തയും, കഴിയുന്നത്ര  പ്രാര്‍ത്ഥനയും, വ്രതദിനങ്ങളില്‍ കര്‍ശനമായി പാലിക്കണം. ബ്രഹ്മചര്യം പാലിക്കുകയും വേണം. ബ്രഹ്മചര്യം എന്നതുകൊണ്ട് ശാരീരിക ബന്ധം ഒഴിവാക്കുക മാത്രമല്ല അര്‍ത്ഥമാക്കുന്നത്.

ലൈംഗികപരമായ വിഷയങ്ങള്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒഴിവാക്കണം. ജപവും, പ്രാര്‍ത്ഥനയും വെറുതെ ചെയ്തിട്ട് യാതൊരു കാര്യവുമില്ല. ശ്രദ്ധയില്ലാതെ ചെയ്യുന്ന 1000 മന്ത്രജപത്തേക്കാളും ശ്രദ്ധയോടെ ചെയ്യുന്ന 8 ഉരു മന്ത്രജപത്തിന് അസാമാന്യ ശക്തിയുണ്ട്. മന്ത്രങ്ങള്‍ ഗുരുമുഖത്ത് നിന്നും സ്വീകരിക്കുന്നതും; സ്തോത്രങ്ങളും സ്തുതികളും തെറ്റുകൂടാതെ ചൊല്ലുന്നതും വ്രതത്തിനൊപ്പം ചെയ്യാവുന്നതാണ്. സ്തോത്രങ്ങള്‍ക്ക് മന്ത്രോപദേശം നിര്‍ബന്ധമില്ല.

– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

error: Content is protected !!